മുര്‍സിക്കെതിരെ ക്രിമിനല്‍ കുറ്റം; അന്വേഷണത്തിന് കോടതി ഉത്തരവ്‌

Posted on: July 15, 2013 1:01 am | Last updated: July 15, 2013 at 1:01 am

muhammet-mursiകൈറോ: പുറത്താക്കപ്പെട്ട മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. രാജ്യത്തിനെതിരെ ചാരപ്രവര്‍ത്തനം, സാമ്പത്തിക മേഖലയെ പ്രതിസന്ധിയിലാക്കി, അനുയായികളെ അക്രമാസക്തമായ പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് മുര്‍സിക്കുമേല്‍ ചുമത്തിയതെന്ന് പ്രോസിക്യൂട്ടര്‍ വക്താക്കള്‍ അറിയിച്ചു. ശനിയാഴ്ച വൈകിയാണ് അന്വേഷണത്തിന് ഉത്തരവിട്ടുക്കൊണ്ടുള്ള പ്രസ്താവന പ്രോസിക്യൂട്ടര്‍ ഇറക്കിയത്. മുര്‍സി പുറത്തായതോടെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ബ്രദര്‍ഹുഡ് പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെയാണ് മുര്‍സിക്കെതിരെയുള്ള കോടതിയുടെ നടപടി.
മുര്‍സി അനുയായികളായ ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുന്ന നടപടിയാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. മുര്‍സിക്ക് പുറമെ പ്രമുഖ ബ്രദര്‍ഹുഡ് നേതാക്കള്‍ക്കെതിരെയും ക്രിമിനല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുര്‍സി അനുകൂല പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദീഇനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
കൈറോയില്‍ 53 പേരുടെ മരണത്തിനിടയാക്കിയ രക്തരൂഷിതമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയെന്ന കുറ്റമാണ് ബദീഇന് മേല്‍ ചുമത്തിയത്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. മുര്‍സിക്കും ബദീഇനുമെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍ വക്താവ് അറിയിച്ചു. എന്നാല്‍ ആരാണ് പരാതി നല്‍കിയതെന്ന കാര്യം പുറത്തുവിടാന്‍ വക്താവ് സന്നദ്ധനായിട്ടില്ല. മുര്‍സി അനുകൂല പ്രക്ഷോഭകര്‍ പരാതിക്കാരനെ വകവരുത്തുമെന്നതിനാലാണ് പേര് രഹസ്യമാക്കിവെക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍ വക്താവിനെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൈറോയിലെ സൈനിക ആസ്ഥാനത്തെ രഹസ്യകേന്ദ്രത്തില്‍ കഴിയുന്ന മുര്‍സിയെയും ബ്രദര്‍ഹുഡ് നേതാക്കളായ മുന്‍ സര്‍ക്കാര്‍ വക്താക്കളെയും ഉടന്‍ വിചാരണ ചെയ്യുമെന്നാണ് കരുതുന്നത്. പ്രക്ഷോഭം വകവെക്കാതെ വിചാരണാ നടപടികളുമായി മുന്നോട്ട് പോകുമെന്ന ഉറച്ച നിലപാടിലാണ് സൈനിക മേധാവികള്‍.
അതേസമയം, ഹുസ്‌നി മുബാറക്കിനെതിരെ നടന്ന പ്രക്ഷോഭ കാലഘട്ടത്തില്‍ ജയില്‍ ചാടിയെന്ന കേസില്‍ മുര്‍സിയെ ചോദ്യം ചെയ്തതായി ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എ എഫ് പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വാദി നത്‌റൂന്‍ ജയിലില്‍ നിന്ന് 2011ലാണ് ബ്രദര്‍ഹുഡ് നേതാക്കള്‍ക്കൊപ്പം മുര്‍സി ജയില്‍ ചാടിയത്. വിദേശ ശക്തികളാണ് ജയില്‍ ചാട്ടത്തിന് സഹായം നല്‍കിയതെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. പ്രോസിക്യൂട്ടര്‍ ചുമത്തിയ ക്രിമിനല്‍ കേസുകളിലുമുള്ള ചോദ്യം ചെയ്യല്‍ നടന്നുകൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഹുസ്‌നി മുബാറക്കിന് ശേഷം അധികാരത്തിലേറിയ ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തിനിടെ ജൂലൈ മൂന്നിനാണ് ഈജിപ്തില്‍ പട്ടാള ഇടപെടല്‍ നടന്നതും മുര്‍സിയെ പുറത്താക്കിയതും. ഇതിന് ശേഷം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് മുര്‍സി. കഴിഞ്ഞ മാസം 26നാണ് മുര്‍സി അവസാനമായി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.