ഐ പി എല്‍ ഒത്തുകളി: ദ്രാവിഡിനെ സാക്ഷിയാക്കും

  Posted on: July 17, 2013 1:01 am | Last updated: July 17, 2013 at 1:01 am

  ന്യൂഡല്‍ഹി: ശ്രീശാന്ത് ഉള്‍പ്പെടുന്ന ഐപിഎല്‍ ഒത്തുകളി കേസില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കും. രാഹുലില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. ഒത്തുകളി സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് മൊഴി നല്‍കിയിരിക്കുന്നതെന്നാണ് സൂചന. ഓരോ മത്സരത്തിനും ടീമിനെ തിരഞ്ഞെടുത്തിരുന്നത് അതാതു ദിവസത്തെ സാഹചര്യവും താരങ്ങളുടെ പ്രകടനവും വിലയിരുത്തിയായിരുന്നെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
  പിടിക്കപ്പെട്ട മൂന്ന് കളിക്കാരും ഒത്തു കളിക്കുന്നതായി തനിക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല. വല്ല സൂചനയും ലഭിച്ചിരുന്നെങ്കില്‍ അത് തടയുമായിരുന്നു. ഒത്തുകളിയില്‍ ഉള്‍പ്പെട്ട താരങ്ങള്‍ മൂവരും ടീമിലെ സ്ഥിരം അംഗങ്ങളായിരുന്നില്ലെന്നും രാഹുല്‍ ദ്രാവിഡ് അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. കേസിന് കൂടുതല്‍ ബലം നല്‍കുന്നതിനു വേണ്ടിയാണ് സമൂഹം ഏറെ ബഹുമാനക്കുന്ന രാഹുല്‍ ദ്രാവിഡിനെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കാന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചത്. എന്നാല്‍ കളിക്കാരെ കുറ്റക്കാരാണെന്നു തെളിയിക്കുന്ന യാതൊരു വിവരവും ദ്രാവിഡില്‍ നിന്ന് ലഭിച്ചില്ലെന്നാണ് സൂചന. ടീമിന്റെ കോച്ച് പാഡി അപ്റ്റണേയും സാക്ഷിയാക്കിയേക്കും.
  അതേ സമയം, അന്താരാഷ്്ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെയും ഛോട്ടാ ശക്കീലിനെയും ഉള്‍പ്പെടുത്തി മക്കോക നിയമപ്രകാരം വാതുവയ്പില്‍ കുറ്റപത്രം സമര്‍പ്പിര്‍പ്പിക്കാനൊരുങ്ങുന്നത് മലയാളി താരം ശ്രീശാന്തിന് ദോഷം ചെയ്യും. പിടികിട്ടാപ്പുള്ളികള്‍ക്കൊപ്പം ശ്രീശാന്തിനെതിരേയും ഈ നിയമപ്രകാരമുള്ള കേസെടുത്തിരിക്കുന്നത്, നിയമനടപടികള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നതിനുള്ള പോലീസിന്റെ തന്ത്രമാണെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
  ശ്രീശാന്തിന്റെ തിരിച്ചുവരവിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്ന നടപടിയാണ് ഡല്‍ഹി പോലീസിന്റെ ഭാഗത്തു നിന്നുള്ളതെന്ന വിമര്‍ശവും ഉയര്‍ന്നിരിക്കുന്നു.
  ഐപിഎല്‍ ആറാം സീസണില്‍ നടന്ന ഒത്തുകളി ഇടപാടുമായി ബന്ധപ്പെട്ട് 29 പേരെയൊണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ 19 പേര്‍ക്കും ജാമ്യം ലഭിച്ചു.
  വാതുവെപ്പുകാര്‍ക്കായി റണ്‍സ് വഴങ്ങുന്നതിനു 20 മുതല്‍ 60 ലക്ഷം രൂപ വരെ കരാറുണ്ടാക്കുകയും പ്രതിഫലം വാങ്ങുകയും ചെയ്‌തെന്നും അധോലോക നായകരായ ദാവൂദ് ഇബ്രാഹിമും ഛോട്ടാ ശക്കീലുമാണ് ഇതിനു വേണ്ടി പണമൊഴുക്കുകയും നിയന്ത്രിക്കുകയും ചെയ്തതെന്നും പോലീസ് പറയുന്നു. ഇതിനു സിആര്‍പിസി 164ാം വകുപ്പ് പ്രകാരം സിദ്ധാര്‍ത്ഥ് ത്രിവേദി, ഹര്‍മീത് സിംഗ്, രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമ രാജ് കുന്ദ്ര എന്നിവരുടെ മൊഴികളും പോലീസ് സമര്‍പ്പിക്കും.