സൂര്യ കാമോര്‍ജങ്ങള്‍

Posted on: July 12, 2013 11:59 pm | Last updated: July 13, 2013 at 8:03 am

ബീഹാറില്‍ പണ്ട് മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്ര, പാറ്റ്‌നയിലും മറ്റുമുള്ള റെയില്‍വേ ഭൂമി പണയപ്പെടുത്തിയും വിറ്റതായി രേഖയുണ്ടാക്കിയും ബേങ്കുകളെയും മറ്റും കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്തതായി കേസുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ആയിരക്കണക്കിന് രാഷ്ട്രീയ, വ്യാവസായിക, സാങ്കേതിക, വരേണ്യ, വാണിജ്യ അഴിമതികളിലൊന്നായി അതും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെവിടെയോ മറഞ്ഞുപോയി. വിക്കിപ്പീഡിയയിലും ഗൂഗിളിലും തിരഞ്ഞു നോക്കിയെങ്കിലും ഇന്ത്യയെ പിടിച്ചു കുലുക്കിയ കൂറ്റന്‍ അഴിമതികളുടെ ഹൈപ്പര്‍ ലിങ്കുള്ളതും അല്ലാത്തതുമായ പട്ടികകളിലൊന്നും ഇത് കാണാനില്ല. മനുഷ്യരുടെ ഓര്‍മ തന്നെ നശിച്ചു പോകുന്ന ഇക്കാലത്ത്, കമ്പ്യൂട്ടര്‍ ശൃംഖലകളുടെ ഓര്‍മ കൂടി നശിച്ചാല്‍ എന്തായിരിക്കും സ്ഥിതി എന്ന് ബോധ്യമായി. വെറുതെയാണോ ഉമ്മന്‍ ചാണ്ടി പറഞ്ഞത്; എന്റെ ഓഫീസിലെ സുതാര്യത, വെബ് ക്യാമറയിലാണ് അതില്‍ റെക്കോഡിംഗില്ല. അതായത്, കണ്ടത് കണ്ടോണം, പിന്നെ ഓര്‍മിക്കരുത്. റെഫറന്‍സുകള്‍ നഷ്ടമാകുന്ന മുടിഞ്ഞ കാലം തന്നെ. ലൈവുകള്‍ വിജയിക്കട്ടെ.

റെയില്‍വേ ഭൂമി വിറ്റതും പണയം വെച്ചതുമായ സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും ഇല്ലാതിരുന്നിട്ടുണ്ടെങ്കിലും പോകട്ടെ; ഭൂമിയെ വിറ്റ് കൊള്ളയടിക്കുന്ന സംഭവം വിട്ട്, തൊടാന്‍ കഴിയാത്ത അകലത്തിലും ചൂടിലും കിടന്ന് പൊരിയുന്ന സൂര്യനെ വിറ്റ് കാശടിക്കാനുള്ള പദ്ധതിയുടെ പേരില്‍, റെക്കോര്‍ഡിംഗില്ലാത്ത സുതാര്യതക്കാരെ നമിച്ചേ മതിയാകൂ. ‘കൊടിയേറ്റ’ത്തില്‍ ഗോപി പറയുന്നതു പോലെ, ‘എന്തൊരു സ്പീഡ്!’ ഇരുനൂറ് വര്‍ഷത്തെ ബ്രിട്ടീഷ് ഭരണത്തില്‍ നടന്ന കൊള്ളകളെയും കവര്‍ച്ചകളെയും പതിന്മടങ്ങ് മറികടക്കുന്ന പടുകൂറ്റന്‍ കൊള്ളയാണ് കഴിഞ്ഞ പത്തിരുപത് വര്‍ഷമായി ഇന്ത്യയില്‍ നടക്കുന്നത്. ഭൂമിയും ആകാശവും പ്രകൃതിവിഭവങ്ങളും സര്‍ക്കാര്‍ സ്വത്തുക്കളും ജലാശയങ്ങളും കുന്നുകളും കൃഷിയിടങ്ങളും പാറകളും മണലും സംസ്‌കാരവും മനുഷ്യവിഭവവും എന്നുവേണ്ട കാണാനാകുന്നതും കേള്‍ക്കാനാകുന്നതും തൊട്ടറിയാനാകുന്നതും അതൊന്നുമല്ലാത്തതുമായ എല്ലാം വിറ്റ് കാശടിക്കാന്‍ കഴിയുന്ന ന്യൂ ജനറേഷന്‍കാരുടെ രാഷ്ട്രീയ, സാങ്കേതിക കാലമാണ് ഇന്ത്യയിലുള്ളത്. അതേ കാലം തന്നെയാണ് കേരളത്തിലുമുള്ളത് എന്നു തെളിയിക്കുന്ന സംഭവങ്ങളാണ് സൂര്യനെ വിറ്റ് കോടികളുണ്ടാക്കാനുള്ള ശ്രമത്തിന്റെ പിറകിലുമുള്ളത്.
കേരളീയര്‍ പൊതുവേ സ്വയം ചികിത്സക്കാരാണ്. മഴ പെയ്തു തുടങ്ങിയാല്‍, ആശുപത്രികളിലേതിനേക്കാള്‍ തിരക്ക് മെഡിക്കല്‍ ഷോപ്പുകളിലാണ്. കൗണ്ടറില്‍ അഭിപ്രായം ആരാഞ്ഞും അല്ലാതെയും പാരസെറ്റമോളും ആന്റിബയോട്ടിക്കുകളും കുരസംഹാരികളും വാരി വിഴുങ്ങുന്നതില്‍ കേരളീയര്‍ മത്സരിക്കുന്നതു കാണാം. സ്വന്തം ശരീരത്തിനും കുടുംബത്തിനും മാത്രമല്ല, സമൂഹത്തിനു സംഭവിക്കുന്ന പ്രതിസന്ധികളും, തന്നെയും തന്റെ കുടുംബത്തെയും ബാധിക്കാതിരിക്കുന്നതിനെന്തു ചെയ്യാം എന്നെപ്പോഴും ആലോചിച്ച് അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് സാമാന്യ മലയാളി. റോഡുകള്‍ വികസിക്കാനോ വികസിപ്പിക്കാനോ പറ്റാറില്ലെങ്കിലും കാറുകളും സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും വാങ്ങിക്കൂട്ടുന്നതില്‍ നമുക്ക് ഒരു വീണ്ടുവിചാരവുമില്ല. ഇനി റോഡുകളില്ല എന്നും റോഡുകള്‍ വികസിപ്പിക്കാനാകുകയില്ല എന്നും വന്നാല്‍, അവരവര്‍ ആവശ്യത്തിനുള്ള റോഡുകള്‍ ആകാശത്തിലൂടെയോ ഭൂമിക്കടിയിലൂടെയോ കടലിലൂടെയോ വെട്ടിയെടുക്കാമെന്നോ മറ്റോ ഉള്ള പദ്ധതി എവിടെയെങ്കിലും കേട്ടു എന്നു വിചാരിക്കുക. അതില്‍ ചാടി വീഴാനും ലക്ഷങ്ങള്‍ നിക്ഷേപിച്ച് ലാഭം കൊയ്യാനാകുമോ എന്ന് നോക്കാനും കേരളീയര്‍ തയ്യാറാകും. ഭാവിയിലെ സരിതമാരും ബിജുമാരും ശാലുമാരും ജോപ്പന്മാരും ജിക്കുമാരും ശറീഫുമാരും സലിം രാജുമാരും കുരുവിളമാരും അവരുടെ രാഷ്ട്രീയ രക്ഷാകര്‍ത്താക്കളും ഈ ഫീല്‍ഡുകളും കൂടി പഠിക്കട്ടെ. എല്ലാ ആശംസകളും നേരുന്നു.
സൗരോര്‍ജത്തിന്റെ കാര്യത്തിലും സംഭവിച്ചത് ഇപ്രകാരമാണ്. കേരളം അതിഗുരുതരമായ വൈദ്യുത പ്രതിസന്ധി അഭിമുഖീകരിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകളും ഫീച്ചറുകളും പ്രസംഗങ്ങളും മുന്നറിയിപ്പുകളും പഠനങ്ങളും കേള്‍ക്കാനും മുഴങ്ങാനും തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളായി. ലോഡ് ഷെഡ്ഡിംഗുകളും പവര്‍ കട്ടുകളും പവര്‍ ഹോളിഡേകളും അതൊന്നും പോരാഞ്ഞ് ഒരു വിധത്തിലും താങ്ങാനാകാത്ത വൈദ്യുതി വില വര്‍ധനകളും അടിച്ചേല്‍പ്പിച്ച് ജനത്തെ ഈ പ്രതിസന്ധി പഠിപ്പിക്കാനായി വൈദ്യുതി ബോര്‍ഡും റെഗുലേറ്ററി കമ്മീഷനും പിന്നെ അവര്‍ക്ക് ഒത്താശ ചെയ്യുന്ന സംഘടനക്കാരും നേതാക്കളും ശ്രമിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. പുതിയ ജലവൈദ്യുത പദ്ധതികളും മറ്റും ആരംഭിച്ച് കാട് കട്ടു തുലക്കാമെന്ന വിചാരം പരിസ്ഥിതി അവബോധം വികസിച്ചതോടെ ഇനി നടക്കില്ലെന്നായിട്ടുണ്ട്. ആണവനിലയങ്ങളുടെയും സ്ഥിതി കുഴപ്പത്തിലാണ്. നിലവിലുള്ള പദ്ധതികള്‍ പൂര്‍ണ സജ്ജമാക്കുകയും വിതരണം കുറ്റമറ്റതാക്കുകയും ചെയ്യുന്നതിലൂടെ വൈദ്യുതി കുറെ പാഴാക്കാതെ സംരക്ഷിക്കാനാകുമെന്ന് നിരന്തരം പറയാറുണ്ടെങ്കിലും അതിന് വേണ്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കാലത്ത് ആത്മാര്‍ഥമായി ശ്രമിച്ച പിണറായി വിജയനെ, സാങ്കേതിക നൂലാമാലകളും ചുകപ്പു നാടയും കണക്കിലെടുക്കാത്തതിന്റെ പേരില്‍ നിയമ, രാഷ്ട്രീയക്കുരുക്കിലകപ്പെടുത്തിയതിന്റെ പേരാണ് കൊട്ടിഘോഷിക്കപ്പെടുന്ന ലാവ്‌ലിന്‍ കേസ് എന്നതും ഇത്തരുണത്തില്‍ ബോധ്യപ്പെടുന്നത് നന്ന്.
ഇതിനിടയിലാണ് സൗരോര്‍ജവും കാറ്റാടിയും രംഗത്തു വരുന്നത്. എല്ലാ വീട്ടിലും സൗരോര്‍ജ പാനലും ബാറ്ററിയും വെച്ചാല്‍ വൈദ്യുതി പ്രതിസന്ധി കാലാകാലത്തേക്ക് പരിഹരിക്കുമെന്ന കൊണ്ടുപിടിച്ച പ്രചാരണം എല്ലാവരും ഏറ്റുപിടിച്ചു. ചില ശാസ്ത്ര സാങ്കേതിക വിദഗ്ധരും പ്രചാരകരും അവരുടെ വീട്ടിലും സ്ഥാപനങ്ങളിലും വെച്ച പാനലുകളെ സംബന്ധിച്ചും ബാറ്ററിയെ സംബന്ധിച്ചും കുളൂസടിക്കാനും തുടങ്ങി. അനെര്‍ട്ടിന്റെ സബ്‌സിഡി, മധ്യവര്‍ഗക്കാര്‍ തിങ്ങിനിറഞ്ഞ ഓഫീസുകളിലും വീടുകളിലും മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകളുടെ കയറിയിറങ്ങല്‍ എന്നീ പരിഹാസ്യ നാടകങ്ങളും നിരന്തരം തുടര്‍ന്നു പോന്നു. വൈദ്യുതി നിയന്ത്രണവും വില കയറ്റലും ഇതിനിടയിലും നിര്‍ബാധം തുടര്‍ന്നു പോരുന്നുമുണ്ട്.
ഇതെഴുതുന്നയാളുടെ കഴിഞ്ഞ വേനല്‍ക്കാലത്തെ രണ്ട് മാസ വൈദ്യുത ബില്‍ രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ്. അതായത്, ഒരു വര്‍ഷം പതിനയ്യായിരം രൂപ. അഞ്ച് കൊല്ലത്തേക്ക് എഴുപത്തയ്യായിരം രൂപ. അതിനിടയില്‍ വില കൂടാന്‍ സാധ്യതയുണ്ടെങ്കിലും അതിനനുസരിച്ച് വരുമാനവും വര്‍ധിക്കുമെന്ന് കണക്കു കൂട്ടാം. ഇതിനിടയില്‍ സൗരോര്‍ജ പാനല്‍ ഇത്തരമൊരു വീട്ടില്‍ വെക്കുന്നതിനെന്തു ചെലവാകും എന്നന്വേഷിച്ചു. ഇപ്പോള്‍ ഉപയോഗിക്കുന്ന കറന്റിന്റെ പകുതി ഉപയോഗിക്കാന്‍ തന്നെ സൗരോര്‍ജ മുതല്‍മുടക്ക് രണ്ട് ലക്ഷം രൂപയെങ്കിലുമാകും എന്നാണ് മറുപടി. അതിലെ ബാറ്ററിക്ക് മൂന്ന് വര്‍ഷം അല്ലെങ്കില്‍ അഞ്ച് വര്‍ഷം മാത്രമേ ഗ്യാരണ്ടിയുള്ളൂ. അതായത് അതോടെ സംഭവം അവസാനിക്കും. വീണ്ടും ഒന്നൊന്നര ലക്ഷം ചെലവാക്കണം. ബാറ്ററിക്കാണ് വില കൂടുതല്‍. പാനലും ക്ലാവ് പിടിച്ചിട്ടുണ്ടാകും. അതിനും ചെലവ് വരും. എഴുപത്തയ്യായിരം കെ എസ് ഇ ബി ബില്ലിനു പകരം രണ്ട് ലക്ഷം രൂപ സോളാര്‍ വെക്കാന്‍ ചെലവാക്കാം എന്നതാണ് പരിഹാരം. ഇതു വെച്ചാലോ, മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനാകില്ല, എ സി പറ്റില്ല, ഇസ്തിരിപ്പെട്ടി പറ്റില്ല, മിക്‌സിയും ഗ്രൈന്‍ഡറും പറ്റില്ല. ‘ഉറങ്ങാന്‍ കള്ള് വേറെ കുടിക്കണം’ എന്നു പറഞ്ഞതു പോലെ, അതിന് കെ എസ് ഇ ബി കറന്റ് വേറെയും വേണം. അതായത് ബില്‍ ഭീഷണിയും തുടരും. അതടക്കാനുള്ള ക്യൂകള്‍, ഡിസ്‌കണക്ഷന്‍ നോട്ടീസ് എന്നിവ അവസാനിക്കില്ലെന്നു ചുരുക്കം.
പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല. വൈദ്യുതി പ്രതിസന്ധിയുടെ പേരില്‍, ജനങ്ങളെ സ്വയം ചികിത്സക്കും അതു വഴി ഒരു പറ്റം കൊള്ളക്കാര്‍ക്ക് കൊള്ളയടിക്കാനും വഴിയൊരുക്കിയ സര്‍ക്കാര്‍ സംവിധാനവും അതിന് ചൂട്ട് പിടിച്ച് പ്രചാരണങ്ങളൊരുക്കിയ സംഘടനക്കാരും ഈ സരിത, ശാലു, ബിജു സൂര്യ കാമോര്‍ജത്തട്ടിപ്പിന് കാരണക്കാരാണെന്നതാണ് യാഥാര്‍ഥ്യം. സൗരോര്‍ജം യാഥാര്‍ഥ്യമാകാനുള്ളതാണെങ്കില്‍ ആയിക്കൊള്ളും. അത് ഈ വിവാദത്തിലൂടെ ഇല്ലാതായാലോ എന്നൊക്കെ ചിലര്‍ വിലപിക്കുന്നതു കണ്ടു. ശാന്തം പാപം. പഴമുറം കൊണ്ട് സൂര്യനെ മറക്കാനാകുമോ എന്നാണ് ഇക്കൂട്ടരോട് ചോദിക്കാനുള്ളത്. മാത്രമല്ല, എല്ലാ വീടുകളിലും മഴക്കുഴിയും മഴവെള്ള സംഭരണവും നിര്‍ബന്ധമാക്കി, പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഉദ്യോഗസ്ഥരുടെ കൈക്കൂലി ഉറപ്പ് വരുത്തിയതു പോലെ ഒരു ശുംഭന്‍ ഉത്തരവ് സോളാറിന്റെ കാര്യത്തിലും കാത്തിരുന്നു. എല്ലാ വീട്ടിലും സോളാര്‍ നിര്‍ബന്ധമാക്കുന്ന ആ ഉത്തരവാണ് പതിനായിരം കോടി അഴിമതിക്ക് കളമൊരുങ്ങി എന്ന് പി സി ജോര്‍ജ് പറഞ്ഞത്. പാവത്തിന്റെ വായ് പൂട്ടിട്ട് പൂട്ടി.
സോളാര്‍ തട്ടിപ്പ് വന്ന വഴിയാണ് ഈ വിവരിച്ചത്. സോളാര്‍ തട്ടിപ്പിനെ മലയാളി വായിച്ചെടുത്തതെങ്ങനെയെന്നതാണ് ഇനി പരിശോധിക്കേണ്ടത്. രണ്ട് വെളുവെളുത്ത നായര്‍/മേനോന്‍ സുന്ദരികള്‍ നടത്തിയ ലൈംഗിക വേട്ടയാടലായിട്ടാണ് ഇതിനെ നാം വായിച്ചെടുത്തത്. സരിതയുടെയും ശാലുവിന്റെയും ഫോണ്‍ വിളികള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ടവരാരും തന്നെ ബിജുവിന്റെ ഫോണ്‍ വിളികള്‍ പരിശോധിക്കണമെന്നാവശ്യപ്പെടുന്നില്ല. കൊലപാതകക്കുറ്റം വരെ ആരോപിക്കപ്പെട്ടയാളാണ് ബിജു എന്നാലോചിക്കുക. മലയാളി ഹൗസ് പോലെ ഒളിഞ്ഞു നോട്ടത്തിനുള്ള അവസരമായിട്ടാണ് ഈ കൊടും കുറ്റകൃത്യത്തെ എല്ലാവരും മുതലാക്കുന്നത്. രാത്രിയില്‍ അശ്ലീലം പറഞ്ഞു; എസ് എം എസ് അയച്ചു; വിനോദ യാത്ര നടത്തി; തോളില്‍ തൊട്ടു; കിടപ്പറയില്‍ ഫോട്ടോ എടുത്തു എന്നിങ്ങനെ മറ്റുള്ളവരുടെ വീടകത്തേക്ക് ഒളിഞ്ഞു നോക്കാനുള്ള പീറ അവസരമായി ഈ കുറ്റാന്വേഷണത്തെ നാം ചുരുക്കിക്കെട്ടി. ഇതിനു കാരണം, എം ഋജു (സര്‍വം സരിതമയം/മാധ്യമം) പറയുന്നതു പോലെ, കടുത്ത ലൈംഗിക ദാരിദ്ര്യത്തില്‍ നട്ടപ്പിരാന്ത് പിടിച്ചു കഴിയുന്ന, ലൈംഗിക ഫാന്റസികളുടെ ദിവാസ്വപ്‌നങ്ങളില്‍ ജീവിക്കുന്ന, സ്ത്രീയുടെ സ്പര്‍ശത്തിനും ഗന്ധത്തിനും ആയി ഭിക്ഷക്കാരെ പോലെ യാചിച്ചു നടക്കുന്നവരാണ് കേരളീയപുരുഷന്മാര്‍ എന്നതുകൊണ്ടാണ്.
സോളാര്‍ തട്ടിപ്പ് നടന്നതു പോലെ തന്നെ, ഈ വാര്‍ത്തകളും വഴി വിട്ടു സഞ്ചരിക്കുന്നവയാണെന്ന് നാം കാണാതിരിക്കരുത്. ഇങ്ങനെ രാഷ്ട്രീയാധികാരപരവും സാമ്പത്തികവും ആയ ഒരു വന്‍ കുറ്റകൃത്യത്തെ വെറും ലൈംഗികാഭാസ കോളിളക്കമായി നാം വായിച്ചെടുത്തതിനാല്‍ അത് കാറ്റായി അലിഞ്ഞും ഒലിച്ചും പോകുകയേ ഉള്ളൂ എന്നതാണ് വാസ്തവം. ഒന്നാമത്തെ അടി, ജോസ് തെറ്റയില്‍ വെബ് ക്യാം(റെക്കോഡിംഗുള്ളത്) വിവാദത്തിലൂടെ വായ് നോക്കി വാര്‍ത്താ സ്രഷ്ടാക്കള്‍ക്കും വായനക്കാര്‍ക്കും കിട്ടിക്കഴിഞ്ഞു. അതിന്റെ കാറ്റ് പോയിത്തുടങ്ങി. അടുത്തത് വരാനിരിക്കുന്നതേ ഉള്ളൂ.
സൂര്യനെ സൂര്യന്റെ പണിക്കും സര്‍ക്കാറിനെ സര്‍ക്കാറിന്റെ പണിക്കും കാമത്തെ കാമത്തിന്റെ പണിക്കുമല്ല നാം ഉപയോഗിക്കുന്നത്. എല്ലാം തന്‍ കാര്യസിദ്ധികള്‍ക്കായുള്ള അധികാരവാഴ്ചകള്‍ ആക്കി ഗതി മാറ്റിയിരിക്കുന്നു. അതാണ് നാം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധത്തെ, കമ്യൂണിസ്റ്റ് വേട്ടയാടലിനും പാര്‍ട്ടിയെ ചവിട്ടിക്കൂട്ടുന്നതിനും വേണ്ടിയാണ് ഉപയോഗിച്ചത് എന്ന് മുല്ലപ്പള്ളിയുടെ ആവശ്യത്തെ സംബന്ധിച്ച തിരുവഞ്ചൂരിന്റെ തുറന്നുപറച്ചിലിലൂടെ വ്യക്തമായി തെളിഞ്ഞിരിക്കുന്നു. മരിക്കുന്നതിനു മുമ്പ് ജീവനോടെ സ്വന്തം വീടും നാടും കാണാന്‍ പോലും അവസരമില്ലാതെ സഖാവ് സി എച്ച് അശോകന്‍ അന്ത്യയാത്ര പറഞ്ഞു. അതേ പോലീസും മാധ്യമങ്ങളുമാണ് സരിത- ശാലു- ബിജു വിവാദത്തിലും പറന്നു നടക്കുന്നത്. കാര്യങ്ങള്‍ ഏതു വഴിക്കു പോകുമെന്ന് കാത്തിരുന്നു കാണാം.