Connect with us

Gulf

ജബല്‍ അലി ഗാര്‍ഡന്‍സില്‍ പൈപ്പ് തകര്‍ന്ന് പ്രളയം

Published

|

Last Updated

ദുബൈ: ജബല്‍ അലി ഗാര്‍ഡന്‍സില്‍ പൈപ്പ് തകര്‍ന്ന് വെള്ളപ്പൊക്കം. നിരവധി വാഹനങ്ങള്‍ വെള്ളത്തിനടിയിലായി. ഇബ്‌നുബത്തൂത്ത മാള്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഒഴിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു പൈപ്പ് തകര്‍ന്നത്. പ്രളയത്തെ തുടര്‍ന്ന് വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടുത്തവുമുണ്ടായി. അഗ്നിനാളങ്ങള്‍ ഉയരുന്നതുകണ്ടുവെന്ന് സമീപവാസികള്‍ പറഞ്ഞു. പുലര്‍ച്ചെ ഒന്നോടെയാണ് 1.2 മീറ്റര്‍ വ്യാസമുള്ള പൈപ്പ് തകര്‍ന്നത്. മലിനജലം പ്രദേശമാകെ ഒഴുകിയെത്തി. ചിലര്‍ വാഹനങ്ങള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടു. വെള്ളത്തിനു തൊടാന്‍ പറ്റാത്തവിധം ചൂടുണ്ടായിരുന്നുവെന്ന് പി അംജദ് പറഞ്ഞു. ദിവ ഡിസ്ട്രിക്ട് കൂളിംഗ് സ്റ്റേഷനു സമീപം പൊട്ടിത്തെറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊട്ടിത്തെറി ശബ്ദം പരിസരവാസികളില്‍ നടുക്കമുളവാക്കി.
ഇബ്‌നുബത്തൂത്ത മാളിലെ സിനിമാശാലകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. മാളിന്റെ പരിസരത്ത് വെള്ളം നിറഞ്ഞിരുന്നു. സിവില്‍ ഡിഫന്‍സും ദിവയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മാളില്‍ നിന്ന് കുട്ടികളെ വേഗത്തില്‍ വാഹനങ്ങളിലെത്തിച്ചു. ആളപായമില്ലെന്ന ദുബൈ പോലീസ് വ്യക്തമാക്കി.
എന്നാല്‍, വാഹനങ്ങള്‍ക്ക് കേടുപാടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ഒരു ട്രാന്‍സ്‌ഫോര്‍മറും തകര്‍ന്നു. പലര്‍ക്കും അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ജബല്‍ അലി ഗാര്‍ഡന്‍സില്‍ നേരത്തെയും പൈപ്പ് തകര്‍ന്നിരുന്നുവത്രെ. ഇവിടെ 24,000 അപ്പാര്‍ട്ട്‌മെന്റുകളില്‍ 60,000 പേര്‍ താമസിക്കുന്നുണ്ട്.