ഇത്തിഹാദ് റെയില്‍; എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടുമായി ധാരണാ പത്രം ഒപ്പിട്ടു

Posted on: July 11, 2013 6:04 pm | Last updated: July 11, 2013 at 6:04 pm

ദുബൈ: ഇത്തിഹാദ് റെയില്‍ അതോറിറ്റി, എമിറേറ്റ്‌സ് ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സര്‍വീസസ് കോര്‍പറേഷനു(എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട്)മായി ധാരണാ പ്രത്രം ഒപ്പു വച്ചു. എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടിന്റെ സൗകര്യങ്ങള്‍ ഇതോടെ ഇത്തിഹാദ് റെയില്‍ കോര്‍പറേഷന് ലഭിക്കും.

ഇത്തിഹാദ് റെയിലുമായി ബന്ധപ്പെട്ട് ഓടുന്ന വാഹനങ്ങളുടെ അറ്റകുറ്റ പണിയും സുരക്ഷിതത്വവും ഇതില്‍ ഉള്‍പ്പെടും. ഇത്തിഹാദ് റെയില്‍ സി ഇ ഒ ഡോ. നാസര്‍ അല്‍ മന്‍സൂരിയും എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ മാനേജര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ജര്‍മാനുമാണ് ധാരണാ പത്രത്തില്‍ ഒപ്പിട്ടിരിക്കുന്നത്. റെയില്‍വേക്ക് ആവശ്യമായ വസ്തുക്കള്‍ റോഡ് മാര്‍ഗം കടത്തികൊണ്ടുപോകുന്നതിനും എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടിന്റെ അനുഭവ പരിജ്ഞാനം എത്തിഹാദ് റെയില്‍ അധികൃതര്‍ക്ക് ഇതോടെ മുതല്‍ക്കൂട്ടാവും.
കരാറിന്റെ ഭാഗമായി എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് കണ്ടയ്‌നറുകള്‍ പാട്ടത്തിന് നല്‍കും. കൊറിയര്‍ സേവനങ്ങളും ശുചീകരണ ജോലികളും സുരക്ഷാ സേവനങ്ങളും റിക്കവറി വാഹന സേവനങ്ങളുമെല്ലാം നല്‍കും. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കാന്‍ റെയില്‍വേ വിവിധ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്. പല കമ്പനികളുമായി കരാറുകളില്‍ എത്തിയിട്ടുണ്ട്. ചിലതുമായി കൂടിയാലോചന നടക്കുന്നു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി കിടയറ്റ സേവനം നല്‍കി വരുന്ന സ്ഥാപനമാണ് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് എന്ന് ഇത്തിഹാദ് റെയില്‍ സി ഇ ഒ. ഡോ. നാസര്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഉതകുന്നതാണ് ഇത്തിഹാദ് റെയില്‍ പദ്ധതിയെന്ന് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ മാനേജര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ജര്‍മാന്‍ അഭിപ്രായപ്പെട്ടു.
ഒരേ സമയം റോഡ് ഗതാഗതവും റെയില്‍ ഗതാഗതവും ഉണ്ടാവുന്നത് ഇരു മേഖലയുടെയും വികസന കുതിപ്പിന് കാരണമാവും. പല പുതിയ മേഖലകളും സാമ്പത്തികമായി വളരാനും ഇത് ഇടയാക്കും. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്ക്കരിക്കുന്നതിലും റെയില്‍ നിര്‍ണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം ഒരു പദ്ധതിയുമായി സഹകരിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷവും അഭിമാനവും തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. 30 വര്‍ഷത്തെ സേവന പാരമ്പര്യമാണ് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടിന് രാജ്യത്തുള്ളത്. മേഖലയിലെ പ്രത്യേക വൈദഗ്ധ്യവും കിടയറ്റ സാങ്കേതിക വിദഗ്ധരുമാണ് കമ്പനിയുടെ ശക്തി. റെയില്‍ പദ്ധതി പൂര്‍ത്തിയാവുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും മുഹമ്മദ് അബ്ദുല്ല വ്യക്തമാക്കി.
രാജ്യത്തിന്റെ പ്രധാന നഗരങ്ങളായ ദുബൈ, അബുദാബി, ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ തുടങ്ങിയവയെ കോര്‍ത്തിണക്കി 1,200 കിലോമീറ്ററിലാണ് ഇത്തിഹാദ് റെയില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതിനെ പിന്നീട് ജി സി സി രാജ്യങ്ങളുമായി കൂട്ടിയിണക്കാനും അധികൃതര്‍ പദ്ധതി തയ്യാറാക്കയിട്ടുണ്ട്.