കണ്ണമ്പ്ര പഞ്ചായത്തില്‍ 3.55 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം

Posted on: July 10, 2013 12:30 am | Last updated: July 10, 2013 at 12:30 am

കണ്ണമ്പ്ര: പഞ്ചായത്തില്‍ 3,55,17,665 രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു. ആകെ 77 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
ഉത്പാദന മേഖലയില്‍ എട്ടും സേവന മേഖലയില്‍ 32 ഉം പശ്ചാത്തല വികസന മേഖലയില്‍ 24 ഉം പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമത്തിനായി 13 പദ്ധതികള്‍ക്കുമാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്.
സേവനമേഖലയിലാണ് ഏറ്റവും കൂടുതല്‍ ഫണ്ട് വകയിരുത്തിയിരിക്കുന്നത്. ഇ—എം—എസ്. വന നിര്‍മ്മാണ പദ്ധതി, അങ്കണ്‍വാടി കുട്ടികള്‍ക്ക് പോഷകാഹാരം, പാലിയേറ്റീവ് കെയര്‍, ആയുര്‍വേദ ഡിസ്‌പെന്‍സറിയിലേക്കുളള മരുന്നുകള്‍, പി എച്ച് സി പുനരുദ്ധാരണം, കുടിവെളള പദ്ധതികള്‍ തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി 1,31,28,142 രൂപ വകയിരുത്തിയിട്ടുണ്ട്.
റോഡ് നിര്‍മ്മാണം, തെരുവ് വിളക്ക് സ്ഥാപിക്കല്‍, ശിശുവിഹാര്‍ പുനരുദ്ധാരണം തുടങ്ങിയ പശ്ചാത്തല വികസനങ്ങള്‍ക്കായി 1,06,48,115 രൂപയും നെല്‍കൃഷി, ശാസ്ത്രീയ തെങ്ങ് കൃഷി, മൃഗാശുപത്രി കെട്ടിട നിര്‍മ്മാണം, കന്നുകുട്ടി ദത്തെടുക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഉത്പാദന മേഖലയിലെ പദ്ധതികള്‍ക്കായി 49,67,281 രൂപയും പട്ടികജാതി-വര്‍ഗ ക്ഷേമത്തിനായി 67,74,127 രൂപയും നീക്കിവെച്ചിട്ടുണ്ട്.
വിവാഹ ധനസഹായം, വീട് നിര്‍മ്മിക്കല്‍, സ്ഥലം വാങ്ങല്‍, കോളനികളിലേക്കുളള റോഡ് നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തികള്‍ക്കായി പട്ടികജാതി-പട്ടികവര്‍ഗ ഫണ്ട് വിനിയോഗിക്കും.