നവജാത ശിശുവിനെ ജുമൈറ ബീച്ചില്‍ കുഴിച്ചിട്ട മാതാവിന് രണ്ടു വര്‍ഷം തടവ്

Posted on: July 16, 2013 9:07 pm | Last updated: July 16, 2013 at 9:07 pm

jumaira beachദുബൈ: രണ്ട് ദിവസം മാത്രം പ്രായമായ നവജാത ശിശുവിനെ ജുമൈറ ബീച്ചില്‍ കുഴിച്ചിട്ട മാതാവിന് രണ്ടു വര്‍ഷം തടവ്.
കുട്ടി ജനിച്ച് രണ്ട് ദിവസത്തിനകം മരിക്കുകയും പിന്നീട് ബീച്ചില്‍ കൊണ്ടുപോയി രഹസ്യമായി കുഴിച്ചിടുകയും ചെയ്ത ക്ലീനിംഗ് ജോലിക്കാരിയായ ഫിലിപ്പിനോ യുവതിക്കാണ് ശിക്ഷ വിധിച്ചത്. മതിയായ ചികിത്സ ലഭിക്കാത്തതായിരുന്നു കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയത്. ഒപ്പം ജോലിചെയ്ത യുവാവില്‍ നിന്നും അവിഹിത ഗര്‍ഭത്തിലുണ്ടായ കുട്ടിയെക്കുറിച്ച് പുറം ലോകം അറിഞ്ഞാല്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ഭയന്നായിരുന്നു.
30 കാരിയായ യുവതി അതീവ രഹസ്യമായി മതിയായ സൗകര്യമില്ലാത്ത സത്‌വയിലെ സ്വന്തം ഫഌറ്റില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് മതിയായ ചികിത്സ നല്‍കാന്‍ പണം തടസമായിരുന്നുവെന്നും കോടതിയില്‍ യുവതി വെളിപ്പെടുത്തിയിരുന്നു. മാതാവിന്റെ ക്രൂരതയാണ് കുഞ്ഞ് മരിക്കാന്‍ ഇടയാക്കിയതെന്നും പ്രതിക്ക് കഠിന ശിക്ഷ നല്‍കണമെന്നും ഫാമിലി ആന്‍ഡ് ജുവനൈല്‍ പ്രോസിക്യൂഷന്‍ ചീഫ് മുഹമ്മദ് അലി റസ്തം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.