ഓട്ടോറിക്ഷ തോട്ടിലേക്കു മറിഞ്ഞു പിഞ്ചുകുഞ്ഞു മരിക്കാനിടയായ സംഭവം:പോലീസ് അന്വേഷണം നടത്തും

Posted on: July 18, 2013 1:08 am | Last updated: July 18, 2013 at 1:08 am

മട്ടന്നൂര്‍: ഓട്ടോറിക്ഷ തോട്ടിലേക്കു മറിഞ്ഞു പിഞ്ചുകുഞ്ഞു മരിക്കാനിടയായ സംഭവത്തില്‍ സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടി വല്യമ്മ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തും. കഴിഞ്ഞമാസം 25 ന് രാത്രി തില്ലങ്കേരി കുന്നുമ്മല്‍താഴെ പാലത്തില്‍നിന്ന് ഓട്ടോറിക്ഷ തോട്ടിലേക്കു മറിഞ്ഞു തില്ലങ്കേരി കാരക്കുന്നിലെ ശ്രീജിത്ത്-മഹിഷ ദമ്പതികളുടെ ഏകമകന്‍ ശിവനന്ദ് (ഒന്ന്) മരിച്ച സംഭവത്തിലാണ് അന്വേഷണം. വനിതാ എസ് ഐ പ്രജിതയാണു കേസ് അന്വേഷിക്കുക.
അസ്വാഭാവിക മരണത്തിന് പോലീസ് നേരത്തെ കേസ് എടുത്തിരുന്നു. പരാതി വിശദമായി പരിശോധിച്ചശേഷം ശ്രീജിത്തിനേയും മഹിഷയേയും ചോദ്യംചെയ്യുമെന്ന്് ഇരിട്ടി ഡിവൈഎസ്പി പ്രദീപ് കുമാര്‍ പറഞ്ഞു.കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു മഹിഷയുടെ അമ്മ പാലോട്ടുപള്ളിയിലെ ഏച്ചൂര്‍ കരിയില്‍ ഓമന ആണ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. 25 ന് വൈകുന്നേരം പാലോട്ടുപള്ളിയിലെ മഹിഷയുടെ വീട്ടില്‍നിന്നാണു ശ്രീജിത്തിന്റെ ഓട്ടോറിക്ഷയില്‍ മഹിഷയേയും കുട്ടിയേയും കൂട്ടി ശ്രീജിത്ത് തില്ലങ്കേരി കാരക്കുന്നിലെ വീട്ടിലേക്കു പോയത്.
കാരക്കുന്നിലെ വീട്ടിലേക്കു പോകാനുള്ള യഥാര്‍ഥ വഴി ഒഴിവാക്കി ഇരിട്ടിയില്‍ പോയി മറ്റൊരു റോഡിലൂടെയാണു ശ്രീജിത്ത് ഓട്ടോയുമായി സഞ്ചരിച്ചത്. രാത്രി എട്ടോടെ ഓട്ടോറിക്ഷ പാലത്തില്‍നിന്നു തോട്ടിലേക്കു വീണെങ്കിലും ശ്രീജിത്ത് വെള്ളത്തില്‍ വീണിരുന്നില്ല. വെള്ളത്തില്‍ വീണു നിലവിളിച്ച ഭാര്യ മഹിഷയെ നീന്തലറിയാവുന്ന ശ്രീജിത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. തോട്ടരികിലെ മരക്കൊമ്പില്‍ പിടിച്ചുനിന്ന മഹിഷയെ പിന്നീട് സമീപവാസികളായ ചിലരാണു രക്ഷപ്പെടുത്തിയത്. വെള്ളത്തില്‍നിന്നു രക്ഷപ്പെടുത്തി മഹിഷയെ മറ്റൊരു ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ ശ്രീജിത്തിനോട് കുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ രോഷം പ്രകടിപ്പിച്ചതായും ആശുപത്രിയിലേക്കു കൂടെ പോകാന്‍ തയാറായില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീജിത്തിന് ഭാര്യയോടും മകനോടും സ്‌നേഹമുണ്ടായിരുന്നില്ലെന്നും സൗന്ദര്യവും ആരോഗ്യവുമില്ലാത്ത ഭാര്യയെ ഒഴിവാക്കുമെന്നു പലപ്പോഴും പറഞ്ഞിരുന്നതായും പരാതിയില്‍ പറയുന്നു.