150 വര്‍ഷം ബ്രിട്ടീഷുകാര്‍ ജയിലായി ഉപയോഗിച്ചിരുന്ന കെട്ടിടങ്ങള്‍ തകര്‍ച്ചാഭീഷണിയില്‍

Posted on: July 11, 2013 1:07 am | Last updated: July 11, 2013 at 1:07 am

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ നടുവട്ടം സിങ്കോണയില്‍ നൂറ്റി അന്‍പത് വര്‍ഷക്കാലം ബ്രിട്ടീഷുകാര്‍ ജയിലായി ഉപയോഗിച്ചിരുന്ന കെട്ടിടങ്ങള്‍ തകര്‍ച്ചാഭീഷണിയിലായി. 1864 മുതലാണ് ഇവിടെ ജയില്‍ ആരംഭിച്ചിരുന്നത്. ബ്രിട്ടീഷുകാര്‍ പിടിച്ച് കൊണ്ടുവരുന്നവരെ ഈ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ജയിലറ, തൂക്ക് മരം, മോര്‍ച്ചറി, മരുന്ന് ഉത്പാദന ഫാക്ടറി, ഭരണ കേന്ദ്രം, റസ്റ്റ് ഹൗസ് തുടങ്ങിയവകളായിരുന്നു സിങ്കോണയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് ഉന്നത ഉദ്യോഗസ്ഥര്‍ ഇവിടെ താമസിക്കുകയും ചെയ്തിരുന്നു. നിരവധി കെട്ടിടങ്ങള്‍ ഇവിടെയുണ്ട്. മരത്താല്‍ നിര്‍മിച്ചതാണ് കൂടുതലും അന്ന് ഇവിടെ വനംപ്രദേശമായിരുന്നു. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ അന്ന് മലേറിയ രോഗം പടര്‍ന്ന് പിടിച്ചിരുന്നു. മലേറിയ ബാധിച്ച് ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. അങ്ങനെ വിദേശത്ത് നിന്നും സിങ്കോണ എന്ന പേരില്‍ അറിയപ്പെടുന്ന വൃക്ഷം ബ്രിട്ടീഷുകാര്‍ കൊണ്ട് വന്ന് നടുവട്ടത്തില്‍ വെച്ച് പിടിപ്പിച്ചിരുന്നു. മലേറിയയെ തടുക്കാന്‍ വേണ്ടിയായിരുന്നു ഇത്. സിങ്കോണയില്‍ നിന്നും പ്രത്യേകതരം ഗുളികകള്‍ തന്നെ ഇതിന് വേണ്ടി ഉത്പാദിപ്പിച്ചിരുന്നു. രോഗപ്രതിരോധത്തിന് വേണ്ടിയാണ് ഇവിടെ മരുന്ന് ഫാക്ടറി തന്നെ ആരംഭിച്ചിരുന്നത്. ബ്രിട്ടീഷുകാരുടെ കാലശേഷം ഫാക്ടറിയും അടച്ചു പൂട്ടിയിട്ടിരുന്നു. പിന്നീട് സ്വാതന്ത്ര്യത്തിന് ശേഷമാണ് ജയില്‍ ഇവിടെ നിന്നും മാറ്റിയിരുന്നത്. 1989ല്‍ ഡി എം കെയുടെ ഭരണകാലത്ത് വനംവകുപ്പ് മന്ത്രിയായിരുന്ന കെ പി കന്തസ്വാമിയാണ് പ്രസ്തുത ജയിലിന്റെ ഒരുഭാഗം ടാന്‍ടി എസ്റ്റേറ്റിന്റെ പരിധിയിലാക്കിയിരുന്നു. ഇപ്പോഴും പ്രസ്തുത സ്ഥലങ്ങള്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അധീനതയിലാണ്. പഴമ നഷ്ടപ്പെടാതിരിക്കാന്‍ പ്രസ്തുത കെട്ടിടങ്ങളുടെ അറ്റകുറ്റ പ്രവൃത്തികള്‍ നടത്തി സഞ്ചാരികള്‍ക്കും മറ്റും ഇവ കാണാനുള്ള അവസരം സൃഷ്ടിക്കണം. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ നന്നാക്കി പഴമ നിലനിര്‍ത്തുകയാണെങ്കില്‍ സഞ്ചാരികള്‍ക്ക് ഇത് വലിയ കൗതുക കാഴ്ചകളായി അവശേഷിക്കും. പ്രസ്തുത കെട്ടിടങ്ങള്‍ നന്നാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. അതേസമയം കെട്ടിടങ്ങളുടെ അറ്റകുറ്റ പ്രവൃത്തികള്‍ക്ക് വേണ്ടി എച്ച് എ ഡി പി 6 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പ്രസ്തുത തുക ഇതിന് മതിയാകില്ല. ലക്ഷങ്ങള്‍ ചെലവിട്ട് ഇത് വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയാല്‍ സര്‍ക്കാരിന് വലിയ വരുമാനം ലഭിക്കുകയും ചെയ്യും. ബ്രിട്ടീഷുകാരുടെ കാലത്ത് നടുവട്ടം മേഖലയില്‍ വാഹനസൗകര്യം ഇല്ലായിരുന്നു. കുതിരപ്പുറത്തായിരുന്നു യാത്ര.