പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ 10.24 കോടിയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം

Posted on: July 10, 2013 1:13 am | Last updated: July 10, 2013 at 1:13 am

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 10,24,10,000 രൂപയുടെ വികസനപദ്ധതികള്‍ക്ക് അംഗീകാരം. ജനറല്‍ വിഭാഗത്തില്‍ 3,90,35,837 രൂപയും പ്രത്യേക ഘടകപദ്ധതിയില്‍ 1,83,68,457 രൂപയും പട്ടികവര്‍ഗ ഉപപദ്ധതിക്ക് 71,000 രൂപയും മെയിന്റനന്‍സിനായി 81,25,254 രൂപയുടെയും ഗ്രാമ-ജില്ലാപഞ്ചായത്തുകളുടെയും ശുചിത്വമിഷന്‍, വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും തുക അടക്കമാണ് 10,24,10,000 രൂപക്ക് അംഗീകാരം ലഭിച്ചത്.
ഇതിന് പുറമേ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായി 450 ഓളം വീടുകളും ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും നല്‍കുന്നുണ്ട്. ജനറല്‍ വിഭാഗത്തില്‍ ലഭ്യമായ സംഖ്യയില്‍ 16,20,000 രൂപ ഉത്പ്പാദനമേഖലയ്ക്കും 15,90,000 ലക്ഷം രൂപ പശ്ചാത്തല മേഖലക്കുമാണ് വകയിരുത്തിയിരുന്നത്. ആകെ 237 പദ്ധതികളാണുള്ളത്.
11 ലക്ഷം രൂപയിലധികം പശ്ചാത്തല മേഖലക്കും 73 ലക്ഷം രൂപ സേവന ഉത്പ്പാദന മേഖലയ്ക്കുമാണ് വകയിരുത്തിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് ലഭ്യമായ മെയിന്റനന്‍സ് ഫണ്ടില്‍ 30 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ക്കും, ഏഴ് ലക്ഷം രൂപ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന്റെ എസ് ജി എസ് വൈ കെട്ടിടത്തിന്റെ അനുബന്ധസൗകര്യങ്ങള്‍ക്കും, അഞ്ച് ലക്ഷം രൂപ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനും, മേലാറ്റൂര്‍ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് നീക്കിവെച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തിന് ആംബുലന്‍സ് വാങ്ങുന്നതിനായി 10 ലക്ഷം രൂപയും, വിവിധ ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് സുഖമില്ലാതെ കിടപ്പിലായ രോഗികള്‍ക്ക് മരുന്നും, അനുബന്ധസൗകര്യങ്ങളും നല്‍കുന്നതിന് 15 ലക്ഷം രൂപയും അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ മാതൃകാ ശിശുക്ഷേമകേന്ദ്രം നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപയും അഗ്രോ സര്‍വ്വീസ് സെന്ററിന് കൊയ്ത്തുമെതി യന്ത്രം വാങ്ങുന്നതിന് 24 ലക്ഷം രൂപയും വകയിരുത്തി.
താഴെക്കോട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജാലകം പദ്ധതിക്ക് 10 ലക്ഷം രൂപയും ഗ്രാമ-ജില്ലാപഞ്ചായത്തുകളുടെയും ശുചിത്വമിഷന്‍, വിവിധകേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായി ലഭിക്കുന്ന 226 ലക്ഷം രൂപ ഉപയോഗിച്ച് വിവിധ ഗ്രാമപഞ്ചായത്തുകളിലായി ബയോഗാസ് പ്ലാന്റുകള്‍, പൈപ്പ് കമ്പോസ്റ്റുകള്‍, കമ്മ്യൂനിറ്റി ലാട്രിനുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിന് വകയിരുത്തിയിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അബൂബക്കര്‍ ഹാജി, വൈസ് പ്രസിഡന്റ് അംബുജാക്ഷി, ജോയന്റ് ബി ഡി ഒ.പി പി ഹരിദാസ്, വികസന സ്റ്റാന്‍ഡിം കമ്മിറ്റി ചെയര്‍മാന്‍ കുന്നത്ത് മുഹമ്മദ്, ചെയര്‍മാന്‍മാരായ കെ ഇ ഹംസഹാജി, സമീറ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മനോജിത്ത് പസന്ത്, അസി. എക്‌സികൂട്ടീവ് എന്‍ജിനീയര്‍ നീന, വര്‍ക്കിങ് ഗ്രൂപ്പ് അംഗം സബാഹ് പുത്തൂര്‍, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജയപ്രകാശ്, പ്ലാന്‍ കോഡിനേറ്റര്‍ ജേക്കബ് സക്കറിയ പങ്കെടുത്തു.