Connect with us

Kannur

കെ എസ് ആര്‍ ടി സി യുടെ അപ്പര്‍ ക്ലാസ് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കാന്‍ നീക്കം

Published

|

Last Updated

കണ്ണൂര്‍:അന്തര്‍സംസ്ഥാന സര്‍വീസുകളുള്‍പ്പെടെ നടത്തുന്ന കെ എസ് ആര്‍ ടി സിയുടെ അപ്പര്‍ ക്ലാസ് സര്‍വീസുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ നീക്കം. നേരത്തെ സര്‍വീസ് നടത്തിയിരുന്ന വോള്‍വോ, എ സി ബസുകള്‍ക്ക് പകരം പുതിയ ബസുകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചതിനു പുറമെ കാലാവധി തീരാറായ ഡീലക്‌സ് ബസുകളുടെ പുതുക്കല്‍ നടപടി സ്തംഭിപ്പിക്കുന്നതുമാണ് അപ്പര്‍ക്ലാസ് സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതിനുള്ള സൂചന നല്‍കുന്നത്. ലാഭകരമായ സര്‍വീസുകളാണെങ്കില്‍പ്പോലും ഹൈടെക് ബസുകള്‍ ഇനി നിരത്തിലിറക്കേണ്ടതില്ലെന്ന നിലപാടാണ് അധികൃതര്‍ക്കുള്ളത്. അന്യ സംസ്ഥാനങ്ങളിലേക്കടക്കം ലാഭകരമായി സര്‍വീസ് നടത്തിയിരുന്ന മൂന്ന് വോള്‍വോ ബസുകളും 20 എ സി ബസുകളും കെ എസ് ആര്‍ ടി സി ഇതിനകം നിര്‍ത്തലാക്കിയിട്ടുണ്ട്.

തിരുവനന്തപുരം-ബംഗളൂരു, തിരുവനന്തപുരം-എറണാകുളം റൂട്ടുകളിലാണ് നേരത്തെ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ വോള്‍വോ സര്‍വീസ് നടത്തിയിരുന്നത്. അഞ്ച് വര്‍ഷത്തെ കാലാവധി കഴിഞ്ഞതിനുശേഷം പുതിയ ബസുകള്‍ ഈ റൂട്ടില്‍ അനുവദിക്കേണ്ടതായിരുന്നെങ്കിലും ഇതിന് കെ എസ് ആര്‍ ടി സി തയ്യാറായില്ല. ഇതോടെ ഈ ബസുകള്‍ പൂര്‍ണമായും ഒഴിവാക്കപ്പെട്ടു. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ മെട്രോ നഗരങ്ങളിലേക്കടക്കം സര്‍വീസ് നടത്തിയ 20 എസി ബസുകളും പുതുക്കി നല്‍കാന്‍ നടപടിയുണ്ടായില്ല. കാലാവധി തീരുംമുമ്പെ അറ്റകുറ്റപ്പണിയുടെ പേരു പറഞ്ഞാണ് ഇവയിലേറെയും ഒഴിവാക്കപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷമായിട്ടും എ സി ബസുകള്‍ നിരത്തിലിറക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അമ്പതോളം ഡീലക്‌സ് ബസുകള്‍ക്കും ഈ ഗതിതന്നെയാണ് വന്നുപെടാന്‍ പോകുന്നത്. കണ്ണൂര്‍-തിരുവനന്തപുരം, തിരുവനന്തപുരം-ബംഗളൂരു, ഗുരുവായൂര്‍-ബംഗളൂരു, ബത്തേരി-തിരുവനന്തപുരം തുടങ്ങിയ റൂട്ടുകളിലടക്കം 40 ഷെഡ്യൂളുകളിലായാണ് ഡീലക്‌സ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. ബസുകളുടെ കാലാവധി ഈ മാസം തീരുന്നതോടെ വിവിധ റൂട്ടുകളിലുള്ള ഡീലക്‌സ് സര്‍വീസുകള്‍ പൂര്‍ണമായും നിലക്കും. കാലാവധി തീരുന്ന മുറക്ക് തന്നെ പുതിയ ബസുകള്‍ നിരത്തിലിറക്കാന്‍ സംവിധാനമുണ്ടാകണമെന്നിരിക്കെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളൊന്നും ഇനിയും പൂര്‍ത്തിയായിട്ടില്ല. പുതിയ 50 ഡീലക്‌സ് ബസുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും എപ്പോള്‍ സര്‍വീസ് തുടങ്ങുമെന്ന് കൃത്യമായി പറയാനാകുന്നില്ല.
പഴയ ബസുകള്‍ക്ക് പകരമായി നിരത്തിലിറക്കേണ്ട ഡീലക്‌സുകളുടെ ചെയ്‌സുകള്‍ പൂര്‍ണമായും എത്തിയിട്ടില്ലെന്നു മാത്രമല്ല, വര്‍ക്ക്‌ഷോപ്പുകളിലെ അനുബന്ധ പ്രവൃത്തികളും മന്ദഗതിയിലാണ് നീങ്ങുന്നത്. പുതിയ ബസുകള്‍ പുറത്തിറക്കുമ്പോഴേക്കും ഈ റൂട്ടുകളത്രയും സ്വകാര്യ ലോബിയുടെ പിടിയിലായിരിക്കും. മാത്രമല്ല, കലക്ഷനില്ലെന്ന കാരണം പറഞ്ഞ് നിരത്തിലിറക്കുന്ന ബസുകള്‍ കെ എസ് ആര്‍ ടി സി തന്നെ പിന്‍വലിക്കുകയും ചെയ്യും. നേരത്തെ തന്നെ പല റൂട്ടുകളിലും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയരാറുണ്ടായിരുന്നു. സ്വകാര്യ ലോബികളെ സഹായിക്കാനാണ് അപ്പര്‍ ക്ലാസ് സര്‍വീസുകള്‍ ഉപേക്ഷിക്കുന്നതെന്ന പരാതിയാണ് ഉയര്‍ന്നുവരാറുള്ളത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സര്‍ക്കാറുകള്‍ പുതിയ രൂപത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ബസുകള്‍ പുറത്തിറക്കുമ്പോഴാണ് കെ എസ് ആര്‍ ടി സി ക്രമേണ അപ്പര്‍ ക്ലാസ് സര്‍വീസില്‍ നിന്നും തലയൂരുന്നത്.
കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ കേരളത്തില്‍ 20ഉം പ്രത്യേക സര്‍വീസായി 18ഉും തമിഴ്‌നാട് 41ഉം റൂട്ടുകളിലേക്ക് സര്‍വീസ് നടത്തുമ്പോള്‍ കെ എസ് ആര്‍ ടി സി കര്‍ണാടകത്തില്‍ 16 റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്. തമിഴ്‌നാട്ടിലാകട്ടെ 53 റൂട്ടുകളിലും. മികച്ച സൗകര്യമുള്ള ബസുകള്‍ ഒഴിവാക്കപ്പെടുന്നതിനാല്‍ അന്തര്‍സംസ്ഥാന റൂട്ടുകളില്‍ ഹൈടെക് സ്വകാര്യ ബസുകളിലാണ് യാത്രക്കാരേറെയും കയറിപ്പറ്റുന്നത്.
സാധാരണഗതിയില്‍ ഓര്‍ഡിനറി ബസുകളേക്കാള്‍ ലാഭം കെ എസ് ആര്‍ ടി സിക്ക് അപ്പര്‍ ക്ലാസ് സര്‍വീസിലൂടെ ലഭിക്കുമെന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ബസ് ഓടിക്കാന്‍ മാത്രം ചെലവാകുന്ന തുകയായ (വേരിയബിള്‍ കോസ്റ്റ്) 16.87 രൂപ പോലും ലഭിക്കാത്ത 1,750 ഓര്‍ഡിനറി സര്‍വീസുകളാണ് കെ എസ് ആര്‍ ടി സിക്കുള്ളത്. സ്വകാര്യ ബസുകളുമായി മത്സരിക്കേണ്ടി വരുന്നതിനാലാണ് ബാക്കിയുള്ളവക്ക് വരുമാനം കുറയുന്നത്. കെ എസ് ആര്‍ ടി സി ഓര്‍ഡിനറിയായി സര്‍വീസ് നടത്തുമ്പോള്‍ 6,000 രൂപയാണ് ശരാശരി വരുമാനം കിട്ടുന്നതെങ്കില്‍ ഇതേ സര്‍വീസ് ഫാസ്റ്റാക്കി മാറ്റിയാല്‍ ചെലവില്‍ വ്യത്യാസമില്ലാതെ 15,000 രൂപ നേടാന്‍ കഴിയുമെന്നാണ് കണക്ക്. അപ്പര്‍ ക്ലാസ് സര്‍വീസുകള്‍ പൂര്‍ണമായും ഒഴിവാക്കപ്പെട്ടാല്‍ കെ എസ് ആര്‍ ടി സിക്ക് ലഭിക്കുന്ന വരുമാനത്തെയും ഇത് കാര്യമായി ബാധിച്ചേക്കാം.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി