മോഹന്‍ ബഗാന്റെ മോഹനമാകാന്‍ ഒമാന്റെ ഓമന വാഹിദ് സാലി

Posted on: July 21, 2013 1:56 am | Last updated: July 21, 2013 at 1:56 am

vahid saliമസ്‌കത്ത്: ഇന്ത്യന്‍ ഫുട്‌ബോളിന്റെ മോഹന താരമാകാന്‍ പരിശീലിക്കുകയാണ് കോഴിക്കോട്ടുകാരന്‍ വാഹിദ് മുഹമ്മദ് സാലി. ഇന്ത്യയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബായ മോഹന്‍ ബഗാന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട വാഹിദ് മലയാളികള്‍ക്കൊപ്പം ഒമാനികളുടെയും പ്രിയ താരമാവുകയാണ്. ഒമാന്‍ സ്വദേശിയായ അബ്ദുല്ല ബദ്‌റുവിന്റെ മൂത്ത മകനാണ് വാഹിദ്. വാഹിദിന്റെ മലയാളിയായ ഉമ്മ സുബൈദയും അഞ്ചു സഹോദരങ്ങളുമടങ്ങുന്ന കുടുംബം പിതാവിനൊപ്പം ഇപ്പോള്‍ ജഅലാന്‍ ബു ഹസനില്‍ താമസിക്കുന്നു. ഒമാനി സ്വദേശികളില്‍നിന്നു കൂട്ടം തെറ്റി വാഹിദ് മലയാളിയായി നാട്ടിലും. മോഹന്‍ ബഗാന്‍ ക്ലബിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒമാനിലെത്തി ഉപ്പയുടെയും ഉമ്മയുടെയും അനുഗ്രഹം വാങ്ങിയാണ് കാല്‍പന്തു ജീവിതമാക്കിയ താരം കൊല്‍ക്കത്തയില്‍ പരിശീലനത്തിനായി തിരിച്ചത്.
ഇതിനകം വിവിധ ക്ലബുകളില്‍ കളിച്ചിട്ടുള്ള വാഹിദ് ഒടുവിലാണ് പ്രമുഖ ക്ലബായി മോഹന്‍ ബഗാനില്‍ എത്തിപ്പെടുന്നത്. ഒളിമ്പ്യന്‍ റഹ്മാന്റെ ശിക്ഷണത്തിലായിരുന്നു ചെറുപ്പം മുതലേ ഫുട്‌ബോള്‍ ജ്വരം തലക്കു പിടിച്ച വാഹിദ് കളി പരിശീലിച്ചത്. തന്റെ ഗുരു പ്രവര്‍ത്തിച്ച ക്ലബില്‍ കളിക്കാരനായി ചേരാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ വലിയ സന്തോഷമാണെന്ന് വാഹിദ് പറയുന്നു. കോഴിക്കോട്ടെ സെവന്‍സ് പ്ലയര്‍ ക്ലബില്‍ കളിച്ചാണ് വാഹിദ് രംഗത്തേക്കു കടന്നു വരുന്നത്. പിന്നീട് ഒ എന്‍ ജി സി ടീം അംഗമായി. മറ്റൊരു താരത്തിനു പരിക്കു പറ്റിയ ഒഴിവില്‍ ഈസ്റ്റ് ബംഗാളിനെതിരെ കളിക്കളത്തിലിറങ്ങാന്‍ ലഭിച്ച അവസരം നന്നായി ഉപയോഗിച്ച വാഹിദിനെ കോച്ച് സന്തോഷ് പിന്നീട് എല്ലാ കളികളിലും ഉള്‍പെടുത്തി. ഇതാണ് മോഹന്‍ ബഗാനിലേക്കുള്ള വഴിയും തുറന്നത്.
കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ കളിച്ച തനിക്ക് ഇപ്പോള്‍ ലഭിച്ച അവസരം വളരെ വലുതാണെന്ന് വാഹിദ് പറയുന്നു. മോഹന്‍ ബഗാന്‍ സ്വപ്‌നവുമായി കോഴിക്കോട്ടെ യൂനിവേഴ്‌സല്‍ സോക്കര്‍ സ്‌കൂളില്‍ വാഹിദ് ഏറെക്കാലം പ്രവര്‍ത്തിച്ചു. ജോസ്‌കോ എഫ് സി, എസ് ബി ടി, മുംബൈ എഫ് സി എന്നീ ടീമുകള്‍ക്കു വേണ്ടിയും വാഹിദ് കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്ന മോഹവും ജന്മം കൊണ്ട് ഒമാനിയായ ഈ താരത്തിനുണ്ട്. എന്നാല്‍, എല്ലാം അല്ലാഹുവിന്റെ അനുഗ്രഹമെന്ന വാക്കില്‍ തന്റെ ആഗ്രങ്ങള്‍ ഈ ചെറുപ്പക്കാരന്‍ ഒതുക്കുന്നു.
ബേപ്പൂര്‍ അരക്കിണറില്‍ ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പമാണ് വാഹിദ് ജീവിക്കുന്നത്. ഉപ്പയും ഉമ്മയും സഹോദരങ്ങളുമെല്ലാം ഒമാനിലാണെങ്കിലും തനിക്കു കേരളമാണിഷ്ടമെന്ന് വാഹിദ് പറയുന്നു. ജനിച്ചതും പഠിച്ചതും വളര്‍ന്നതുമെല്ലാം ഇവിടെയാണ്. ഇടക്കിടെ അവിടെ വന്ന് എല്ലാവരെയും കാണും. അധികം വൈകാതെ ഇനിയും വരുമെന്നും അദ്ദേഹം സിറാജിനോടു പറഞ്ഞു. രണ്ടു സഹോദരിമാരും മൂന്നു സഹോദരങ്ങളുമാണ് വാഹിദിനുള്ളത്. മുഹമ്മദ് അല്‍ ജംരി, സലാം അല്‍ ജംരി, റാശിദ് അല്‍ ജംരി എന്നിവരാണ് സഹോദരങ്ങള്‍. സല്‍മ അല്‍ ജംരി, ശൈമ അല്‍ ജംരി എന്നിവര്‍ സഹോദിരിമാരും. ഫാഇസ് അല്‍ ജംരിയാണ് സഹോദരി ഭര്‍ത്താവ്.
കുടുംബം ഒമാനില്‍ സന്തോഷമായാണ് കഴിയുന്നതെന്ന് വാഹിദ് പറയുന്നു. രണ്ടു രാഷ്ട്രത്തിലെ പൗരന്‍മാരായി കഴിയേണ്ടി വന്നത് ഒരു നിയോഗമാണ്. അതൊരു ഭാഗ്യമായും കരുതാം. സഹോദരന്‍ റാശിദ് സുലല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റിയില്‍ എന്‍ജിനീയിറിംഗ് വിദ്യാര്‍ഥിയാണ്.
ഒരു സഹോദരിക്കു മാത്രം നന്നായി മലയാളം സംസാരിക്കാനറിയാം. ഉമ്മയില്‍ നിന്നും പഠിച്ചതാണ്. മറ്റു സഹോദരങ്ങള്‍ക്ക് മലയാളം പറഞ്ഞാല്‍ മനസ്സിലാകും. എന്നാല്‍ കൃത്യമായി തിരിച്ചു പറയാന്‍ കഴിയില്ല. ഉമ്മയും സഹോദരങ്ങളും ഇടക്കു നാട്ടിലും വരാറുണ്ട്. രണ്ടു രാജ്യത്തെ പൗരന്‍മാരായതിനാല്‍ വിസയുടെ മതില്‍കെട്ടുകളുണ്ടെങ്കിലും അതൊന്നും സ്‌നേഹത്തിന് അതിര്‍ വരമ്പുകളാകുന്നില്ല. ഒരു സഹോദരന്‍ അടുത്തയാഴ്ച കൊല്‍ക്കത്തയില്‍ തന്റെ പരിശീലനം കാണുന്നതിനായി വരുന്നുണ്ടെന്നും കുറച്ചു ദിവസം തന്റെ കൂടെ ജീവിച്ചേ മടങ്ങൂ എന്നം വാഹിദ് അറിയിച്ചു.
ഒമാനി പിതാവിന്റെ പുത്രനായി എന്നാല്‍ ഔദ്യോഗിക രേഖകളില്‍ ഒമാനിയാകാതെ ഇന്ത്യന്‍ ഫുട്‌ബോളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഈ ഓമന പുത്രനെ ഒമാനിലെ മലയാളികള്‍ക്കു പോലും അറിയില്ല. ഇനി ഒമാനികളുടെയും മനസ്സില്‍ ഇടം പിടിക്കുകയാണ് വാഹിദ്. അടുത്ത തവണ ഒമാനില്‍ വരുമ്പോള്‍ വാഹിദിന് വരവേല്‍പു നല്‍കാന്‍ മലയാളി ഫുട്‌ബോള്‍ ക്ലബുകള്‍ തയാറെടുക്കുന്നുണ്ട്.