സൂക്ഷിക്കുക; ഋഷിരാജ് സിംഗിന്റെ കണ്ണുകള്‍ പിന്നാലെയുണ്ട്‌

Posted on: July 13, 2013 12:17 am | Last updated: July 13, 2013 at 8:07 am

കൊച്ചി: മോഹവിലക്ക് 8055 എന്ന നമ്പര്‍ ലേലത്തിനെടുത്ത് BOSS എന്ന് വാഹനത്തില്‍ പ്രദര്‍ശിപ്പിച്ച് ഞെളിഞ്ഞു നടക്കുന്നവര്‍ ഇനി സൂക്ഷിക്കുക. ഋഷിരാജ് സിംഗിന്റെ കണ്ണുകള്‍ പിന്നാലയുണ്ട്. പ്രഹസനമായും നിയമവിരുദ്ധമായും തെറ്റിധരിപ്പിക്കുന്ന രീതിയില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നവരെ പിടികൂടാനാന്‍ തന്നെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐ പി എസിന്റെ തീരുമാനം. ഇങ്ങനെ പിടിക്കപ്പെടുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും.

കേന്ദ്ര മോട്ടോര്‍ വാഹന നിയമം 89ലെ 50, 51 നിയമ പ്രകാരമല്ലാതെ നമ്പറുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ ഉടനെ തിരുത്തേണ്ടതാണെന്ന് ഋഷിരാജ് സിംഗ ്‌ഐ പി എസ് അറിയിച്ചു. അല്ലാത്തപക്ഷം ഇത്തരം വാഹനങ്ങള്‍ പിടികൂടി രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്ര മോട്ടോര്‍ വാഹന നിയമം 89ലെ റൂള്‍ 50, 51 പ്രകാരം രജിസ്‌ട്രേഷന്‍ നമ്പറിലുള്ള അക്ഷരങ്ങള്‍ ഇംഗ്ലീഷിലും അക്കങ്ങള്‍ അറബിക്കിലും ആയിരിക്കണം. രണ്ട് വരിയായി വേണം എഴുതേണ്ടത്. സംസ്ഥാന കോഡും(KL), രജിസ്റ്ററിംഗ് അതോറിറ്റി കോഡും ആദ്യ വരിയിലും ശേഷിക്കുന്നത് രണ്ടാമത്തെ വരിയിലുമായിരിക്കണം. മുന്‍വശത്തെ നമ്പര്‍ ഒരു വരിയില്‍ എഴുതിയാലും മതി. ഇരുചക്ര-മൂന്നുചക്ര വാഹനങ്ങളില്‍ 200X100 മില്ലി മീറ്റര്‍ വലിപ്പത്തിലായിരിക്കണം നമ്പര്‍പ്ലേറ്റ്. മറ്റു വാഹനങ്ങളില്‍ 500X120 മില്ലി മീറ്റര്‍ വലിപ്പത്തിലും. രജിസ്റ്ററിംഗ് കോഡ് രണ്ടക്കത്തില്‍ വേണം എഴുതാന്‍. അക്ഷരങ്ങളും അക്കങ്ങളും ബോള്‍ഡ് ഫോണ്ടായിരിക്കണം. ഫോണ്ടുകളുടെ വലുപ്പത്തിനും നിശ്ചിത അളവുകളുണ്ട്. നമ്പര്‍ പ്ലേറ്റില്‍ മറ്റൊരു ചിത്രമോ, എബ്ലമോ പ്രദര്‍ശിപ്പിക്കുവാന്‍ പാടില്ല.
ഈ രീതിയിലല്ലാത്ത നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ പിടികൂടും. നിയമവിരുദ്ധമായും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലും നമ്പര്‍ പ്ലേറ്റുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വാഹനങ്ങളെ കുറിച്ച് 9446033314 എന്ന ഫോണ്‍ നമ്പറിലോ [email protected], [email protected] എന്നീ ഇ-മെയിലുകളിലോ അതാത് റീജിനണ്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരെയോ, ജോയിന്റ് റീജിനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരെയോ വിവരം പൊതുജനങ്ങള്‍ക്കും നല്‍കാവുന്നതാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.