മോസ്‌കോയിലേക്ക്‌ അഞ്ച് മലയാളികള്‍

Posted on: July 21, 2013 7:20 am | Last updated: July 21, 2013 at 7:20 am

irfanന്യൂഡല്‍ഹി: മോസ്‌കോ ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ 4-400 മീറ്റര്‍ റിലേ ടീമില്‍ അശ്വിനി അക്കുഞ്ചിക്കൊപ്പം മലയാളി അത്‌ലറ്റ് അനില്‍ഡ തോമസും ഇടം പിടിച്ചു. പട്യാലയില്‍ നടന്ന ട്രയല്‍സില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് കോതമംഗലം എം.എ. കോളേജിലെ അനില്‍ഡ തോമസ് ടീമില്‍ കയറിയത്. ട്രയല്‍സില്‍ പുണെ ഏഷ്യന്‍ മീറ്റിലെ സ്വര്‍ണമെഡല്‍ ജേത്രി നിര്‍മല ഒന്നാമതെത്തി. അനില്‍ഡകൂടി ഉള്‍പ്പെട്ടതോടെ റിലേ ടീമില്‍ മൂന്ന് മലയാളികളായി. അനുവും ടിന്റുവുമാണ് മറ്റ് താരങ്ങള്‍. ലോകചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ മലയാളികളുടെ എണ്ണം അഞ്ചായി. ട്രിപ്പിള്‍ ജമ്പില്‍ മത്സരിക്കുന്ന രഞ്ജിത് മഹേശ്വരിയും 20 കിലോമീറ്റര്‍ നടത്തത്തില്‍ മത്സരിക്കുന്ന കെ.ടി. ഇര്‍ഫാനും നേരത്തെതന്നെ യോഗ്യത നേടിയിരുന്നു.
ഉത്തേജക മരുന്നുപയോഗത്തിന് വിലക്ക് നേരിട്ട അശ്വിനിയെ ടീമിലുള്‍പ്പെടുത്താന്‍ ഫെഡറേഷന്‍ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ട്രയല്‍സിലൂടെ അശ്വിനിക്ക് ടീമിലിടം കിട്ടിയത്.
പുനെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ടീമിലെ നാലുപേരും റിലേ ടീമില്‍ നേരത്തെതന്നെ സ്ഥാനം ഉറപ്പിച്ചിരുന്നു. എം ആര്‍ പൂവമ്മ, അനു മറിയം ജോസ്, ടിന്റു ലൂക്ക, നിര്‍മല എന്നിവരാണ് പുനെയില്‍ ഇന്ത്യക്ക് ലോക അത്‌ലറ്റിക്‌സിന് യോഗ്യത നേടിക്കൊടുത്ത സുവര്‍ണ നിര.
റിലേ ടീമിലെ അഞ്ചും ആറും സ്ഥാനക്കാരെ കണ്ടെത്തുന്നതിനായാണ് ട്രയല്‍സ് നടത്തിയത്. ട്രയല്‍സില്‍ നിര്‍മലയും മത്സരിച്ചിരുന്നു. 54.60 സെക്കന്‍ഡില്‍ നിര്‍മല ഒന്നാമതെത്തിയപ്പോള്‍, അശ്വിനിയും അനില്‍ഡയും 54.70 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. സരിത (55.80), പ്രിയങ്ക മണ്ഡല്‍ (56.20) എന്നിവരായിരുന്നു ട്രയല്‍സില്‍ പങ്കെടുത്ത മറ്റു രണ്ട് താരങ്ങള്‍. അവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനത്തെത്തി.
ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും റിലേ സ്വര്‍ണം നേടിയ ടീമിലംഗമായിരുന്നു അശ്വിനി. ഉത്തേജകമരുന്നുപയോഗത്തിന് ഇന്ത്യയുടെ 400 മീറ്റര്‍ താരങ്ങളൊന്നടങ്കം പിടിയിലായതോടെ രണ്ടുവര്‍ഷത്തെ വിലക്ക് നേരിട്ടു. ജൂലായ് മൂന്നിനാണ് അശ്വിനിയുടെ വിലക്ക് നീങ്ങിയത്.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അനില്‍ഡ അംഗമായിരുന്നു. ടീമിലെ നാലാമത്തെ ഓട്ടക്കാരിയായി നിശ്ചയിച്ചിരുന്നതും അനില്‍ഡയെയായിരുന്നു.
എന്നാല്‍, അവസാന നിമിഷം അശ്വിനിക്കായി ഫെഡറേഷന്‍ നടത്തിയ ചരടുവലികളില്‍പ്പെട്ട് സ്ഥാനം നഷ്ടപ്പെട്ടു. അശ്വിനിക്ക് പകരം അവസാന നിമിഷം ടിന്റുവിനെ ഉള്‍പ്പെടുത്തിയപ്പോള്‍, അനില്‍ഡ പുറത്തായി.