ജനസേവാ കേന്ദ്രത്തില്‍ സാമ്പത്തിക തിരിമറി; പ്രൊജക്ട് മാനേജര്‍ അറസ്റ്റില്‍

Posted on: July 9, 2013 12:51 am | Last updated: July 9, 2013 at 12:51 am

കൊച്ചി: ഫ്രന്‍ഡ്‌സ് ജനസേവ കേന്ദ്രത്തില്‍ വന്‍ സാമ്പത്തിക തിരിമറി നടത്തിയ മുന്‍ പ്രൊജക്ട് മാനേജര്‍ അറസ്റ്റില്‍. വടുതല ജെ എം ഫഌറ്റ് 81ല്‍ താമസിക്കുന്ന ശശിയെയാണ് പാലാരിവട്ടം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രന്‍ഡ്‌സ് ജനസേവ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി അടക്കുന്ന പണം ബേങ്കില്‍ അടക്കണമെന്നുള്ളതാണ് നിയമം. എന്നാല്‍ സര്‍വീസ് ഓഫീസര്‍മാര്‍ പിരിക്കുന്ന പണം ഇയാള്‍ കൃത്യമായി ബേങ്കില്‍ അടക്കാതെ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് ആര്‍ഭാട ജീവിതം നയിച്ച് പോരുകയായിരുന്നു. ബേങ്ക് ജീവനക്കാര്‍ പണം എടുക്കാന്‍ വരുമ്പോള്‍ ഓരോ ഒഴിവുകള്‍ പറഞ്ഞ് അവരെ പറഞ്ഞയച്ചും പിന്നീട് ചില ദിവസങ്ങളിലെ പണം മാത്രം നല്‍കിയും തികയാതെ വരുമ്പോള്‍ അതാത് ദിവസം കൗണ്ടറുകളില്‍ നിന്ന് വാങ്ങിയുമാണ് ഇയാള്‍ തട്ടിപ്പ് മറച്ചുവെച്ചത്. പണം കൃത്യമായി അടക്കാത്തതിനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ ചോദിക്കുമ്പോഴൊക്കെ പണത്തിന്റെ ഉത്തരവാദിത്വം തനിക്കാണെന്നും അതില്‍ മറ്റാരും ഇടപെടേണ്ടെന്നും പറഞ്ഞ് അവരെ ശാസിച്ചിരുന്നു.

പുതിയ പ്രോജക്ട് മാനേജര്‍ വന്നതോടെയാണ് സ്ഥാപനത്തില്‍ നടന്നിരുന്ന സാമ്പത്തിക തിരിമറി പുറത്തായത്. ഒരു ദിവസത്തെ മാത്രം കലക്ഷന്‍ തുകയായ 15,98,626 രൂപ ബേങ്കില്‍ അടക്കാത്തതായി കണ്ടതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പല ദിവസങ്ങളിലും സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തി. എന്നാല്‍ വിശദമായി അന്വേഷണം നടത്തിയാലെ യഥാര്‍ഥ സ്ഥിതി വെളിവാകുകയുള്ളൂവെന്ന് പോലീസ് പറയുന്നു.
കമ്മീഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ഫ്രന്‍ഡ്‌സ് ജനസേവാ കേന്ദ്രത്തില്‍ കെ എസ് ഇ ബി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, വാട്ടര്‍ അതോറിറ്റി, കൊച്ചി കോര്‍പറേഷന്‍, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ബി എസ് എന്‍ എല്‍, എം ജി സര്‍വകലാശാല എന്നിവിടങ്ങളിലേക്കുള്ള ചാര്‍ജുകളും ഫീസുകളുമാണ് സ്വീകരിച്ചിരുന്നത്.
മുമ്പ് എം ജി സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ കൃത്യവിലോപം കാണിച്ചതിന് സസ്‌പെന്‍ഷനിലായിട്ടുണ്ട്. പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിഞ്ഞയുടനെ ഇയാള്‍ ജനസേവാ കേന്ദ്രത്തില്‍ അതിക്രമിച്ച് കയറി രേഖകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സസ്‌പെന്‍ഷനിലായതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയവെയാണ് ഇയാളെ പാലാരിവട്ടം എസ് ഐ. എസ് വിജയശങ്കര്‍, അഡീഷണല്‍ എസ് ഐ. പി ഷംസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.