പണം നല്‍കിയെന്ന് മന്ത്രി; പരിശീലനം മാത്രമെന്ന് ആദിവാസികള്‍

Posted on: July 9, 2013 12:26 am | Last updated: July 9, 2013 at 12:26 am

attappady- story- chithra veniyude nazhsaryതിരുവനന്തപുരം:അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് നഴ്‌സറി കൃഷി നടത്താന്‍ കൃഷി വകുപ്പ് പണം നല്‍കിയെന്ന കൃഷിമന്ത്രി കെ പി മോഹനന്റെ വാദം പൊളിയുന്നു. നഴ്‌സറി കൃഷി ആരംഭിക്കുന്നതിന് ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നും കൃഷിക്കായി ഏഴ് ദിവസത്തെ പരിശീലനം മാത്രമാണ് നല്‍കിയതെന്നും ആദിവാസികള്‍ പറയുന്നു.

കഴിഞ്ഞ മാസം 14ന് വി ശശി എം എല്‍ എയുടെ ചോദ്യത്തിന് മറുപടിയായി നിയമസഭയിലാണ് ആദിവാസികള്‍ക്ക് നഴ്‌സറി തുടങ്ങുന്നതിന് പണം അനുവദിച്ചതായി മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍, അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് നഴ്‌സറി തുടങ്ങുന്നതിന് കൃഷി വകുപ്പ് ഇതുവരെ ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് വേണ്ടി കാര്‍ഷിക മേഖലയില്‍ എത്ര പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നായിരുന്നു എം എല്‍ എയുടെ ചോദ്യം. നഴ്‌സറികള്‍ തുടങ്ങുന്നതിന് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ 18 ആദിവാസികള്‍ക്ക് നേരത്തെ പരിശീലനം നല്‍കിയിരുന്നു. ആദിവാസികള്‍ നഴ്‌സറികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് മന്ത്രി നിയമസഭയെ അറിയച്ചത്. മാത്രമല്ല, ഊരുകളില്‍ പച്ചക്കറി കൃഷി നടത്തുന്നതിന് 17 കോടി രൂപയുടെ പദ്ധതിക്ക് രൂപം നല്‍കുന്നുണ്ടെന്നും സൂചിപ്പിച്ചു.
എന്നാല്‍, ഭൂമിയുടെയും മറ്റും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചാണ് 18 പേരെ പരിശീലനത്തിന് കൃഷി വകുപ്പ് തിരഞ്ഞെടുത്തതെന്ന് പരിശീലനം നേടിയവര്‍ പറയുന്നു. രണ്ട് മാസം മുമ്പ് ഇവര്‍ക്ക് മലമ്പുഴയിലെ പരിശീലന കേന്ദ്രത്തില്‍ ഏഴ് ദിവസം തുടര്‍ച്ചയായി പരിശീലനം നല്‍കി. നഴ്‌സറി ആരംഭിക്കുന്നതിനുള്ള പണം കൃഷിവകുപ്പ് നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. പരിശീലനം ലഭിച്ച 18 പേരില്‍ അഗളി പഞ്ചായത്തില്‍നിന്ന് നാലും ഷോളയൂരില്‍നന്ന് ഏഴും ആദിവാസി യുവതികളായിരുന്നു. ബാക്കിയുള്ളവര്‍ മൂന്ന് പഞ്ചായത്തുകളില്‍നിന്നുള്ള ആദിവാസി യുവാക്കളാണ്. 40 വയസ്സില്‍ താഴെയുള്ള ആദിവാസി യുവതീയുവാക്കള്‍ക്ക് നഴ്‌സറി നടത്തുന്നതിന് കൃഷി വകുപ്പ് 70,000 രൂപ അനുവദിച്ചതായാണ് അഗളി കൃഷി ഓഫീസര്‍ നല്‍കിയ വിശദീകരണം. ഇതില്‍ നഴ്‌സറിക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് 50,000 രൂപയും ജലസേചനത്തിന് 20,000 രൂപയുമാണ്. നഴ്‌സറി തുടങ്ങണമെങ്കില്‍ ആദിവാസികള്‍ സ്വന്തമായി പണം മുടക്കണം. നഴ്‌സറികള്‍ തുടങ്ങിയെന്നു ബോധ്യപ്പെട്ടതിനുശേഷം ബില്‍ ഹാജരാക്കിയാല്‍ കൃഷി വകുപ്പിന്റെ പണം നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം പരിശീലനം ലഭിച്ചവര്‍ക്കാര്‍ക്കും സ്വന്തമായി പണം മുടക്കി നഴ്‌സറി തുടങ്ങുന്നതിന് സാമ്പത്തിക ശേഷിയില്ലെന്ന യാഥാര്‍ഥ്യം അറിഞ്ഞുകൊണ്ടാണ് കൃഷി വകുപ്പ് പദ്ധതിക്ക് തടയിടുന്നത്. പരിശീലനം ലഭിച്ച ആദിവാസികളില്‍ ഒരാളൊഴികെ മറ്റാര്‍ക്കും സ്വന്തമായി നഴ്‌സറികള്‍ ആരംഭിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അഗളി ഭൂതിവഴി ഊരിലെ ചിത്രവേണി മാത്രമാണ് കോയമ്പത്തൂര്‍ കാര്‍ഷിക സര്‍വകലാശയില്‍നിന്ന് മുരിങ്ങവിത്ത് സ്വന്തമായി വാങ്ങി ചെറിയൊരു നഴ്‌സറി തുടങ്ങിയത്. ഇതിന്റെ ബില്‍ കൃഷി വകുപ്പിന് ഹാജരാക്കിയിട്ടും ചിത്രവേണിക്ക് അഗളി കൃഷി ഓഫീസര്‍ ഇതുവരെ ഒരു രൂപ പോലും നല്‍കിയിട്ടില്ല. അതേസമയം ആദിവാസികള്‍ നഴ്‌സറി തുടങ്ങുന്നതിന് കൃഷി വകുപ്പ് തടസ്സം നില്‍ക്കുകയാണെന്ന് ആരോപണം നിലനില്‍ക്കുന്നുമുണ്ട്.
ഇതിനിടെ, കഴിഞ്ഞ മാസം ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ആനവായ്, കടുകുമണ്ണ് തുടങ്ങിയ ഊരുകളില്‍ 40,000 രൂപയുടെ പച്ചക്കറി തൈകള്‍ വിതരണം ചെയ്തിരുന്നെങ്കിലും വേനല്‍ക്കാലത്ത് വിതരണം ചെയ്ത തൈകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ കരിഞ്ഞുപോയി. പുറത്തുനിന്ന് തൈകള്‍ ഇറക്കുമതി ചെയ്ത് കൃഷി വകുപ്പിന്റെ ആദിവാസികള്‍ക്കുവേണ്ടിയുള്ള വികസന ഫണ്ട് ആരൊക്കെയോ ചേര്‍ന്ന് തട്ടിയെടുക്കുകയാണ്. പുറത്തുനിന്ന് തൈകള്‍ വാങ്ങുകവഴി ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ കൈപ്പറ്റുന്നുണ്ടെന്നും ആരോപണമുണ്ട്. മാത്രമല്ല ഇത്തരത്തില്‍ പല ആദിവാസി ഊരുകളിലും വാഴത്തൈകളും വിതരണം ചെയ്തിട്ടുണ്ട്. ഇതും പുറത്തുനിന്നുള്ള തൈകളാണ്. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ആദിവാസികള്‍ക്കുവേണ്ടിയുള്ള ഒരു കോടി രൂപയുടെ കാര്‍ഷിക പാക്കേജും പരമ്പര്യകൃഷി നടത്തുന്നതിനുള്ള മൂന്ന് കോടി രൂപയുടെ പദ്ധതിയും ഇതിനു പിന്നാലെ വരുന്നുണ്ട്. ഈ പദ്ധതികള്‍ക്കും ഇതേ ഗതിയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.