Connect with us

Ongoing News

കഞ്ഞിവെച്ച് പുണ്യം വിളമ്പി റഫീഖ് പിന്നിട്ടത് മൂന്ന് പതിറ്റാണ്ട്

Published

|

Last Updated

തൃശൂര്‍:”ഒന്നും ആഗ്രഹിച്ചല്ല താനിത് ചെയ്യുന്നത്, വിശക്കുന്ന വയറുകള്‍ക്ക് പരിഹാരമാവൂലോ.. അതും റമസാനിലെ ദിനങ്ങളില്‍” ഇത് പറയുന്നത് 32 വര്‍ഷമായി തൃശൂര്‍ ചെട്ടിയങ്ങാടി പള്ളിയില്‍ കഞ്ഞിവെച്ചു നല്‍കുന്ന റഫീഖാണ്. കഞ്ഞിയെന്ന് പറഞ്ഞാല്‍ മരുന്നു കഞ്ഞി. 22 തരം പച്ചമരുന്നുകളുടെ കൂട്ടില്‍ പാചകം ചെയ്യുന്ന മരുന്ന് കഞ്ഞി. പുണ്യങ്ങളുടെ പൂക്കാലമായ റമസാനിലെ 30 ദിനങ്ങളിലും റഫീഖ് പള്ളിയില്‍ കഞ്ഞിവെച്ച് നല്‍കും.

മുടിക്കോട് സ്വദേശിയായ റഫീഖ് പതിനാലാം വയസ്സില്‍ എത്തിപ്പെട്ടതാണ് ചെട്ടിയങ്ങാടി പള്ളിയില്‍. തമിഴ്‌നാട് തിരുനെല്‍വേലിയിലെ ഷെയ്ഖ് മിസ്ബാഹീന്‍ ആയിരുന്നു അക്കാലത്ത് പള്ളിയിലെ ഖത്തീബ്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം തുടങ്ങിവെച്ചതാണ് ഈ അന്നദാനം. പിന്നീടങ്ങോട്ട് വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല. എന്തും നമുക്ക് ദാനം ചെയ്യാം. എന്നാല്‍ അത് ഭക്ഷണമാകുമ്പോള്‍ പുണ്യം ഇരട്ടിയാണ്, റഫീഖ് പറയുന്നു.
പുലര്‍ച്ചെ നാല് മണിയോടെ അത്താഴത്തിന് ശേഷം റഫീഖ് ഒറ്റക്കുള്ള പൊരുതല്‍ തുടങ്ങും. 85 കിലോയുടെ ബിരിയാണി അരിയില്‍ ആശാളി, കസ്‌കസ്, ചുക്ക്, കുരുമുളക്, വെളുത്തുള്ളി, തേങ്ങാപ്പാല്‍, കറയാംമ്പൂ, നല്ല ജീരകം തുടങ്ങി 22 കൂട്ടുകള്‍ ചേര്‍ക്കും. രാവിലെ പത്ത് മണിയോടെ കഞ്ഞി റെഡി. പിന്നെ നിത്യച്ചെലവിനുള്ള മാര്‍ഗം തേടി റഫീഖ് മുടിക്കോടിലേക്ക്.
2500 പേര്‍ക്കുള്ള കഞ്ഞിയാണ് ഇയാള്‍ തനിയെ തയ്യാറാക്കുന്നത്. വെള്ളിയാഴ്ചകളില്‍ മട്ടന്‍ കഞ്ഞിയാണ്. 20 കിലോ ഗ്രാം ആട്ടിറച്ചിയും ഒപ്പം മറ്റു കൂട്ടുകളും ചേര്‍ത്താണ് അന്നത്തെ കഞ്ഞി. മട്ടന്‍ റോസ്റ്റ് ചെയ്ത് കൂട്ടുകള്‍ക്കൊപ്പം ചേര്‍ക്കും. വിവിധ വീടുകളില്‍ നിന്നായി ആയിരത്തിലേറെ പേര്‍ കഞ്ഞിവാങ്ങിക്കാന്‍ എത്താറുണ്ട്. വൈകുന്നേരം അഞ്ച് മണിയോടെ പള്ളി മുറ്റത്ത് നീണ്ട ക്യൂ കാണാം. തിക്കും തിരക്കുമില്ലാതെയാണ് കഞ്ഞി വിതരണം. അപ്പോഴേക്കും നോമ്പ് തുറക്കാനായി ധാരാളം പേര്‍ പന്തലില്‍ ഇടം പിടിച്ചിട്ടുണ്ടാകും. നിത്യവും 1500 ലേറെ വിശ്വാസികള്‍ക്കും വിളമ്പുന്നത് ഈ കഞ്ഞിതന്നെ.
വര്‍ഷങ്ങളായി നടക്കുന്ന കഞ്ഞി വിതരണത്തിനുള്ള ഫണ്ടിന് ഒരു ബുദ്ധിമുട്ടുമുണ്ടാകാറില്ല. 16,000 രൂപ ദിനംപ്രതി ചെലവ് വരും. പള്ളിയിലെ സംഭാവനയും വ്യാപാര സ്ഥാപനങ്ങള്‍ നല്‍കുന്ന സഹായവും.
അതില്‍ നിന്ന് റഫീഖിനും ഒരു പങ്ക് നല്‍കും . 200 വര്‍ഷം പഴക്കമുള്ള ചെട്ടിയങ്ങാടി പള്ളിയില്‍ 60 വര്‍ഷമായി കഞ്ഞി വിതരണം തുടങ്ങിയിട്ട്. റമസാനില്‍ ഈ പ്രവൃത്തിയിലാണ് റഫീഖ് കൂടുതല്‍ സമയം ചെലവിടുന്നത്. പള്ളിയും അനുബന്ധപ്രവര്‍ത്തനങ്ങളുമാണ് റഫീഖിന്റെ നിത്യ വരുമാനത്തിന് കൂട്ട്. ഭാര്യ ഷെറീന. റിയാസും റിള്‌വാനുമാണ് മക്കള്‍.
ചെട്ടിയങ്ങാടി പള്ളിയുടെ പുണ്യവും ചെയ്യുന്ന പ്രവൃത്തിയുടെ പുണ്യവും കൂടെയുള്ളതിനാല്‍ ഇതുവരെ റഫീഖിന്റെ കഞ്ഞി മുടങ്ങിയിട്ടില്ല. റമസാനിലെ ഓരോ ദിനം കഴിയുംതോറും റഫീഖ് പ്രാര്‍ഥിക്കുന്നത് ഒന്ന് മാത്രമാണ്-“നാളെയും കഞ്ഞിവെക്കാന്‍ ആയുസ്സും ആരോഗ്യവും തരണേ നാഥാ…”

 

Latest