സ്വകാര്യ ബസുകളുടെ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ റദ്ദാക്കി

Posted on: July 19, 2013 12:31 am | Last updated: July 19, 2013 at 12:31 am

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ പെര്‍മിറ്റ് റദ്ദാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇനി ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വീസുകള്‍ കെ എസ് ആര്‍ ടി സിക്ക് മാത്രമാകും.

സ്വകാര്യ ബസുകള്‍ അനധികൃതമായി സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ പെര്‍മിറ്റുകള്‍ സമ്പാദിച്ച് അമിത ചാര്‍ജ് ഈടാക്കുന്നതായി ബോധ്യമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ക്കാണ് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റ് നല്‍കാനുള്ള അധികാരം. ഇവര്‍ പെര്‍മിറ്റിനുള്ള അപേക്ഷ നിരാകരിക്കുന്ന സാഹചര്യങ്ങളില്‍ ഉടമകള്‍ കൊച്ചിയിലെ ട്രാന്‍സ്‌പോര്‍ട്ട് അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കും.
കുറഞ്ഞത് 150 കിലോമീറ്റര്‍ ദൂരം ഓടുന്ന ബസുകള്‍ക്ക് മാത്രമേ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് പദവികള്‍ നല്‍കാനാവൂ എന്നാണ് ആര്‍ ടി എ നിയമം. ഇതിനെ മറികടക്കാന്‍ നിലവില്‍ ഓടുന്ന റൂട്ട് ദീര്‍ഘിപ്പിച്ച് കാണിച്ചാണ് ബസ് ഉടമകള്‍ പെര്‍മിറ്റ് കരസ്ഥമാക്കുന്നത്. 128 കിലോമീറ്റര്‍ ദൂരമുള്ള തൃശൂര്‍-കോഴിക്കോട് റൂട്ടിലും, 136 കിലോമീറ്ററുള്ള കോഴിക്കോട്-പാലക്കാട് റൂട്ടിലും, കഷ്ടിച്ച് 100 കിലോമീറ്ററുള്ള ഗുരുവായൂര്‍-കോഴിക്കോട് റൂട്ടിലുമാണ് കൂടുതലും അനധികൃത ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഇവര്‍ തങ്ങളുടെ റൂട്ട് കണ്ണൂരിലേക്കും ബത്തേരിയിലേക്കും ദീര്‍ഘിപ്പിച്ച് കാണിച്ചാണ് പെര്‍മിറ്റ് നേടിയത്.
പുതിയ ഉത്തരവ് പ്രകാരം നിലവില്‍ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് അതിന്റെ കാലാവധി കഴിയുന്നതോടെ റദ്ദാകും.