ദുബൈ അമേരിക്കന്‍ സയന്റിഫിക് സ്‌കൂള്‍ അടച്ചുപൂട്ടി

Posted on: July 14, 2013 11:19 pm | Last updated: July 14, 2013 at 11:19 pm

Dubai American Scientific School in Dubaiദുബൈ: നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിലെ ദുബൈ അമേരിക്കന്‍ സയന്റിഫിക് സ്‌കൂള്‍ അധികൃതര്‍ അടച്ചുപൂട്ടി. അനധികൃതമായി അധ്യാപകരെ വാടകക്ക് എടുക്കുക, ഉയര്‍ന്ന ഫീസ് ചുമത്തുക, കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഫയല്‍ കേടുവരുത്തുക തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയതിനാണ് സ്‌കൂള്‍ അടച്ചുപൂട്ടിയത്.
ഇവിടെ പഠിച്ചിരുന്ന 244 കുട്ടികള്‍ക്ക് അടുത്ത അധ്യയന വര്‍ഷം മുതല്‍ മറ്റ് വിദ്യാലയങ്ങളില്‍ പ്രവേശനം ലഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി വിദ്യാലയങ്ങളെ നിയന്ത്രിക്കുന്ന എമിറേറ്റിലെ ഉന്നതാധികാര സമിതിയായ നോളജ് ആന്‍ഡ് ഹ്യൂമണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി(കെ എച്ച ഡി എ) വ്യക്തമാക്കി.
അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാലയം അടച്ചുപൂട്ടാന്‍ അനുമതി ആവശ്യപ്പെട്ടിരുന്നതായും അതോറിറ്റി വ്യക്തമാക്കി. വിദ്യഭ്യാസവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാലയം അടച്ച് പൂട്ടിയതെന്നാണ് അറബിക് മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത വന്നത്. വിദ്യാലയത്തിലെ 30 കുട്ടികള്‍ അകാരണമായി 21 മുതല്‍ 76 ദിവസം വരെ അവധി എടുത്തതായും ഇതിനെതിരെ വിദ്യാലയ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നതും നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും.
വാര്‍ഷിക ഫീസായി 24,000 ദിര്‍ഹം വാങ്ങാന്‍ മാത്രമാണ് വിദ്യാലയത്തിന് അതോറിറ്റി അനുമതി നല്‍കിയിരിക്കുന്നതെങ്കിലും 49,000 ദിര്‍ഹം വരെ ഫീസായി ഈടാക്കിയതായും അന്വേഷണത്തില്‍ വ്യക്തമായതായാണ് വിവരം.