ശ്രീധരന്‍ നായരുടെ മൊഴിമാറ്റത്തിനു പിന്നില്‍ സിപിഎം ഗൂഢാലോചന:എം.എം ഹസന്‍

Posted on: July 11, 2013 12:40 pm | Last updated: July 11, 2013 at 12:40 pm

MM HASANതിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ പരാതിക്കാരനായ ശ്രീധരന്‍ നായരുടെ മൊഴിമാറ്റത്തിനു പിന്നില്‍ സിപിഎം ഗൂഢാലോചനയാണെന്ന് കെപിസിസി വക്താവ് എം.എം ഹസന്‍. സിപിഎം നേതാക്കളായ തോമസ് ഐസക്, കോടിയേരി ബാലകൃഷ്ണന്‍, എളമരം കരീം എന്നിവരാണ് ഗൂഢാലോചന നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹസന്‍.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം സരിതയ്ക്കും കൂട്ടര്‍ക്കും ‘അങ്കിള്‍ ഭരണ’മായിരുന്നു. ഈ അങ്കിള്‍ ഭരണകാലത്ത് ഈ തട്ടിപ്പുസംഘവുമായി ബന്ധപ്പെട്ട 14 കേസുകളാണ് ആഭ്യന്തരമന്ത്രിയായിരുന്ന കൊടിയേരി ബാലകൃഷ്ണന്‍ തേച്ചുമായ്ച്ചുകളഞ്ഞത്. കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിക്കും ഇതില്‍ പങ്കുണ്ടെന്നും ഹസന്‍ ആരോപിച്ചു. ബിനീഷിന് പോലീസില്‍ ഉണ്ടായിരുന്ന സ്വാധീനം എല്ലാവര്‍ക്കുമറിയാം. ബിനീഷിന്റെ ഒത്താശയോടെ തട്ടിപ്പുസംഘത്തെ കോടിയേരി സഹായിക്കുകയായിരുന്നു. ആ കൊടിയേരിയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത് തടയാന്‍ വേണ്ടി ഇപ്പോള്‍ മുഖ്യമന്ത്രി ഇവരെ സഹായിക്കുന്നുവെന്ന് ആക്ഷേപിക്കുന്നതെന്നും ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.