നാടുകാണി ചുരത്തില്‍ ഗതാഗത തടസ്സം പതിവാകുന്നു

Posted on: July 18, 2013 1:06 am | Last updated: July 18, 2013 at 1:06 am

ഗൂഡല്ലൂര്‍: മുളങ്കൂട്ടങ്ങളും പാറകളും മണ്‍കൂനകളും റോഡിലേക്ക് മറിഞ്ഞ് വീണ് നാടുകാണി ചുരത്തില്‍ വാഹനഗതാഗതം തടസ്സപ്പെടുന്നത് പതിവാകുന്നു. ഗൂഡല്ലൂര്‍-നിലമ്പൂര്‍ അന്തര്‍സംസ്ഥാന പാതയിലെ താഴെ നാടുകാണിയിലാണ് ഗതാഗത തടസ്സം നിത്യസംഭവമായിരിക്കുന്നത്. കനത്ത മഴകാരണം മണ്ണിടിച്ചിലും മറ്റും ഇവിടെ തുടര്‍കഥയായിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ താഴെ നാടുകാണിയില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. അത്‌പോലെ കഴിഞ്ഞ ചൊവ്വാഴ്ച താഴെ നാടുകാണിയില്‍ പാറകളും മണ്‍കൂനകളും മറിഞ്ഞ് വീണ് ഉച്ചക്ക് 12 മണിമുതല്‍ 2 മണിവരെ ഈ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നീട് പൊതുമരാമത്ത് വകുപ്പും നാട്ടുകാരും ചേര്‍ന്ന് ഇവകള്‍ നീക്കം ചെയ്തതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.