‘ഇസ്‌ലാമിക അധ്യാപനങ്ങളെ അറിഞ്ഞ് സേവനരംഗത്ത് കര്‍മനിരതരാകണം’

Posted on: July 17, 2013 8:06 am | Last updated: July 17, 2013 at 8:06 am

വടകര: ഇസ്‌ലാമിക അധ്യാപനങ്ങളെ അറിഞ്ഞ് സേവന രംഗത്ത് കര്‍മ നിരതരാകണമെന്ന് എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി റഹ്മത്തുല്ലാഹ് സഖാഫി എളമരം പറഞ്ഞു. എസ് വൈ എസ് സോണ്‍ കമ്മിറ്റി വില്യാപ്പള്ളിയില്‍ സംഘടിപ്പിച്ച റമസാന്‍ ക്യാമ്പയിന്‍ പ്രഭാഷണ പരിപാടിയില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ആത്മ സംയമനത്തിനും സുഖത്തിന് പിന്നാലെയുമുള്ള പ്രയാണത്തിന് തടയിടാനും നവ സമൂഹം തയ്യാറാകണം. ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും നാള്‍വഴികളിലേക്ക് തിരിച്ചു പോകുമ്പോള്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഖുര്‍ആനിലെ സൂറ: അല്‍ ഹുജറാത്താണ് പ്രഭാഷണ വിഷയം.
വടകര താലൂക്ക് ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ മദനി ഉദ്ഘാടനം ചെയ്തു. മൊയ്തു മുസ്‌ലിയാര്‍ കാര്‍ത്തികപ്പള്ളി പ്രാര്‍ഥന നടത്തി. എം കെ എച്ച് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ഹാഫിള് അബ്ദുസ്സമദ് ഖിറാഅത്ത് നടത്തി. പി ടി അബൂബക്കര്‍ സഖാഫി സ്വാഗതവും വി പി എം സഖാഫി വില്യാപ്പള്ളി നന്ദിയും പറഞ്ഞു. വില്യാപ്പള്ളി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് ഹാളില്‍ നടന്നു വരുന്ന പ്രഭാഷണം നാളെ സമാപിക്കും.