എസ് എഫ് ഐ മാര്‍ച്ചില്‍ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരുക്ക്

Posted on: July 12, 2013 6:00 am | Last updated: July 11, 2013 at 11:25 pm

കല്‍പ്പറ്റ: എസ് എഫ് ഐ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലിസ് ലാത്തിചാര്‍ജില്‍ മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
കലക്ടറേറ്റിനകത്തേക്ക് തള്ളിക്കയാറാന്‍ സമരക്കാര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
കെ റഫീഖ്, നിതിന്‍, ബേസില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സോളാര്‍ തട്ടിപ്പ് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ടും പ്രതിഷേധസമരം നടത്തുന്നവരെ അടിച്ചമര്‍ത്തുന്ന നിലപാടാണ് പോലിസ് സ്വീകരിക്കുന്നതെന്നാരോപിച്ചുമാണ് എസ് എഫ് ഐ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.
എ കെ ജി സെന്റര്‍ പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. കലക്ടറേറ്റിന് മുമ്പിലെത്തിയതോടെ കലക്ടറേറ്റിനകത്തേക്ക് തള്ളിക്കയറാന്‍ സമരക്കാര്‍ ശ്രമിക്കുകയായിരുന്നു.
പതിനഞ്ച് മിനിറ്റോളം പോലിസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പോലിസ് ലാത്തി വീശി. പോലിസുകാര്‍ക്ക് നേരെയും സമരക്കാരുടെ ഭാഗത്ത് നിന്നും അക്രമമുണ്ടായി. പോലിസ് മര്‍ദിച്ചുവെന്നാരോപിച്ച് സമരക്കാര്‍ ടൗണില്‍ പ്രകടനം നടത്തി.