Connect with us

National

മോഡിയെ പ്രശംസിച്ച എം പിയെ ബി എസ് പി പുറത്താക്കി

Published

|

Last Updated

ലക്‌നോ: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച പാര്‍ലിമെന്റംഗം വിജയ് ബഹദൂര്‍ സിംഗിനെ ബഹുജന്‍ സമാജ് പാര്‍ട്ടി(ബി എസ് പി) പുറത്താക്കി. ഗുജറാത്ത് വംശഹത്യയില്‍ യാതൊരു കുറ്റബോധവുമില്ലെന്നും അന്നുണ്ടാക്കിയ വേദന പട്ടിക്കുട്ടി കാറിനടിയില്‍ പെട്ട് ചാകുമ്പോഴുണ്ടാകുന്ന വേദനക്ക് തുല്യമാണെന്നുമുള്ള മോഡിയുടെ പരാമര്‍ശത്തെ വിജയ് ബഹദൂര്‍ പിന്തുണച്ചിരുന്നു. മാത്രമല്ല, ആഗസ്റ്റ് 11ന് ഹൈദരാബാദില്‍ നടക്കുന്ന റാലിയില്‍ മോഡി പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ പ്രവേശന ഫീസ് വെച്ചതിനെയും അദ്ദേഹം പുകഴ്ത്തിയിരുന്നു.

ഈ രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ബി എസ് പി മേധാവി മായാവതി, വിജയ് ബഹദൂര്‍ സിംഗിനെ പുറത്താക്കിയത്. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മോഡി പറഞ്ഞതിനെ ന്യായീകരിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന് മായാവതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
പുതിയ ആശയങ്ങള്‍ രാഷട്രീയത്തിലേക്ക് കൊണ്ടുവരുന്ന നേതാവാണ് മോഡിയെന്നാണ് ഹാമിര്‍പൂരില്‍ നിന്നുള്ള പാര്‍ലിമെന്റംഗമായ വിജയ് ബഹദൂര്‍ സിംഗ് ചൊവ്വാഴ്ച പറഞ്ഞത്. റാലിയില്‍ പ്രവേശന ഫീസ് വെച്ച് അതില്‍ നിന്നുള്ള വരുമാനം ഉത്തരാഖണ്ഡിലെ ദുരിതശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതില്‍ യാതൊരു തെറ്റുമില്ലെന്നാണ് തന്റെ കാഴ്ചപ്പാടെന്ന് അദ്ദേഹം തുറന്നടിച്ചു. മോഡിയെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ അനാവശ്യമായി കുറ്റപ്പെടുത്തുന്നുവെന്നാണ് സിംഗിന്റെ പരാതി.
പട്ടിക്കുട്ടി പ്രയോഗത്തില്‍ മോഡി ഒറ്റപ്പെട്ടപ്പോള്‍ ബി ജെ പിക്ക് പുറത്തു നിന്ന് അദ്ദേഹത്തെ പിന്തുണച്ച ഒരേയൊരാള്‍ എന്ന നിലക്ക് വിജയ് ബഹദൂര്‍ സിംഗിനെ മോഡി അന്ന് തന്നെ വിളിച്ച് നന്ദി അറിയിച്ചിരുന്നു. മോഡിയെ പ്രശംസിക്കുന്നത് തുടര്‍ന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകേണ്ടി വരുമെന്ന് മായാവതി അന്ത്യശാസനം നല്‍കിയത് ഇതിന് പിറകേയായിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ടിക്കറ്റ് നല്‍കില്ലെന്നും മായാവതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിജയ് ബഹദൂറിനെ പുറത്താക്കാന്‍ മായാവതി മടിക്കുന്നത് അവര്‍ക്ക് ബി ജെ പിയുമായുള്ള ബന്ധത്തിന് തെളിവാണെന്നാരോപിച്ച് സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തിയിരുന്നു.