Connect with us

Kerala

തനിക്കെതിരെ നടന്നത് ഗൂഢാലോചന: ജോസ് തെറ്റയില്‍

Published

|

Last Updated

കൊച്ചി: ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് പതിനേഴ് ദിവസത്തെ ഒളിവിന് ശേഷം മുന്‍മന്ത്രി ജോസ് തെറ്റയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും നാട്ടില്‍ തന്നെയുണ്ടായിരുന്നുവെന്നും അവകാശപ്പെട്ട തെറ്റയില്‍ എം എല്‍ എ സ്ഥാനം രാജിവെക്കില്ലെന്നും വ്യക്തമാക്കി. പീഡന കേസില്‍ തെറ്റയിലിന് വേണ്ടി ഹാജരാകുന്ന അഡ്വ. എം കെ ദാമോദരന്റെ കച്ചേരിപ്പടിയിലെ വസതിയിലാണ് തെറ്റയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
യുവതിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും യാതൊരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്നും തെറ്റയില്‍ പറഞ്ഞു.
മകനു വേണ്ടി പരാതിക്കാരിയെ വിവാഹം ആലോചിച്ചിട്ടില്ല. പരാതിക്കാരിയെയും കുടുംബത്തെയും തനിക്ക് വര്‍ഷങ്ങളായി അറിയാം. മണ്ഡലത്തിലെ വോട്ടര്‍മാര്‍ എന്ന നിലയിലുള്ള പരിചയമാണ്. ടി വി ചാനലുകളില്‍ വന്ന വീഡിയോ ദൃശ്യത്തില്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വ്യക്തി താങ്കളാണോ എന്ന ചോദ്യത്തിന് തെറ്റയില്‍ മറുപടി പറഞ്ഞില്ല. ഇക്കാര്യങ്ങളെല്ലാം കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറി. താന്‍ രാജി വെക്കേണ്ടതില്ലെന്നാണ് ഇടതു മുന്നണിയും തന്റെ പാര്‍ട്ടിയും ചര്‍ച്ച ചെയ്ത് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും എല്‍ ഡി എഫ് ഘടകകക്ഷിയായ സി പി ഐയും വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചതിനെക്കുറിച്ച് അറിയില്ല. താന്‍ നാട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്നും കേസ് കോടതിയിലേക്ക് പോയതു കൊണ്ടാണ് താന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതില്‍ നിന്നും വിട്ടു നിന്നതെന്നും തെറ്റയില്‍ പറഞ്ഞു. നിയമസഭയില്‍ ഹാജാരാകാതിരുന്നതിന് അദ്ദേഹം നല്‍കിയ ന്യായീകരണം സഭ രണ്ട് ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ തനിക്ക് ഇതേക്കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്നും എല്ലാ കാര്യങ്ങളും കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ് കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് തെറ്റയില്‍ ഒഴിഞ്ഞു മാറുകയായിരുന്നു.
അതേസമയം കേസിന് പിന്നില്‍ രാഷ്ടീയ ഗൂഢാലോചനയുണ്ടെന്നും ജില്ലയിലെ ഒരു മന്ത്രിയാണ് ഇതിന് പിന്നിലെന്നും തെറ്റയിലിനൊപ്പമുണ്ടായിരുന്ന സി പി എം ഏരിയാ സെക്രട്ടറി പി ജെ വര്‍ഗീസ് ആരോപിച്ചു. സി പി എം ജില്ലാ സെക്രട്ടറി ദിനേശ് മണിയെ സന്ദര്‍ശിച്ച ശേഷമാണ് തെറ്റയില്‍ അങ്കമാലിയിലേക്ക് തിരിച്ചുപോയത്.

---- facebook comment plugin here -----

Latest