ഇടത് പാര്‍ട്ടികളുടെയും കേരളാ കോണ്‍ഗ്രസിന്റെയും നേതൃയോഗം ഇന്ന്

Posted on: July 17, 2013 6:10 am | Last updated: July 17, 2013 at 12:12 am

തിരുവനന്തപുരം: നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ സി പി എം, സി പി ഐ, ആര്‍ എസ് പി കക്ഷികളുടെ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട്, എല്‍ ഡി എഫ് തീരുമാനിച്ച പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചുചേര്‍ത്തിട്ടുള്ളതെങ്കിലും ഭരണമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങളും പരിഗണിക്കും. സി പി എം, സി പി ഐ യോഗങ്ങള്‍ തിരുവനന്തപുരത്തും ആര്‍ എസ് പി സെക്രട്ടേറിയറ്റ് കൊല്ലത്തുമാണ് യോഗം ചേരുന്നത്. അനിശ്ചിതകാല രാപ്പകല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
കേരളാ കോണ്‍ഗ്രസ് എം നേതൃയോഗവും ഇന്ന് തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കും. കെ എം മാണി, പി സി ജോര്‍ജ്, പി ജെ ജോസഫ് എന്നിവരെല്ലാം യോഗത്തില്‍ പങ്കെടുക്കും.