Connect with us

National

ടു ജി കേസ്: അനില്‍ അംബാനിയെയും ഭാര്യയെയും സാക്ഷിയാക്കും

Published

|

Last Updated

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി, ഭാര്യ ടീന എന്നിവരടക്കം 11 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളാക്കാന്‍ ഡല്‍ഹിയിലെ സി ബി ഐ പ്രത്യേക കോടതി ഉത്തരവ്. ഇതുസംബന്ധിച്ച് ഇവര്‍ക്ക് ഇന്നലെ സമന്‍സ് അയച്ചു. കേസില്‍ വിധി തീര്‍പ്പിന് ഇവരെ വിസ്തരിക്കേണ്ടത് ആവശ്യമാണെന്ന് ജഡ്ജി ഒ പി സെയ്‌നി പറഞ്ഞു.
കേസില്‍പ്പെട്ട സ്വാന്‍ ടെലികോം കമ്പനിയില്‍ റിലയന്‍സ് എ ഡി എ ഗ്രൂപ്പ് 990 കോടി രൂപയുടെ നിക്ഷേപം നടത്തിയതിനെ കുറിച്ച് പരിശോധിച്ചറിയേണ്ടത് ആവശ്യമാണെന്ന് സി ബി ഐ വ്യക്തമാക്കിയിരുന്നു. സ്വാന്‍ ടെലികോമിന്റെ പ്രൊമോട്ടര്‍മാരായ ഷഹീദ് ഉസ്മാന്‍ ബല്‍വ, വിനോദ് ഗോയങ്കെ എന്നിവരെയും വിസ്തരിക്കേണ്ടതുണ്ടെന്നും കോടതിയില്‍ സി ബി ഐ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപം സംബന്ധിച്ച ആരോപണങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് അനില്‍ അംബാനിക്ക് കഴിയുമെന്നും സി ബി ഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആരോപണമുയര്‍ന്ന കമ്പനികളുമായുള്ള ബന്ധത്തെ കുറിച്ച് അനിലില്‍ നിന്ന് ചോദിച്ചറിയേണ്ടതുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ യു യു ലളിത് പറഞ്ഞു. സ്വാന്‍ ടെലികോം കമ്പനിയുടെ സ്‌പെക്ട്രം ഇടപാട് സംബന്ധിച്ച യോഗങ്ങളില്‍ പങ്കാളിയായിരുന്നില്ലെങ്കിലും ഇടപാടിനെ കുറിച്ച് അനിലിന് അറിവുണ്ടായിരിക്കുമെന്നാണ് സി ബി ഐ ഉയര്‍ത്തുന്ന വാദം.
എന്നാല്‍, സാക്ഷികളാക്കണമെന്ന് സി ബി ഐ ആവശ്യപ്പെടാന്‍ വൈകിയത് തന്നെ ഇത് സത്യസന്ധമല്ലെന്നതിന്റെ സൂചനയാണെന്ന് അനിലിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. കാലതാമസമുണ്ടായതിനെ കുറിച്ച് വ്യക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സി ബി ഐ ഇതുസംബന്ധിച്ച് ഒരു വിശദീകരണവും നല്‍കിയില്ല.

Latest