Connect with us

Palakkad

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

Published

|

Last Updated

പാലക്കാട്: ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം. സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആവശ്യപ്പെട്ടും എം എല്‍ എമാര്‍ക്കെതിരെ പോലീസ് ആക്രമണത്തില്‍ പ്രതിഷേധിച്ചും എല്‍ ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താലില്‍ ജില്ലയില്‍ ജനങ്ങളെ ദുരിതത്തിലാക്കി. കടമ്പോളങ്ങള്‍ അടഞ്ഞുകിടന്നിരുന്നു. കെ എസ് ആര്‍ ടി സി ബസുകള്‍ സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ ഹാജര്‍ നില കുറവായിരുന്നു. സ്വകാര്യ സ്ഥാപനങ്ങളും ബേങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ ഹര്‍ത്താലിനെ ഭയന്ന് തുറന്നില്ല. എല്‍ ഡി എഫ് സംഘടനകള്‍ പാലക്കാട് നഗരത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. അതുപോലെ തന്നെ ബി ജെ പിയും ഇന്നലെ ഇതുമായ ബന്ധപ്പെട്ട് കരിദിനം ആചരിച്ചു. ജില്ലയുടെ പലഭാഗങ്ങളിലും നേതാക്കന്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

വടക്കഞ്ചേരി: എല്‍ ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മേഖലയില്‍ പൂര്‍ണം. എല്ലാ കടകമ്പോളങ്ങള്‍ അടുഞ്ഞു കിടന്നു. അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഹര്‍ത്താലിനോടനുബന്ധിച്ച് രാവിലെ 10 മണിയോടെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
സി തമ്പു, പി കെ വിശ്വനാഥന്‍, ടി ഡി വിജയന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചൊവ്വാഴ്ച വൈകീട്ട് എല്‍ ഡി എഫ്, എസ് എഫ് ഐ പ്രതിഷേധ പ്രകടനം നടത്തുമ്പോള്‍ ടൗണില്‍ സ്ഥാപിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫഌക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് റെജി കെ മാത്യുവിന്റെ പരാതിയില്‍ കുറുവായ ദേവന്‍, പൊത്തപ്പാറ ഷിബു, കണ്ണമ്പ്ര ആഷിഖ്, ഹനീഫ്, സിബിന്‍, കിഴക്കഞ്ചേരി മമ്പാട് സ്വദേശികളായ സുദേവന്‍, പ്രദീപ് ഉള്‍പ്പെടെ 10 പേരുടെ പേരില്‍ പോലീസ് കേസെടുത്തു.
എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദിനെയും സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി ദിവാകരനെയും എ ഐ വൈ എഫ് പ്രവര്‍ത്തകരെയും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.
സി പി ഐ മണ്ഡലം കമ്മിറ്റി അംഗം ടി ഡി വിജയന്‍ ഉദ്ഘാടനം ചെയ്തു. എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് ശിശര്‍ പ്രസാദ് പ്രസംഗിച്ചു. വി എ റഷീദ് അധ്യക്ഷത വഹിച്ചു. എ വി അബ്ബാസ് സ്വാഗതവും തൗഫീഖ് നന്ദിയും പറഞ്ഞു. യു ബാബു, അനില്‍, വി സ്വാമിനാഥന്‍, ശശി വണ്ടാഴി, കാജാ ഹുസൈന്‍ നേതൃത്വം നല്‍കി.
മണ്ണാര്‍ക്കാട്: സോളാര്‍ വിഷയത്തില്‍ കുറ്റാരോപിതരായ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം മണ്ഡലം പ്രസിഡന്റ് ബി മനോജ് ഉദ്ഘാടനം ചെയ്തു. എ പി സുമേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പി വേണുഗോപാല്‍, ടി വി സജി, സി ഹരിദാസ്, പി പി സത്യന്‍, എം ഷിജോഷ്, എ പി അനീഷ്, പി കെ രതീഷ് പ്രസംഗിച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും സോളാര്‍ പ്രശ്‌നത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കുമരംപുത്തൂരില്‍ സി കെ എ റഹ്മാന്‍, എന്‍ മണികണ്ഠന്‍, പി ജി ബാലന്‍, സുരേഷ്‌കുമാര്‍, സിദ്ദീഖ്, രമേഷ്, സുരേഷ്, പി പി മുസ്തഫ നേതൃത്വം നല്‍കി.
മണ്ണാര്‍ക്കാട് കെ പി മസൂദ്, ശങ്കരനാരായണന്‍, അയ്യപ്പന്‍, മന്‍സൂര്‍ നേതൃത്വം നല്‍കി. രാവിലെ മണ്ണാര്‍ക്കാടിന്റെ ചില പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഗതാഗത തടസം സൃഷ്ടിച്ചെങ്കിലും പോലീസെത്തി നീക്കം ചെയ്തു. കുമരംപുത്തൂര്‍ പഞ്ചായത്ത് ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ ഹര്‍ത്താലനുകൂലികള്‍ ആണെന്ന് സംശയിക്കുന്നവര്‍ എറിഞ്ഞുടച്ചു.
ചിറ്റൂര്‍: ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലസ്ഥലങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. ചിറ്റൂരില്‍ കോണ്‍ഗ്രസ് ഓഫീസിനു നേരെ കല്ലേറുണ്ടായി. പാട്ടികുളം, വണ്ടിത്താവളം, പട്ടഞ്ചേരി, അത്തിമണി എന്നിവിടങ്ങളിലാണ് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത്.
ചിറ്റൂര്‍ കച്ചേരിമേട്ടില്‍ നിന്നും ഇടതുമുന്നണി പ്രവര്‍ത്തകര്‍ അത്തിക്കോട്ടിലേക്ക് പ്രകടനമായി വരുന്നതിനിടെയാണ് കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായത്. ഓഫീസ് കെട്ടിടത്തിന് മുന്നിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഒരാള്‍ക്കെതിരെ ചിറ്റൂര്‍ പൊലീസ് കേസെടുത്തു. ചിറ്റൂര്‍ താലൂക്ക് ഓഫീസില്‍ ഹാജര്‍ നില കുറവായിരുന്നു. 55 ജീവനക്കാരില്‍ ഒന്‍പതുപേരാണ് ജോലിക്കെത്തിയത്. താലൂക്കിലെ മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ കുറവായിരുന്നു.
പൊള്ളാച്ചി, കോയമ്പത്തൂര്‍ ഭാഗങ്ങളില്‍ നിന്നുമെത്തിയ വാഹനങ്ങള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിര്‍ത്തിയിടേണ്ടിവന്നു. താലൂക്കില്‍ മിക്ക വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഹര്‍ത്താല്‍ പ്രഖ്യാപനമുണ്ടായ ചൊവ്വാഴ്ച വൈകീട്ട് വണ്ടിത്താവളം പള്ളിമൊക്ക്, തണ്ണീര്‍പന്തല്‍, പട്ടഞ്ചേരി എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് ബാനറുകളും ഫഌക്‌സുകളും സ്തൂപവും തകര്‍ത്തു.

 

---- facebook comment plugin here -----

Latest