Connect with us

Palakkad

സരിതയേയും ബിജുവിനേയും സഹായിക്കാനായി സര്‍ക്കാര്‍ പരക്കം പായുന്നു: കെ ഇ ഇസ്മാഈല്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: ആദിവാസികളെ സംസ്ഥാന സര്‍ക്കാര്‍ മനുഷ്യഗണത്തില്‍നിന്ന് പുറത്താക്കിയിരിക്കുന്നെന്ന് സി പി ഐ ദേശീയ നിര്‍വാഹകസമിതിയംഗം കെ ഇ ഇസ്മാഈല്‍. മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ പി കെ വാസുദേവന്‍നായരുടെ എട്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് എ ഐ വൈ എഫ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദിവാസികളെ മനുഷ്യരായി കണക്കാക്കാത്തതു കൊണ്ടാണ് അവര്‍ക്കു വേണ്ട അടിയന്തരാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാതെ സരിതയേയും ബിജുവിനേയും സഹായിക്കാനായി സര്‍ക്കാര്‍ പരക്കം പായുന്നത്.
ഉമ്മന്‍ചാണ്ടി ദിനംപ്രതി പരിഹാസ്യനായിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് സോളാര്‍ പോലുള്ള വന്‍ തട്ടിപ്പുകള്‍ പലതും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു രൂപപ്പെട്ടതു കൊണ്ടാണ്.
കള്ളനും കൊലപാതകിയുമായ ബിജു രാധാകൃഷ്ണനുമായി നടത്തിയ നീണ്ട ചര്‍ച്ചയെന്തായിരുന്നെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തണം. ഏറ്റവും കൂടുതല്‍ ഫോണ്‍ബില്ലടച്ച മുഖ്യമന്ത്രിക്ക് സ്വന്തമായി ഒരു ഫോണില്ലെന്നു പറയുന്നതു പൊതുജനത്തെ മുഖത്തു നോക്കി കഴുതയെന്നു വിളിക്കുന്നതിനു തുല്യമാണ്.
പുത്തന്‍ രാഷ്ട്രീയ തലമുറക്ക് ത്യാഗം എന്ന വാക്കു പോലും അന്യമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് ഒ കെ സെയ്തലവി അധ്യക്ഷത വഹിച്ചു.
സി പി ഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം വി ചാമുണ്ണി, മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, എ ഐ വൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പാലോട് മണികണ്ഠന്‍, പി പ്രഭാകരന്‍, ശിവദാസന്‍, സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു.