മിനെയ്‌റോ ഫൈനലില്‍; റൊണാള്‍ഡീഞ്ഞോ കാതോര്‍ക്കുന്നു

Posted on: July 13, 2013 12:59 am | Last updated: July 13, 2013 at 12:59 am

mineiroബെലോ ഹൊറിസോന്റെ: ബ്രസീലിന്റെ മുന്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോക്ക് ഒരു ലോകകപ്പ് കൂടി കളിക്കണമെന്ന് ആഗ്രഹമുണ്ട്. ദേശീയ ടീം കോച്ച് ലൂയിസ് ഫിലിപ് സ്‌കൊളാരിയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ റൊണാള്‍ഡീഞ്ഞോക്ക് അവസരം കൈവന്നിരിക്കുകയാണ്. റൊണാള്‍ഡീഞ്ഞോ കളിക്കുന്ന ബ്രസീലിയന്‍ ക്ലബ്ബ് അത്‌ലറ്റികോ മിനെയ്‌റോ ലാറ്റിനമേരിക്കയിലെ ചാമ്പ്യന്‍സ് ലീഗ് എന്നറിയപ്പെടുന്ന കോപ ലിബര്‍ട്ടഡോറസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയിട്ടുണ്ട്. കിരീടം ചൂടിയാല്‍ റൊണാള്‍ഡീഞ്ഞോയെ ടീമിലുള്‍പ്പെടുത്താനുള്ള മുറവിളി ഉയര്‍ന്നേക്കാം. ചുരുങ്ങിയ പക്ഷം സ്‌കൊളാരിയുടെ ശ്രദ്ധയില്‍പ്പെടാനെങ്കിലും മിനെയ്‌റോയുടെ കിരീടനേട്ടം മുന്‍ താരത്തെ സഹായിക്കും. ഗോളടിച്ചും ഗോളടിപ്പിച്ചും തിളങ്ങുന്ന റോണാള്‍ഡീഞ്ഞോ ദേശീയ ടീമിലേക്കുള്ള വിളിക്ക് കാതോര്‍ക്കുകയാണ്.
അര്‍ജന്റൈന്‍ ക്ലബ്ബ് ന്യുവെല്‍സ് ഓള്‍ഡ് ബോയ്‌സിനെതിരെ ഇരുപാദ സെമി ഷൂട്ടൗട്ടില്‍ ജയിച്ചാണ് മിനെയ്‌റോ ബ്രസീലിന്റെ ആവേശമായത്. ന്യൂവെല്‍സിന്റെ ഗ്രൗണ്ടില്‍ നടന്ന ആദ്യപാദം 2-0ന് തോറ്റ മിനെയ്‌റോ സ്വന്തം തട്ടകത്തില്‍ ഇതേ മാര്‍ജിനില്‍ ജയിച്ചാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടിയെടുത്തത്. ലിവര്‍പൂളിന്റെ മുന്‍ വിംഗര്‍ മാക്‌സി റോഡ്രിഗസ് എടുത്ത അഞ്ചാമത്തെ കിക്ക് തടഞ്ഞ് ഗോള്‍കീപ്പര്‍ വിക്ടറാണ് മിനെയ്‌റോയുടെ അവസാന ഹീറോ. എന്നാല്‍, ടീമിന്റെ നെടുംതൂണ്‍ റൊണാള്‍ഡീഞ്ഞോ ആയിരുന്നു.
ബെര്‍നാര്‍ഡ് നേടിയ ആദ്യ ഗോളിന് പിറകിലെ ബുദ്ധികേന്ദ്രമായ റൊണാള്‍ഡീഞ്ഞോ ഷൂട്ടൗട്ടില്‍ ബ്രസീലിന്റെ നിര്‍ണായകമായ അഞ്ചാം കിക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. 2-2ന് പിണഞ്ഞുനിന്ന ഷൂട്ടൗട്ട് മാര്‍ജിനില്‍ ബ്രസീല്‍ 3-2ന് ലീഡെടുത്തത് ഈ ഗോളിലായിരുന്നു. ശേഷമാണ് വിക്ടര്‍ ഹീറോ ആയത്.
നേരത്തെപകരക്കാരനായി ഇറങ്ങിയ ഗില്ലെര്‍മി കളി തീരാന്‍ അഞ്ച് മിനുട്ട് ശേഷിക്കെ ബ്രസീലിന്റെ രണ്ടാം ഗോള്‍ നേടിയതും വിധിനിര്‍ണായകമായി.
വെംബ്ലിയില്‍ ഇംഗ്ലണ്ടിനെതിരെ സൗഹൃദ മത്സരത്തില്‍ ബ്രസീലിന് പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ഓര്‍മകള്‍ മായ്ച്ചു കളഞ്ഞാണ് റൊണാള്‍ഡീഞ്ഞോ കളം വിട്ടത്.
അത്‌ലറ്റികോ മിനെയ്‌റോ ആദ്യമായിട്ടാണ് ലിബര്‍ട്ടഡോറസില്‍ ഫൈനല്‍ കളിക്കുന്നത്. റൊണാള്‍ഡീഞ്ഞോയും ഇതേ വികാരക്കാരനാണ്. ആദ്യ കിരീടമാണ് താരത്തിന്റെ ലക്ഷ്യം. പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത വികാരമാണുള്ളത്. ഒരു കുഞ്ഞിനെ പോലെയാണിപ്പോള്‍ ഞാന്‍ – മുപ്പത്തിമൂന്നുകാരന്‍ പറഞ്ഞു.
മൂന്നു തവണ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ പാാഗ്വെ ടീം ഒളിമ്പിയയാണ് ഫൈനലില്‍ അത്‌ലറ്റിക്കോയുടെ എതിരാളി.ജൂലായ് 17നും 24 നും ഇരു പാദങ്ങളിലായാണ് കലാശക്കളി.സെമിയില്‍ കൊളമ്പിയന്‍ ക്ലബ്ബ് ഇന്‍ഡിപെന്‍ഡന്റെ സാന്താ ഫി യെ 2-1 അഗ്രിഗേറ്റ് സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഒളിമ്പിയ ഫൈനലിലെത്തിയത്. 2002 ലായിരുന്നു ഒളിമ്പിയ അവസാനമായി കിരീടമണിഞ്ഞത്.
അതേ സമയം, കഴിഞ്ഞ മൂന്ന് തവണയും ലിബര്‍ട്ടഡോറസ് ഉയര്‍ത്തിയത് ബ്രസീല്‍ ക്ലബ്ബുകളായിരുന്നു. ഇന്റര്‍നാഷനല്‍, സാന്റോസ്, കൊറിന്ത്യന്‍സ്. ഈ പട്ടികയിലേക്ക് മിനെയ്‌റോയും ഇടം നേടിയാല്‍ അത് ചരിത്രമാകും. അടുത്ത ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ബ്രസീലിന് കോണ്‍ഫെഡറേഷന്‍സ് കപ്പിന് പിറകെ ലഭിക്കുന്ന മധുരമാകുമിത്.