പാസ്‌പോര്‍ട്ട് കുംഭകോണം: പോസ്റ്റ്മാന് ഉപാധികളോടെ ജാമ്യം

Posted on: July 17, 2013 12:55 am | Last updated: July 17, 2013 at 12:55 am

കാഞ്ഞങ്ങാട്: വ്യാജ പാസ്‌പോര്‍ട്ട് കേസിലെ പ്രതി അട്ടേങ്ങാനം പോസ്റ്റാഫീസിലെ പോസ്റ്റ്മാന്‍ അട്ടേങ്ങാനം കുറ്റിയോട്ടെ കരിപ്പാടകന്‍ നാരായണന് (46) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌േട്രറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസ് നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിധിവിട്ട് പുറത്തുപോകരുതെന്ന് കോടതി നിര്‍ദേശിച്ചു. അനേ്വഷണ ഉദേ്യാഗസ്ഥന്‍ ആവശ്യപ്പെടുന്ന ഘട്ടങ്ങളില്‍ അദ്ദേഹത്തിന് മുന്നില്‍ ഹാജരായി അനേ്വഷണ നടപടികളുമായി സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു. പതിനായിരം രൂപയുടെ ബോണ്ടില്‍ രണ്ട് പേരുടെ ജാമ്യത്തിലാണ് നാരായണന്‍ ജാമ്യത്തിലിറങ്ങിയത്. സംസ്ഥാന ആഭ്യന്തര സുരക്ഷാ അനേ്വഷണ ഏജന്‍സിയുടെ കോഴിക്കോട് യൂനിറ്റ് ഡി വൈ എസ് പി. എ ജെ ബാബുവും സംഘവുമാണ് ഇയാളെ കഴിഞ്ഞ ദിവസം ഉച്ചയോടെ അറസ്റ്റ് ചെയ്തത്.