Connect with us

International

താന്‍ വര്‍ണവിവേചനത്തിന്റെ ഇരയായിട്ടുണ്ടെന്ന് ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: ചരിത്രത്തിലാദ്യമായി കറുത്ത വര്‍ഗക്കരന്‍ എന്ന നിലയിലുള്ള തന്റെ സ്വത്വം തുറന്ന് പറഞ്ഞ് ബരാക് ഒബാമ. വെടിയേറ്റ് കൊല്ലപ്പെട്ട ട്രിവോണ്‍ മാര്‍ട്ടിന്റെ അവസ്ഥ 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വൈറ്റ് ഹൗസില്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. 2012ലാണ് നിരായുധനായ കറുത്ത വര്‍ഗക്കാരന്‍ ട്രിവോണ്‍ മാര്‍ട്ടിന്‍ തെരുവില്‍ വെടിയേറ്റ് മരിച്ചത്. ഈ കേസിലെ പ്രതിയായ സിമ്മര്‍മാനെ കോടതി വെറുതെ വിടുകയായിരുന്നു.
ഈ കോടതി വിധിയോടുള്ള പ്രതികരണമായാണ് ഒബാമ അപൂര്‍വമായ പരാമര്‍ശം നടത്തിയത്. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരില്‍ മിക്കവരും വര്‍ണവിവേചനത്തിന് വിധേയമായവരാണ്. പുറത്തിറങ്ങുമ്പോള്‍ തനിക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്തെ ക്രിമിനല്‍ നിയമവും ആഫ്രിക്കക്കാരെ പിന്തുണക്കുന്നില്ലെന്ന വികാരമാണ് ഉയര്‍ന്നിരിക്കുന്നത്. സിമ്മര്‍മാന്റെ സ്ഥാനത്ത് ഒരു കറുത്ത വര്‍ഗക്കാരനായിരുന്നുവെങ്കില്‍ വിധി മറ്റൊന്നാകുമെന്ന വികാരമാണ് നിലനില്‍ക്കുന്നത്. ചരിത്രത്തിലെ ക്രൂരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ആഫ്രിക്കന്‍- അമേരിക്കന്‍ സമൂഹത്തിന് ഇക്കാര്യങ്ങള്‍ വിലയിരുത്താനാകൂ- ഒബാമ പറഞ്ഞു. കോടതി വിധിയില്‍ സമാധാനപരമായി പ്രതികരിച്ച ട്രിവിയോണ്‍ മാര്‍ട്ടിന്റെ കുടുംബത്തെ അദ്ദേഹം പ്രശംസിച്ചു.
കേസിലെ പ്രതിയായ ജോര്‍ജ് സിമ്മര്‍മാനെ ഫ്‌ളോറിഡയിലെ കോടതി കഴിഞ്ഞാഴ്ചയാണ് വെറുതെ വിട്ടത്. കോടതി വിധിക്കെതിരെ വിവിധ നഗരങ്ങളില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. പ്രസിഡന്റ് ഒബാമ അപ്പോഴെല്ലാം പറഞ്ഞത് ശാന്തമാകണമെന്ന് മാത്രമായിരുന്നു. ഇപ്പോള്‍ വൈകാരികമായി പ്രതികരിച്ചെങ്കിലും വിധി മറികടക്കാനുള്ള നിയമപരമായ നടപടിക്രമങ്ങളിലേക്ക് നീങ്ങുന്നതിനെക്കുറിച്ച് ഒരു സൂചനയും അദ്ദേഹം നല്‍കിയില്ല.

Latest