കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷാംഗങ്ങളുടെ പോര്‍വിളി; കെ മുഹമ്മദലിക്ക് സസ്‌പെന്‍ഷന്‍

Posted on: July 17, 2013 8:40 am | Last updated: July 17, 2013 at 8:40 am

കോഴിക്കോട്: സാങ്കേതികകാര്യ വിഭാഗത്തിലെ ജീവനക്കാരുടെ കുറവ് കോര്‍പറേഷന്‍ ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കുന്നെന്ന് കാണിച്ച് കൗണ്‍സിലര്‍ കെ വി ബാബുരാജ് കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കലില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ പോര്‍വിളി. വാഗ്വാദത്തിനിടെ പ്രതിപക്ഷ ഉപനേതാവ് കെ മുഹമ്മദലിയെ മേയര്‍ കൗണ്‍സില്‍ പിരിയുന്നതുവരെ സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് മുഹമ്മദലി വിശദീകരണം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. നഗരത്തിലെ കേടായ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
ശ്രദ്ധക്ഷണിക്കലിനിടെ തെറ്റായ കാര്യങ്ങള്‍ ഉന്നയിച്ച് ഭരണപക്ഷ കൗണ്‍സിലര്‍ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പറഞ്ഞ് പ്രതിപക്ഷ ഉപനേതാവ് കെ മുഹമ്മദലി രംഗത്ത് വന്നതാണ് പ്രശ്‌നത്തിന്റെ തുടക്കം. ശ്രദ്ധക്ഷണിക്കല്‍ പ്രകാരം ചര്‍ച്ച അനുവദിക്കുന്ന ചട്ടമില്ലെന്നും എന്നിട്ടും കുറച്ച് സമയം മുഹമ്മദലിക്ക് തന്നുവെന്നും മേയര്‍ പറഞ്ഞു. തുടര്‍ന്നും ചട്ടലംഘനം നടത്തിയതിനെ തുടര്‍ന്ന് മുഹമ്മദലിക്ക് മേയര്‍ റൂളിംഗ് നല്‍കി. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി ടി അബ്ദുല്‍ ലത്വീഫിനെ മേയര്‍ സംസാരിക്കാന്‍ വിളിച്ചപ്പോള്‍ ‘ഡെപ്യൂട്ടി മേയര്‍ ഡെപ്യൂട്ടി മേയറുടെ പണി എടുത്താല്‍ മതിയെന്നും മേയറുടെ പണി എടുക്കേണ്ടെന്നു’മുളള വിവാദ പരാമര്‍ശം മുഹമ്മദലി നടത്തിയത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. ഇതോടെ ഭരണപക്ഷം ഒന്നടങ്കം മുഹമ്മദലിക്കെതിരെ തിരിയുകയായിരുന്നു.
നിരന്തരം മുഹമ്മദലി ചട്ടലംഘനം ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹത്തിന് എന്തുമാകാമെന്നത് പറ്റില്ലെന്നും മേയര്‍ പ്രേമജം പറഞ്ഞു. ഭരണപക്ഷത്ത് നിന്ന് എടാ, പോടാ വിളികളും ഉയര്‍ന്നു. ഭരണപക്ഷത്ത് നിന്ന് ഒ എം ഭരദ്വാജ്, സി പി മുസാഫിര്‍ അഹമ്മദ്, രാധാകൃഷ്ണന്‍ എന്നിവരും പ്രതിപക്ഷത്ത് നിന്ന് സി പി സലീം, ബീരാന്‍കോയ, സത്യഭാമ എന്നിവരും തമ്മില്‍ വാക്കേറ്റമായി. തുടര്‍ന്നാണ് വിവാദപരാമര്‍ശം നടത്തിയതിന് മുഹമ്മദലിയെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഡ് ചെയ്തിട്ടും മുഹമ്മദലി സഭയിലിരുന്നത് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാഗ്വാദം തുടരുന്നതിന് ഇടയാക്കി. തുടര്‍ന്ന് സഭ നിര്‍ത്തിവെച്ച് മേയര്‍ കക്ഷിനേതാക്കളുടെ യോഗം വിളിച്ചു. അര മണിക്കൂറിന് ശേഷം കൗണ്‍സില്‍ ആരംഭിച്ചു. മുഹമ്മദലി നല്‍കിയ വിശദീകരണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ മേയര്‍ പിന്‍വലിച്ചു. ചില കൗണ്‍സിലര്‍മാര്‍ അനാവശ്യ പദപ്രയോഗം നടത്തുന്നത് ഒഴിവാക്കണമെന്നും മേയര്‍ പറഞ്ഞു.
കൗണ്‍സിലിന്റെ തുടക്കത്തിലാണ് നഗരത്തില്‍ തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം വന്നത്. കൗണ്‍സിലര്‍ സി പി സലീം കൊണ്ടുവന്ന പ്രമേയത്തിന് അടിയന്തര പ്രാധാന്യമില്ലെന്ന് പറഞ്ഞ് മേയര്‍ പ്രൊഫ. എ കെ പ്രേമജം തള്ളുകയായിരുന്നു. വൈദ്യുതി വകുപ്പും സര്‍ക്കാറുമാണ് ഇത് ചെയ്യേണ്ടതെന്നും കോര്‍പറേഷന്‍ അതിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടെന്നും മേയര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ബഹിഷ്‌കരണം നടത്തിയത്.
നഗരസഭയില്‍ 73 ടെക്‌നിക്കല്‍ സ്റ്റാഫില്‍ 22 പേരുടെ ഒഴിവുണ്ടെന്നും മുപ്പത് ശതമാനത്തോളമുള്ള ഈ കുറവ് പരിഹരിക്കണമെന്നും മരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം മോഹനന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം നഗരവികസന കാര്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താനും നിവേദനം നല്‍കാനും പ്രതിനിധി സംഘത്തെ അയക്കുമെന്ന് മേയര്‍ അറിയിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഭക്ഷ്യസുരക്ഷ ബില്‍ പിന്‍വലിക്കണമെന്നുളള അടിയന്തരപ്രമേയം അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ സത്യഭാമ, എ പി അബ്ദുല്ലക്കോയ, പൂളക്കല്‍ ശ്രീകുമാര്‍, ടി അബ്ദുല്ലക്കോയ, ടി പി മൊയ്തീന്‍കായ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ശ്രദ്ധക്ഷണിച്ചു.