ആകാശവാണി വാര്‍ത്തകള്‍ ഇനി എസ് എം എസ് വഴിയും

Posted on: July 15, 2013 6:12 pm | Last updated: July 15, 2013 at 6:13 pm

akashavaniന്യൂഡല്‍ഹി: ആകാശവാണി വാര്‍ത്തകള്‍ ഇനി എസ് എം എസ് വഴിയും ലഭ്യമാകും. ഏറ്റവും ഒടുവിലത്തെ വാര്‍ത്താ തലക്കെട്ടുകള്‍ എസ് എം എസ് വഴി ശ്രോതാക്കളിലെത്തിക്കുന്നതിനുള്ള സംവിധാനമാണ് ആകാശവാണി ഒരുക്കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ശ്രോതാക്കള്‍ക്കാണ് വാര്‍ത്തകള്‍ ലഭിക്കുക. ദിവസവും മൂന്ന് ന്യൂസ് അലര്‍ട്ടുകള്‍ വീതം ലഭിക്കും. മൂന്നോ നാലോ വാര്‍ത്തകളുടെ തലക്കെട്ടുകളും ഒരു പരസ്യടാഗും അടങ്ങിയതാകും എസ് എം എസ്.

പരസ്യ ടാഗ് വഴിയുള്ള വരുമാനം ലക്ഷ്യമിട്ടാണ് ആകാശവാണി പുതിയ സംവിധാനം ആരംഭിക്കുന്നത്. നിലവില്‍ ആകാശവാണിയുടെ വെബ്‌സൈറ്റില്‍ നിന്ന് പ്രാദേശിക വാര്‍ത്തകള്‍ ഉള്‍പ്പെടെയുള്ളവയുടെ സ്‌ക്രിപ്റ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും ബുള്ളറ്റിന്‍ കേള്‍ക്കാനും സൗകര്യമുണ്ട്. ആകാശവാണിയുടെ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനും ലഭ്യമാണ്.