Connect with us

Kerala

തലസ്ഥാനത്ത് വന്‍ കവര്‍ച്ച: മണിക്കൂറുകള്‍ക്കകം നാലുപേര്‍ പോലീസ് പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ഞെട്ടിച്ച് പട്ടാപ്പകല്‍ 35 ലക്ഷം രൂപയുടെ കവര്‍ച്ച. സംഭവത്തിലെ പ്രതികള്‍ മണിക്കൂകള്‍ക്കിടയില്‍ പോലീസ് വലയല്‍ കുടുങ്ങി. നാല് ഇതരസംസ്ഥാനക്കാരാണ് പിടിയിലായത്. ഇവരില്‍ നിന്നും 12 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. ബാക്കി തുക കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.
വൈകീട്ട് 6.30ഓടെ കോവളത്തു നിന്നാണ് പ്രതികള്‍ പിടിയിലായത്.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ആയൂര്‍വേദ കോളജിന് സമീപം കാനറാ ബേങ്കില്‍ നിന്ന് ലോണായി അനുവദിച്ചു കിട്ടിയ 35,40,000 രൂപയുമായി കൊച്ചുതുറ മത്സ്യ സഹകരണ സംഘം പ്രസിഡന്റ് യേശുരാജന്‍ ബേങ്കില്‍ നിന്ന് പോകുമ്പോഴാണ് സംഭവം നടന്നത്. ബേങ്കില്‍ നിന്ന് പണവുമായി റോഡിലേക്കിറങ്ങിയ യേശുരാജന്‍ റോഡിന് എതിര്‍ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് കയറാനായി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുമ്പോള്‍ ബൈക്കിലെത്തിയ സംഘം പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു. രണ്ട് ബൈക്കുകളിലായി നാല് പേരാണ് ഉണ്ടായിരുന്നത്.
സംഘം പണം തട്ടിയെടുക്കുന്നതിനിടെ യേശുരാജന്‍ റോഡിലേക്ക് മറിഞ്ഞുവീണു. ഇതിന് ശേഷം ഇയാള്‍ ബൈക്കിന് പിന്നാലെ ഓടിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ആയുര്‍വേദ കോളജ് ജംഗ്ഷനിലുള്ള ട്രാഫിക് പോലീസുകാരനോട് ഇയാള്‍ വിവരം പറയുകയായിരുന്നു.
സഹകരണ സംഘത്തിന് മത്സ്യഫെഡ് വഴി അനുവദിച്ച തുക വിഴിഞ്ഞത്ത് നാളെ നടക്കുന്ന ലോണ്‍ മേളയില്‍ വിതരണം ചെയ്യാനാണ് ബേങ്കില്‍ നിന്ന് പിന്‍വലിച്ചത്.
കിഴക്കേക്കോട്ട ഭാഗത്തേക്കാണ് തട്ടിയെടുത്ത പണവുമായി സംഘം കടന്നത്. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് കവര്‍ച്ച നടത്തിയവര്‍ സഞ്ചരിച്ചതെന്ന് യേശുരാജന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം നടത്തിയത്.

 

Latest