സൗജന്യ വിദ്യാഭ്യാസം അവകാശമായിട്ടും സ്‌കൂളുകളില്‍ പോകാത്ത കുട്ടികളേറെ

Posted on: July 12, 2013 12:09 am | Last updated: July 12, 2013 at 12:09 am

അരീക്കോട്: സൗജന്യവും നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം കുട്ടിയുടെ അവകാശമായിട്ട് നാല് വര്‍ഷം കഴിഞ്ഞെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും സ്‌കൂളില്‍ പോകാത്ത നിരവധി കുട്ടികളുണ്ടെന്ന് കണ്ടെത്തല്‍. മില്ല്യന്‍ പ്ലസ് സിറ്റികളില്‍ സര്‍വശിക്ഷാ അഭയാന്‍ നടത്തിയ സര്‍വേയിലാണ് വിവരങ്ങള്‍ പുറത്തു വന്നത്. നഗരപ്രദേശങ്ങളിലെ 1406 കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 100 ശതമാനം കുട്ടികളും സ്‌കൂളുകളില്‍ ചേര്‍ന്നുവെന്നായിരുന്നു കണക്ക്. കഴിഞ്ഞ ദിവസം ചേര്‍ന്ന എസ് എസ് എ പ്രോജക്ട് അപ്രൂവല്‍ ബോര്‍ഡ് യോഗത്തില്‍ പഠനം ചര്‍ച്ചക്ക് വിധേയമായി.

705 ആണ്‍കുട്ടികളും 641 പെണ്‍കുട്ടികളും ഉള്‍പ്പെടെ 6 നും 11 നും ഇടയില്‍ പ്രായമുള്ള 1,346 കുട്ടികളും 36 ആണ്‍കുട്ടികളും 24 പെണ്‍കുട്ടികളും ഉള്‍പ്പെടെ ഒന്നിനും 14 നും ഇടയിലുള്ള 60 കുട്ടികളും സ്‌കൂളില്‍ പോകുന്നില്ല. എറണാകുളം, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം എന്നീ ഏഴു ജില്ലകളിലെ പത്ത് ലക്ഷത്തില്‍പരം ജനസംഖ്യയുള്ള നഗരപ്രദേശങ്ങളിലാണ് പഠനം നടന്നത്.
ആറിനും 10 നുമിടയിലുള്ള കുട്ടികളില്‍ ഭൂരിഭാഗവും അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളാണെന്നാണ് കണ്ടെത്തല്‍. തദ്ദേശീയരായ കുട്ടികളില്‍ എച്ച് ഐ വി ബാധിച്ച കുട്ടികളും ലൈംഗിക തൊഴിലാളികളുടെ മക്കളുമാണ് സ്‌കൂളില്‍ പോകാത്താവരായി കണ്ടെത്തിയവരില്‍ കൂടുതലും. വിവിധ അസുഖങ്ങളാലും മറ്റും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. ഗ്രാമപ്രദേശങ്ങളിലെ കണക്കെടുത്താല്‍ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നിരന്തരം മാറിപ്പോകുന്നതാണ് അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളുടെ സ്‌കൂള്‍ പ്രവേശത്തിനുള്ള പ്രധാന തടസ്സം.
ആറിനും 14നും ഇടയിലുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പു വരുത്തല്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളുടെയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെയും നിയമപരമായ ഉത്തരവാദിത്തമാണെന്നിരിക്കെ സ്ഥിരമായി താമസസ്ഥലം മാറിപ്പോകുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സര്‍ക്കാറുകള്‍ക്ക് വലിയ ബാധ്യതയായി മാറുകയാണെന്ന് അധികൃതര്‍ പറയുന്നു. ഭാവിയില്‍ ഇത്തരക്കാരുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യതയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇവര്‍ താമസിക്കുന്നതിന്റെ തൊട്ടടുത്ത സ്‌കൂളുകളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ വേണ്ട ക്രമീകരങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് പരിഹാര മാര്‍ഗമെന്ന് എസ് എസ് എ സര്‍ക്കാറിന് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി പഠിപ്പിക്കുകയാണ് വേണ്ടതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ നിര്‍ദേശം പി എ ബി (പ്ലാന്‍ അപ്രൂവല്‍ ബോര്‍ഡ്) അംഗീകരിച്ചിട്ടില്ല. കേരളത്തിലെ അധ്യാപക, വിദ്യാര്‍ഥി അനുപാതം പരിഗണിക്കുമ്പോള്‍ പൊതു വിദ്യാലയത്തില്‍ തന്നെ ഇവരെ പഠിപ്പിക്കാന്‍ സാധിക്കുമെന്നാണ് എസ് എസ് എ യുടെ നിലപാട്.