സച്ചിനെ പിന്തള്ളി ധ്യാന്‍ചന്ദ് ഭാരത രത്‌നക്ക്‌

Posted on: July 20, 2013 3:20 am | Last updated: July 20, 2013 at 3:20 am

dhyan chandബംഗളുരു: സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്ന് ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിനെ കേന്ദ്ര കായിക മന്ത്രാലയം ഭാരത രത്‌ന പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്തു.
ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ മന്ത്രാലയത്തിന് മുന്നില്‍ രണ്ട് പേരുകള്‍ മാത്രമായിരുന്നു- ധ്യാന്‍ ചന്ദ്, സച്ചിന്‍. ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടം കൊണ്ടു വന്ന ഇതിഹാസത്തിന് മരണാനന്തര ബഹുമതിയെന്നോണം ഭാരത രത്‌ന ആദ്യം ലഭിക്കേണ്ടതുണ്ട.് ലോക ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിന് ഭാവിയിലും സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. തുടരെ മൂന്ന് തവണ ഒളിമ്പിക് സ്വര്‍ണം നേടിയ ബ്രിട്ടീഷ് ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായിരുന്നു ധ്യാന്‍ചന്ദ്.
1928 ആംസ്റ്റര്‍ഡാമിലായിരുന്നു ആദ്യ സ്വര്‍ണം. 1932 ല്‍ ലോസാഞ്ചലസിലും 1936 ല്‍ ബെര്‍ലിനിലും ധ്യാന്‍ചന്ദും സംഘവും ഒളിമ്പിക് ചാമ്പ്യന്‍മാരായി. 1979 ല്‍ അന്തരിച്ച ധ്യാന്‍ചന്ദ് ലോക ഹോക്കിയിലെ തന്നെ ഇതിഹാസമായി അറിയപ്പെടുന്നുവെന്നത് അദ്ദേഹത്തെ യഥാര്‍ഥ ഭാരത രത്‌നമാക്കുന്നു. കേന്ദ്ര കായിക മന്ത്രി ജിതേന്ദ്ര സിംഗ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് അയച്ച കത്തില്‍ ധ്യാന്‍ചന്ദിന് ഭാരത് രത്‌ന നല്‍കുന്നത് വൈകിക്കൂടെന്ന് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന് വേണ്ടി അര്‍പ്പിച്ച ജീവിതമായിരുന്നു ധ്യാന്‍ചന്ദിന്റെത്. തിരികെയൊന്നും പ്രതീക്ഷിക്കാതെ ജീവിച്ച ആ ലാളിത്യത്തെ കാണാതിരിക്കരുതെന്നും മന്ത്രാലയത്തിന്റെ ശിപാര്‍ശയില്‍ അപേക്ഷിക്കുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്ന മുറവിളി ഉയര്‍ന്നതോടെയാണ് ധ്യാന്‍ചന്ദിന്റെ പേര് ഉയര്‍ന്നുവന്നത്. ഹോക്കി ഇതിഹാസത്തെ മാനിച്ചതിന് ശേഷം ക്രിക്കറ്റ് ഇതിഹാസത്തെ പരിഗണിച്ചാല്‍ മതിയെന്ന അഭിപ്രായം രാഷ്ട്രീയ, കായിക മണ്ഡലങ്ങളില്‍ നിന്നുയര്‍ന്നു.
2011 ല്‍ ധ്യാന്‍ചന്ദിന് ഭാരതരത്‌ന എന്ന ആവശ്യവുമായി 82 എം പിമാര്‍ ഒപ്പുവെച്ച നിവേദനം നിരസിക്കപ്പെട്ടു.
2012 ല്‍ കായിക മന്ത്രാലയം ധ്യാന്‍ചന്ദ്, അഭിനവ് ബിന്ദ്ര, ടെന്‍സിംഗ് നോര്‍ഗെ എന്നിവരെ ഭാരതരത്‌നക്ക് ശിപാര്‍ശ ചെയ്തു. ദൗര്‍ഭാഗ്യവശാല്‍ ബി സി സി ഐക്ക് സച്ചിനെ ശിപാര്‍ശ ചെയ്യാന്‍ വിട്ടുപോയി. ഇത്തവണ, മറന്നില്ല. പക്ഷേ, ശിപാര്‍ശ പോയത് ഹോക്കിയിലെ ലോകാരാധ്യനാണെന്ന് മാത്രം.