ജലത്തില്‍ രാസപദാര്‍ഥ സാന്നിധ്യം കൂടുന്നു

Posted on: July 17, 2013 8:42 am | Last updated: July 17, 2013 at 8:42 am

കോഴിക്കോട്: കോളിഫോം, ഇകോളി തുടങ്ങിയ ബാക്ടീരിയകളും ഫഌറൈഡ്, നൈട്രേറ്റ് എന്നീ രാസപദാര്‍ഥങ്ങളും ജലത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സി ഡബ്ല്യൂ ആര്‍ ഡി എം ശാസ്ത്രജ്ഞന്‍ ഡോ. മാധവന്‍ പറഞ്ഞു.
മേലടി ബ്ലോക്ക് പഞ്ചായത്തിന്റെയും സി ഡബ്ല്യൂ ആര്‍ ഡി എമ്മിന്റെയും ജില്ലാ ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച കുടിവെളള മലിനീകരണം ഉയര്‍ത്തുന്ന വെല്ലുവിളികള്‍, പരിഹാര മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകാരോഗ്യ സംഘടനാ കണക്ക് പ്രകാരം ഓരോ എട്ട് സെക്കന്‍ഡിലും ഒരു കുഞ്ഞ് വീതം ജലജന്യ രോഗം മൂലം മരിക്കുന്നുണ്ട്. ലോകത്തിലെ 80 ശതമാനം രോഗങ്ങളും ജലജന്യമാണ്. പരിസ്ഥിതി സൗഹൃദ ടോയ്‌ലറ്റുകളുടെ ഉപയോഗം ഒരു പരിധിവരെ ജലമലിനീകരണം തടയും. ലോകത്ത് ലഭ്യമായ ജലത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമേ കുടിവെള്ളമായി നമുക്ക് ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ- അദ്ദേഹം പറഞ്ഞു.
മേലടി സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഷാഫി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ മുരളീധരന്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുറ്റിയില്‍ ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി വി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ബി ഡി ഒ എ പി രാമദാസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഒ ടി മുരളീധര്‍, ജി ഇ ഒ. കെ സുകുമാരന്‍ സംസാരിച്ചു.