ജെറ്റ്- ഇത്തിഹാദ് കരാര്‍ അന്വേഷിക്കാന്‍ സി ബി ഐക്ക് നിര്‍ദേശം

Posted on: July 9, 2013 11:36 pm | Last updated: July 9, 2013 at 11:36 pm

ന്യൂഡല്‍ഹി: ജെറ്റ്- ഇത്തിഹാദ് കരാറിനെ സംബന്ധിച്ച് അന്വേഷിക്കാന്‍ സി ബി ഐക്ക് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ (സി വി സി) നിര്‍ദേശം നല്‍കി. നാല് കേന്ദ്ര മന്ത്രിമാര്‍ തിരക്കുകൂട്ടി ജെറ്റ്- ഇത്തിഹാദ് കരാര്‍ നടപ്പില്‍ വരുത്തിയെന്ന് കാണിച്ച് ഝാര്‍ഖണ്ഡില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്‌സഭാംഗം നിഷികാന്ത് ദുബെയുടെ കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സി വി സിയുടെ നിര്‍ദേശം.

ശനിയാഴ്ചയാണ് ദുബെ കത്ത് നല്‍കിയത്. ജെറ്റ് എയര്‍വേസിന് സാമ്പത്തിക ലാഭം ഉണ്ടാക്കാനാണ് യു പി എ സര്‍ക്കാറിന്റെ ശ്രമമെങ്കിലും കരാറില്‍ തിരക്കുപിടിച്ചാണ് ഒപ്പ് വെച്ചത്. രണ്ട് കരാറുകളുടെ സമയക്രമവും വ്യക്തമാക്കിയിരുന്നില്ല. ഏപ്രിലില്‍ ജെറ്റ് എയര്‍വെയ്‌സിന്റെ 24 ശതമാനം ഓഹരി ദുബൈ കമ്പനിയായ ഇത്തിഹാദിന് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് അബൂദബിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള കരാറില്‍ വ്യോമയാന മന്ത്രാലയം ഒപ്പിട്ടു.
ഇരു വിമാന കമ്പനികളും തമ്മിലുള്ള ഇടപാട് എളുപ്പമാക്കുന്നതിന,് 2008ല്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ കഴിഞ്ഞ മാര്‍ച്ച് ഒന്നിന് പ്രധാന ഭേദഗതികള്‍ വരുത്തി. ആഭ്യന്തര വിമാന കമ്പനി വിദേശ വിമാന കമ്പനിയുടെ നിയന്ത്രണത്തിലാകുന്നത് തടയുന്ന നിയമം ഒഴിവാക്കി. രണ്ടാമതായി, നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചതിനാല്‍ ആഭ്യന്തര എയര്‍ലൈന്‍സിന്റെ നടത്തിപ്പില്‍ ഇടപെടാന്‍ അധികാരമുണ്ടെന്ന് ഭേദഗതി വരുത്തി. വിദേശ കമ്പനിയുടെ സാമ്പത്തിക ക്രമീകരണങ്ങള്‍ക്കുണ്ടായിരുന്ന നിരോധം ഒഴിവാക്കിയതാണ് മൂന്നാമത്തെ ഭേദഗതി. ഇതനുസരിച്ച് മൂന്ന് ശതമാനം പലിശ നിരക്കില്‍ 30 കോടി ഡോളര്‍ വായ്പ ജെറ്റ് എയര്‍വേസിന് ലഭിക്കുമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ ന്യായമെന്നും ദുബെ അയച്ച കത്തില്‍ പറയുന്നു.
ഇങ്ങനെ തിരക്കുപിടിച്ച് മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തിയതിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമാണ്. അതിനാല്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നറിയാന്‍ സി ബി ഐ അന്വേഷണം അനിവാര്യമാണെന്ന് ദുബെ പറഞ്ഞു. അതേസമയം, ഈ വിഷയത്തില്‍ പരാതി ലഭിച്ചതായും അത് സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും സി ബി ഐ വൃത്തങ്ങള്‍ വ്യക്തമാക്കി.