ജനങ്ങളുടെ കോടതിയില്‍ ഉമ്മന്‍ ചാണ്ടി മറുപടി പറയേണ്ടി വരും: വി എസ്

Posted on: July 11, 2013 5:01 pm | Last updated: July 11, 2013 at 5:01 pm

vs press meetതിരുവനന്തപുരം: സോളാര്‍ കേസില്‍ ആരോപണ വിധേയനായിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനങ്ങളുടെ കോടതിയില്‍ മറുപടി പറയേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഈ വിഷയത്തില്‍ എന്തെങ്കിലും നിയമനടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒരു കോടതിയേയും സമീപിക്കില്ലെന്നും ജനങ്ങളുടെ കോടതി ഉമ്മന്‍ ചാണ്ടിയെ കൊണ്ട് മറുപടി പറയിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യം പുറത്തുവരാന്‍ വേണ്ടിയാണ് അധികാരത്തില്‍ തുടരുന്നതെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം തമാശയാണ്. വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ഉമ്മന്‍ ചാണ്ടി കഴിയുന്നത്. സത്യം പുറത്തുവന്നാല്‍ പൂജപ്പുരയെ ആശ്രയിക്കേണ്ടി വരുമെന്ന ഭയമാണ് ഉമ്മന്‍ ചാണ്ടിക്കുള്ളത്. തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയാണ് ഇപ്പോഴും അധികാരത്തില്‍ തുടരുന്നത്. നിരപരാധിയാണെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിട്ട് തെളിയിക്കാമല്ലോ. ജുഡീഷ്യല്‍ അന്വേഷണത്തില്‍ നിരപരാധിയാണെന്ന് കണ്ടാല്‍ വിജയശ്രീ ലാളിതനായി തിരിച്ചുവരാനും സാധിക്കുമല്ലോ എന്നും അദ്ദേഹം പറഞ്ഞു. സീസറിന്റെ ഭാര്യ സംശുദ്ധയായാല്‍ പോര, അത് ജനങ്ങള്‍ക്ക് ബോധ്യപ്പെടണമെന്നും വി എസ് പരിഹസിച്ചു.

പത്തനം തിട്ട ഡി സി സി പ്രസിഡന്റിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ സോളാര്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന് വി എസ് പറഞ്ഞു. സരിതയെ അറിയുമോ ഇല്ലെയോ എന്ന ചോദ്യത്തിന് ഉമ്മന്‍ ചാണ്ടി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. വ്യാജ കത്തില്‍ സെക്രട്ടേറിയറ്റിലെ ഫയല്‍ നമ്പര്‍ എങ്ങനെ വന്നുവെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണം. സോളാര്‍ കേസില്‍ പ്രതിപക്ഷം ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യരക്ഷാ മന്ത്രി എ കെ ആന്റണിയേയും വി എസ് വിമര്‍ശിച്ചു. ആന്റണിയുടെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ട്. ആന്റണി ഇപ്പോള്‍ മൗനം പാലിക്കുകയാണ്. ഒരു ലക്ഷം കോടിയെങ്കിലുമില്ലെങ്കില്‍ എന്ത് അഴിമതിയെന്നാണ് ആന്റണി ചോദിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

തനിക്കെതിരായ വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ചോദ്യത്തിന്, ഏത് അന്വേഷണവും വരട്ടെ, ഉമ്മന്‍ ചാണ്ടിയുടെ വിജിലന്‍സല്ലേ അന്വേഷിക്കുന്നത് എന്നായിരുന്നു വി എസിന്റെ മറുപടി.