ദുരൂഹ സാഹചര്യത്തില്‍ വൃദ്ധന്‍ മരിച്ചു; പിതാവും മകനും അറസ്റ്റില്‍

Posted on: July 17, 2013 12:57 am | Last updated: July 17, 2013 at 12:57 am

തലശ്ശേരി: ദുരൂഹ സാഹചര്യത്തില്‍ വൃദ്ധന്‍ മരിച്ചതിനെ തുടര്‍ന്ന് മകളുടെ ഭര്‍ത്താവിനെയും ചെറുമകനെയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പാലയാട് അംബേദ്കര്‍ കോളനിക്കടുത്ത ഊര്‍മിളാ നിവാസില്‍ പുല്യോടന്‍ ശങ്കു (75) വാണ് മരിച്ചത്. ശങ്കുവിന്റെ മകള്‍ ഊര്‍മിളയുടെ ഭര്‍ത്താവ് ഒപ്പിരി മധു (50), മകന്‍ മിഥുന്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ സന്ധ്യയോടെ ശങ്കുവിനെ മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഭര്‍ത്താവിനെ മരുമകനും ചെറുമകനും ചേര്‍ന്ന് സ്ഥിരമായി കൈയേറ്റം ചെയ്യാറുണ്ടെന്ന് ശങ്കുവിന്റെ ഭാര്യ രോഹിണി പോലീസില്‍ മൊഴി നല്‍കി. ശങ്കുവിന്റെ സഹോദരന്‍ വത്സലനും ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയെ തുടര്‍ന്നാണ് ഓട്ടോഡ്രൈവറായ മധുവിനെയും മകന്‍ മിഥുനെയും പോലീസ് പിടികൂടിയത്. ശങ്കുവിന്റെ വീട്ടില്‍ നിത്യവും ബഹളമുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പോലീസിന് മൊഴി നല്‍കി. വിമല, ഊര്‍മിള, പ്രമീള, പരേതയായ ഷര്‍മിള എന്നിവരാണ് ശങ്കുവിന്റെ മക്കള്‍.