ഗ്രീസില്‍ വീണ്ടും പണിമുടക്ക്

Posted on: July 17, 2013 12:15 am | Last updated: July 17, 2013 at 12:15 am

ഏതന്‍സ്: സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്ന ഗ്രീസില്‍ തൊഴില്‍ വെട്ടിക്കുറക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനെതിരെ വ്യാപക പ്രതിഷേധം. വിവിധ തൊഴിലാളി സംഘടനകള്‍ ആഹാനം ചെയ്ത പണിമുടക്കില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. ഈ വര്‍ഷം ഇത് നാലാം തവണയാണ് രാജ്യത്ത് പൊതുപണിമുടക്ക് നടക്കുന്നത്. ആശുപത്രികള്‍, പൊതു ഗതാഗതം, വിമാന സര്‍വീസുകള്‍ എന്നിവയെ പണിമുടക്ക് ബാധിച്ചു.
യൂറോപ്യന്‍ യൂനിയനില്‍ നിന്ന് 680 കോടി യൂറോയുടെ സാമ്പത്തിക സഹായം ലഭിക്കുന്നതിന് പാര്‍ലിമെന്റില്‍ ഈ ആഴ്ച ബില്‍ പാസ്സാക്കാനിരിക്കെയാണ് പണിമുടക്ക് നടന്നത്. പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ മാറിനില്‍ക്കുന്നതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ വരുത്തുന്നതാണ് പുതിയ ബില്‍. ബുധനാഴ്ചയാണ് ബില്‍ വോട്ടിനിടുന്നത്. ബില്‍ പാസാകുകയാണെങ്കില്‍ അധ്യാപകരുള്‍പ്പെടെ നാലായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. 2014 ഓടെ 11,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കരുതുന്നത്.