ഇടുക്കി എന്‍ജിനീയറിംഗ് കോളജില്‍ സംഘര്‍ഷം; എട്ട് പേര്‍ക്ക് പരുക്ക്

Posted on: July 16, 2013 1:13 am | Last updated: July 16, 2013 at 1:13 am

ഇടുക്കി: ഇടുക്കി എന്‍ജിനീയറിംഗ് കോളജില്‍ ഇരു വിഭാഗം വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ മിഥുന്‍ലാല്‍, പ്രണവ്, അമീര്‍, അജിലാല്‍, എബിന്‍ തോമസ്, അഖില്‍കുമാര്‍, അരുണ്‍ തോമസ്, സിബിന്‍ ടി വി എന്നിവര്‍ക്കാണു പരുക്കേറ്റത്. രണ്ട് ഹോസ്റ്റലുകളിലെ താമസക്കാര്‍ തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രിന്‍സിപ്പലിന് പരാതി നല്‍കാന്‍ എത്തിയപ്പോള്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പ്രിന്‍സിപ്പലിന്റെ ഓഫീസിന് സമീപം വെച്ച് മര്‍ദിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇവര്‍ കൈയില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു. പരുക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മുതിര്‍ന്ന വിദ്യാര്‍ഥികളായ വിപിന്‍, സെബിന്‍, ബിബിന്‍, അര്‍ജുന്‍, വിഷ്ണു, സുനില്‍കുമാര്‍, വൈഷ്ണവ്, ആന്‍സണ്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണമുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി.