ബംഗ്ലാദേശില്‍ ജമാഅത്ത് നേതാവിന് 90 വര്‍ഷം തടവ്

Posted on: July 15, 2013 5:11 pm | Last updated: July 15, 2013 at 5:12 pm

gulam azamധാക്ക: 1971ലെ ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജമാത്തെ ഇസ്ലാമി നേതാവ് ഗുലാം ആസാമിനെ യുദ്ധക്കുറ്റങ്ങള്‍ക്കായുള്ള പ്രത്യേക കോടതി 90 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 90കാരനായ ഗുലാമിനെതിരെ ചുമത്തപ്പെട്ട അഞ്ച് വകുപ്പുകളിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. കലാപകാലത്ത് നടന്ന കൂട്ടക്കുരുതിയിലും ബലാത്സംഗങ്ങളിലും ഗുലാമിന് പങ്കുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നടപടിയെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.

ഗൂഢാലോചന നടത്തി, കുറ്റങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി, ആസൂത്രണം നടത്തി, കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചു, കൊലപാതകം തടയുന്നതില്‍ വീഴ്ച വരുത്തി എന്നീ കുറ്റങ്ങളാണ് ഗുലാമിനെതിരെ ചുമത്തപ്പെട്ടിരുന്നത്.

എന്നാല്‍ തനിക്കെതിരായ കുറ്റങ്ങള്‍ ഗുലാം നിഷേധിച്ചു. രാഷ്ട്രീയപ്രേരിതമാണ് വിധിയെന്ന് ജമഅത്തെ ഇസ്ലാമി വൃത്തങ്ങളും പ്രതികരിച്ചു. വിധി വന്നതോടെ തെരുവുകളില്‍ ജമാഅത്ത് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു.