ഈസ്റ്റ് ബംഗാളിനെ മുന്‍നിരയിലെത്തിക്കാന്‍ ബ്രസീലില്‍ നിന്ന് കോച്ച്

Posted on: July 11, 2013 12:58 am | Last updated: July 11, 2013 at 12:58 am

കൊല്‍ക്കത്ത: ഈസ്റ്റ്ബംഗാളിന്റെ പുതിയ കോച്ച് ബ്രസീലിയന്‍ മാര്‍കോസ് ഫലോപ ക്ലബ്ബിനൊപ്പം ചേര്‍ന്നു. ഇന്ത്യന്‍ ഫുട്‌ബോളില്‍ മുന്‍നിരയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഫലോപ പറഞ്ഞു. അതേ സമയം, ഈസ്റ്റ് ബംഗാള്‍ തനിക്ക് കീഴില്‍ ബാഴ്‌സലോണയെ പോലെ കളിക്കുമെന്ന ഉറപ്പൊന്നും നല്‍കാനാകില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി. കഴിഞ്ഞ സീസണോടെ ഇംഗ്ലീഷ് കോച്ച് ട്രെവര്‍ മോര്‍ഗന്‍ ഈസ്റ്റ്ബംഗാളിന്റെ മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞിരുന്നു.

പ്രൗഢമായൊരു ചരിത്രമുള്ള ക്ലബ്ബായതിനാലാണ് താന്‍ ഈസ്റ്റ്ബംഗാളില്‍ ചേരാന്‍ തീരുമാനിച്ചത്. വലിയ സന്തോഷം തോന്നുന്നു ഇപ്പോള്‍. ഇതെന്‍രെ പുതിയ കുടുംബമാണ്- അറുപത്തിനാലുകാരന്‍ പറഞ്ഞു. മകനായ അമേരികോ ഫലോപയും ഈസ്റ്റ്ബംഗാളിന്റെ ബാക്‌റൂം സ്റ്റാഫിലുള്‍പ്പെടുന്നു. ഫിസിക്കല്‍ ട്രെയിനര്‍-ഗോള്‍കീപ്പര്‍ കോച്ച് എന്ന നിലയിലാണ് മാര്‍കോസ് ഫലോയുടെ മകന്‍ ക്ലബ്ബില്‍ പ്രവര്‍ത്തിക്കുക.
കല്യാണി സ്റ്റേഡിയത്തില്‍ ഈ മാസം 21ന് മാര്‍കോസ് ആദ്യ ക്യാമ്പ് സംഘടിപ്പിക്കും. പതിനഞ്ച് മുതല്‍ കളിക്കാരുടെ ഫിറ്റ്‌നെസ് ടെസ്റ്റ് ആരംഭിക്കും. അമേരിക്കോ ഫലോപ ടെസ്റ്റിന് നേതൃത്വം നല്‍കും.
വിദേശ ശൈലി പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ളതിനാല്‍ ഇന്ത്യന്‍ ശൈലിയില്‍ തന്നെയാകും ഈസ്റ്റ്ബംഗാളിനെ ഒരുക്കുക. കഴിഞ്ഞ മൂന്ന് വര്‍ഷം ട്രെവര്‍ മോര്‍ഗന് കീഴില്‍ ക്ലബ്ബ് ഏറെ മെച്ചപ്പെട്ടുവെന്ന് മാര്‍കോസ് പ്രശംസിച്ചു. ബാഴ്‌സലോണയെ പോലെയോ മറ്റ് ക്ലബ്ബുകളുടെ ശൈലിയിലോ ഈസ്റ്റ്ബംഗാളിനെ തയ്യാറാക്കുക ലക്ഷ്യമല്ല. ട്രെവര്‍ മോര്‍ഗന് കീഴില്‍ അവര്‍ നന്നായി കളിച്ചു. കളിക്കാരുമായി ചര്‍ച്ച ചെയ്ത ശേഷമാകും തന്ത്രങ്ങളും ശൈലികളുമൊക്കെ തയ്യാറാക്കുക.
സെപ്തംബറില്‍ ഇന്തോനേഷ്യന്‍ ക്ലബ്ബ് സെമെന്‍ പദംഗിനെ എ എഫ് സി കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിന് സജ്ജമാക്കുകയാണ് ബ്രസീലിയന്‍ കോച്ചിന് മുന്നിലെ ആദ്യ വെല്ലുവിളി.
ഫോര്‍മേഷനെ കുറിച്ചൊന്നും ധാരണയായിട്ടില്ല. 3-5-2 അല്ലെങ്കില്‍ 4-4-2 ആണ് പരിശീലന വേളയില്‍ പ്രയോഗിക്കുക. ടീമിന്റെ മൊത്തം മാനസികാവസ്ഥയും കഴിവുമൊക്കെ വര്‍ധിപ്പിച്ചതിന് ശേഷമേ സ്ഥിരം ഫോര്‍മേഷന്‍ തയ്യാറാക്കൂ. എദേ ചിദിയെ പോലുള്ള കളിക്കാരെ കുറിച്ചൊക്കെ കേട്ടിരിക്കുന്നു. അവരില്‍ വലിയ പ്രതീക്ഷയുണ്ട്-മാര്‍കോസ് ഫലോപ ശുഭാപ്തി പ്രകടിപ്പിച്ചു.
മോഹന്‍ബഗാന്‍-ഈസ്റ്റ്ബംഗാള്‍ ഡെര്‍ബിയാണ് ഫലോപയെ അതിശയിപ്പിക്കുന്നത്. വലിയൊരു ചരിത്രമുള്ള ക്ലബ്ബാണ് ബഗാനെന്നറിയാം. ബ്രസീലിയന്‍ കോച്ച് എതിരാളികളെ ബഹുമാനത്തോടെ കാണുന്നു.
ഒമാന്‍, മ്യാന്‍മര്‍, കോണ്‍കകാഫ് മേഖല, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ക്ലബ്ബുകളെ പരിശീലിപ്പിച്ച ഫലോപ യുവേഫ പ്രൊ ലൈസന്‍സുള്ള പരിശീലകനാണ്.