എടപ്പാള്‍ പഞ്ചായത്ത് അംഗത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി

Posted on: July 17, 2013 8:57 am | Last updated: July 17, 2013 at 8:57 am

എടപ്പാള്‍: പഞ്ചായത്ത് അംഗം സി പി എമ്മിലെ കെ കൃഷ്ണദാസിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. 2008ല്‍ പൂക്കരത്തറ കൊലൊളമ്പ് റോഡ് പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന കോലൊളമ്പ് കപ്യാരത്തേല്‍ സൈനുദ്ദീന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം അന്യായമായി കൈയേറുകയും ആ സ്ഥലത്തെ തെങ്ങ്, കമുക് എന്നിവ ഉള്‍പ്പെടെയുള്ള വൃക്ഷങ്ങള്‍ വെട്ടിനശിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഓംബുഡ്‌സ്മാന്‍ കുറ്റക്കാരനെന്ന് വിധിക്കുകയും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയും ചെയ്ത വിധിയിലാണ് ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ഇടത് ഭരണകാലത്ത് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ്കുട്ടി പൂക്കരത്തറ-കോലൊളമ്പ് റോഡ് പുനര്‍നിര്‍മാണത്തിന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ എട്ട് മീറ്റര്‍ വീതി റോഡിന് ഉണ്ടെങ്കില്‍ മാത്രമേ ഫണ്ട് അനുവദിക്കപ്പെടുയുള്ളൂവെന്ന സാഹചര്യത്തില്‍ റോഡിന്റെ വീതി എല്ലാ ഭാഗത്തും എട്ട് മീറ്ററാക്കാന്‍ ഇതിനായി രൂപവത്കരിച്ച ജനകീയ കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ സൈനുദ്ദീന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും റോഡിന്റെ വീതിക്കാവശ്യമായ സ്ഥലത്തിന് പുറമെ അധികമായി സ്ഥലം ഏറ്റെടുക്കുകയും ചെയ്തതായാണ് പരാതിയുണ്ടായിരുന്നത്.
അന്ന് എടപ്പാള്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡായിരുന്ന വല്യാട് വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്ന കൃഷ്ണദാസ്, 13-ാം വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്ന സി പി എമ്മിലെ ദ്വാരകനാഥന്‍, പഞ്ചായത്ത് പ്രസിഡന്റായിരുന്ന പരേതനായ പി പത്മനാഭന്‍ എന്നിവര്‍ക്കെതിരെയാണ് ഓംബുഡ്‌സ്മാന്റെ ഉത്തരവ്. വിധി വരുന്നതിന്റെ മുമ്പ് പി പത്മനാഭന്‍ മരിച്ചിരുന്നു. ഇപ്പോള്‍ 16-ാം വാര്‍ഡായ പൂക്കരത്തറ വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന കെ കൃഷ്ണദാസും മുന്‍ പഞ്ചായത്ത് അംഗം ദ്വാരകനാഥനും കഴിഞ്ഞ വര്‍ഷം ഓംബുഡ്‌സ്മാന്‍ കുറ്റക്കാരാണെന്ന് വിധിക്കുകയും ഇരുവരും നഷ്ടപരിഹാരമായി ഏഴായിരം രൂപ വീതം പരാതിക്കാരിക്ക് ഒരു മാസത്തിനകം നല്‍കാന്‍ വിധിക്കുകയും ചെയ്തിരുന്നു. നഷ്ടപരിഹാരം നല്‍കിയാലും നിലവിലെ അംഗമായ കൃഷ്ണദാസ് അയോഗ്യനാക്കപ്പെടുമെന്നതിനാല്‍ ഓംബുഡ്‌സ്മാന്റെ വിധിക്കെതിരെ കൃഷ്ണദാസ് ഹൈക്കോടതിയെ സമീപിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ കൃഷ്ണദാസിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി രവീന്ദ്രന്‍, പഞ്ചായത്ത് ലീഗ് സെക്രട്ടറി റഫീഖ് പിലാക്കല്‍ എന്നിവര്‍ പഞ്ചായത്ത് മുഖേന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പ്പിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്.