Connect with us

Kerala

ഫോണ്‍ രേഖകളുടെ സി ഡി നഷ്ടപ്പെട്ടതായി തിരുവഞ്ചൂര്‍

Published

|

Last Updated

കോട്ടയം: സോളാര്‍ കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നതായി ആരോപണങ്ങളുയരുന്നതിനിടെ പ്രതികളും ഉന്നതരുമായുള്ള ഫോണ്‍ രേഖകളടങ്ങിയ രണ്ട് സി ഡികള്‍ നഷ്ടപ്പെട്ടതായുള്ള വെളിപ്പെടുത്തലുമായി ആഭ്യന്തര മന്ത്രി തന്നെ രംഗത്ത്. സരിത എസ് നായരും മറ്റു പ്രതികളുമായി ഉന്നതരുടെ ഫോണ്‍ രേഖകളടങ്ങിയ രണ്ട് സി ഡികള്‍ പോലീസ് ആസ്ഥാനത്ത് നിന്ന് നഷ്ടപ്പെട്ടതായി ഇന്നലെ തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് മന്ത്രി പറഞ്ഞത്.

സോളാര്‍ കേസില്‍ ശേഖരിച്ച ഫോണ്‍ വിവരങ്ങള്‍ അടങ്ങിയ സി ഡികള്‍ 15നും 19നും ഡി സി ആര്‍ ബി യില്‍ നിന്ന് പുറത്തുപോയിട്ടുണ്ട്. വിഷയം ഇന്റലിജന്‍സ് എ ഡി ജി പി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ രണ്ട് ദിവസങ്ങളായി തണുത്തു നിന്ന സോളാര്‍ വിഷയം വീണ്ടും ചര്‍ച്ചാകേന്ദ്രമായി.
അതേസമയം സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നതായുള്ള ആക്ഷേപമുന്നയിച്ച കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് അങ്ങനെയൊരു വിവരം കിട്ടിയെങ്കില്‍ അത് അദ്ദേഹത്തിന് മുഖ്യമന്ത്രിക്കു കൈമാറാം. ഇക്കാര്യം സ്വയം അന്വേഷിക്കാന്‍ അധികാരമുള്ളയാളാണ് മുല്ലപ്പള്ളി. സര്‍ക്കാറിന് ഇത്തരമൊരു പരാതിയില്ല. വിഷയം രാഷ്ട്രീയമായി കാണുകയാണ് സി പി എം.
ബിനീഷ് കോടിയേരിയുടെ പാസ്‌പോര്‍ട്ട് സംബന്ധിച്ച വിഷയമാണ് സി പി എമ്മിന് ഇക്കാര്യത്തിലുള്ള വിഷമമെങ്കില്‍ അതു രേഖകളിലുള്ള കാര്യമാണ.് തങ്ങളാരും ചെയ്തതല്ലെന്നും തിരുവഞ്ചൂര്‍ അവകാശപ്പെട്ടു. തന്നെയും ഉമ്മന്‍ ചാണ്ടിയെയും തമ്മില്‍ തെറ്റിക്കാന്‍ നോക്കുന്നവര്‍ സ്വയം അടിതെറ്റി വീഴുകയേയുള്ളൂ. ഉമ്മന്‍ ചാണ്ടി തങ്ങളുടെ നേതാവും വഴികാട്ടിയുമാണ്. അദ്ദേഹം നയിക്കുന്ന വഴിയേയാണ് തങ്ങള്‍ പോകുന്നത്. ഒരുമിച്ച് മുന്നോട്ടു പോകുന്ന തങ്ങളെ കൂട്ടുത്തരവാദിത്വം പഠിപ്പിക്കാന്‍ പിണറായി വിജയന്‍ മുതിരേണ്ട. വല്ലപ്പോഴും സെക്രട്ടേറിയറ്റ് യോഗത്തിന് വരുമ്പോള്‍ മാത്രമാണ് പിണറായിയും വി എസും തമ്മില്‍ കാണുന്നത്. അവര്‍ക്ക് ഉത്തരവാദിത്വമേയില്ല. സ്വന്തം കണ്ണിലെ കോലെടുത്തിട്ടു പോരെ അന്യന്റെ കണ്ണിലെ കരടെടുക്കാന്‍. തിരുവഞ്ചൂര്‍ ചോദിച്ചു.