സ്വാശ്രയ കോളജിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നുവെന്ന്

Posted on: July 13, 2013 1:55 am | Last updated: July 13, 2013 at 1:55 am

കല്‍പറ്റ: സെന്റ്‌മേരീസ് കോളജ് എന്ന പേരില്‍ മീനങ്ങാടിയില്‍ സ്വാശ്രയ കോളജ് തുടങ്ങുമെന്ന മറവില്‍ പ്രചാരണം നടത്തി പാരലല്‍ കോളജ് തുടങ്ങി വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും കബളിക്കുന്നതായി പാരലല്‍ കോളജ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഈ സ്ഥാപനത്തിന് യൂണിവേഴ്സ്റ്റി തലത്തിലോ സര്‍ക്കാര്‍ തലത്തിലോ യാതൊരുവിധ അംഗീകാരമോ പരീക്ഷാ രജിസ്‌ട്രേഷന്‍ തുടങ്ങിയവ അവിടെത്തന്നെ നടത്തുന്നതിനുള്ള അനുവാദമോ ഇല്ല. അഡ്മിഷന് വരുന്ന വിദ്യാര്‍ഥികളോട് ഇന്റേണ്‍ മാര്‍ക്ക് നല്‍കുമെന്നുളള വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതായും അവര്‍ പറഞ്ഞു. ഈ സ്ഥാപനം ജില്ലയിലെ മറ്റേതൊരു പരലല്‍ കോളജ് പോലെതന്നെയാണ്. വ്യാജ പ്രചാരണങ്ങളില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും ഭാരവാഹികള്‍ മുന്നിറിയിപ്പ് നല്‍കി. ഇത്തരത്തില്‍ വിദ്യാര്‍ഥികളെയും സമൂഹത്തെയും വഞ്ചിക്കുന്ന സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. കൂടാതെ ജില്ലയില്‍ മറ്റു പല സ്ഥാപനങ്ങളും ആറു മാസം കൊണ്ട് പ്ലസ്ടു, എസ് എസ് എല്‍ സി, ഡിഗ്രി എന്നിവ നല്‍കുമെന്ന വ്യാജ പ്രചാരണം നടത്തുന്നതിനെതിരെയും നടപടി വേണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ രാജന്‍തോമസ്, ജില്ലാ പ്രസിഡന്റ് എ സുരേന്ദ്രന്‍, സെക്രട്ടറി ഷാജന്‍ ജോസ്, ട്രഷറര്‍ ജോബി, രക്ഷാധികാരി ആര്‍ രാമചന്ദ്രന്‍, മുചുകുന്ന് ഭാസ്‌കരന്‍, ഒ ടി അസീസ് എന്നിവര്‍ പങ്കെടുത്തു.