അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണം

Posted on: July 17, 2013 8:03 am | Last updated: July 17, 2013 at 8:03 am

വടകര: അക്ഷയ കേന്ദ്രങ്ങള്‍ വഴി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിലെ അപാകതകള്‍ പരിഹരിച്ച് കാര്യക്ഷമമാക്കണമെന്ന് ജീവനക്കാരുടെയും അധ്യാപകരുടെയും സാംസ്‌കാരിക കൂട്ടായ്മയായ ‘സെറ്റ്ക’ ജില്ലാ പ്രവര്‍ത്തക ശില്‍പ്പശാല ആവശ്യപ്പെട്ടു. വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ നിന്ന് അഞ്ചു രൂപക്ക് ലഭിച്ചു വന്നിരുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ അക്ഷയ കേന്ദ്രം വഴിയാണ് ലഭിക്കുന്നത്.
പൊതുജനത്തിന് പരിചയമില്ലാത്ത സാങ്കേതിക വിദ്യയുടെ മറവില്‍ വലിയ തുകയാണ് പല അക്ഷയ കേന്ദ്രങ്ങളും ഈടാക്കുന്നത്. വില്ലേജ് ഓഫീസുകളില്‍ വേണ്ടത്ര ഭൗതിക സാഹചര്യം ഒരുക്കാതെ ഒറ്റയടിക്ക് പദ്ധതി നടപ്പാക്കിയത് കാരണം ജീവനക്കാരും പൊതുജനങ്ങളും ഒരേപോലെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ബഹുജനോപകാരപ്രദമായ രീതിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധുനീകരിക്കണം. ഇതിന്റെ മറവില്‍ സര്‍ക്കാരേതര ഏജന്‍സികളെ ഇത്തരം പദ്ധതികള്‍ ഏല്‍പ്പിക്കുന്നത് ഘട്ടം ഘട്ടമായി സേവന രംഗത്ത് നിന്നും പിന്‍മാറാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ്. വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ആധുനിക വത്കരണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന് പകരം സര്‍ക്കാര്‍ തന്നെ ബദല്‍ സംവിധാനം ഒരുക്കണമെന്നും ശില്‍പ്പശാല ആവശ്യപ്പെട്ടു.