Connect with us

Editorial

ബോധ്ഗയയിലെ സ്‌ഫോടനം

Published

|

Last Updated

ബുദ്ധ തീര്‍ഥാടക കേന്ദ്രമായ ബീഹാറിലെ ബോധ്ഗയയില്‍ നടന്ന സ്‌ഫോടന പരമ്പര ഞെട്ടലുളവാക്കുന്നതാണ്. ഞായറാഴ്ച പുലര്‍ച്ചെ അരമണിക്കൂറിനിടയിലായി ഒമ്പത് സ്‌ഫോടനങ്ങളാണ് ബോധി ക്ഷേത്ര സമുച്ചയത്തിനകത്തും സമീപ പ്രദേശങ്ങളിലുമായി നടന്നത്. ആസൂത്രിതമാണ് സംഭവമെന്ന് അതിന്റെ രീതി വ്യക്തമാക്കുന്നതായും ഭീകര പ്രവര്‍ത്തകരാണ് പിന്നിലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഭിപ്രായപ്പെടുന്നു.
സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കാത്തതിനാല്‍ ഇന്ത്യന്‍ മൂജാഹിദീനിലേക്കും മാവോയിസ്റ്റുകളിലേക്കുമാണ് സംശയത്തിന്റെ മുനകള്‍ നീളുന്നത്. മ്യാന്മറില്‍ മുസ്‌ലിം വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് ബുദ്ധമതക്കാര്‍ നടത്തുന്ന ക്രൂരതകള്‍ക്ക് പ്രതികാരമായിരിക്കാം ഇന്ത്യന്‍ മുജാഹിദീനിന്റെ ലക്ഷ്യമെന്നാണ് അവരെ സംശയിക്കുന്നവരുടെ നിഗമനം. സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ ശക്തി പ്രാപിച്ചു വരുന്നതായി, ഗയയിലെ വയലുകളില്‍ ഉയര്‍ന്നു വന്ന മാവോയിസ്റ്റ് ബാനറുകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയില്‍ ബീഹാര്‍ സര്‍ക്കാറിന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി ആര്‍ കെ സിംഗാണ് ഇതുസംബന്ധിച്ച് ബീഹാര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. മാവോയിസ്റ്റുകള്‍ സംശയിക്കപ്പെടുന്നത് ഈ സാഹചര്യത്തിലാണ്.
സ്‌ഫോടന പരമ്പരയില്‍ ബി ജെ പിയുടെ ഗൂഢാലോചന സംശയിക്കേണ്ടതുണ്ടെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്റെ പക്ഷം. ഈ അടുത്ത ദിവസം ബി ജെ പി നേതാവ് അമിത് ഷാ അയോധ്യയിലെത്തി രാമക്ഷേത്രം വാഗ്ദാനം ചെയ്യുന്നു. തൊട്ടുപിന്നാലെ നരേന്ദ്ര മോഡി ബീഹാറില്‍ ബി ജെ പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ നിതീഷ് കുമാറിനെ പാഠം പഠിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. അതിനടുത്ത ദിവസം സ്‌ഫോടന പരമ്പര അരങ്ങേറുമ്പോള്‍ ഇവ തമ്മില്‍ ബന്ധമില്ലേയെന്നാണ് ദിഗ്‌വിജയ് സിംഗിന്റെ ചോദ്യം. സ്‌ഫോടനങ്ങളും നശീകരണ പ്രവര്‍ത്തനങ്ങളും നടത്തി ഉത്തരവാദിത്വം മറ്റുള്ളവരുടെ പേരില്‍ ആരോപിച്ചു രാഷ്ട്രീയ നേട്ടം കൊയ്യുന്ന അപലപനീയമായ പ്രവണത സാര്‍വത്രികമായതും ജെ ഡി യു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാര്‍ എന്‍ ഡി എ വിട്ടത് ബി ജെ പിക്കുണ്ടാക്കിയ പ്രതിസന്ധിയുമായിരിക്കണം ദിഗ്‌വിജയ് സിംഗിനെ ഇത്തരമൊരു നിഗമനത്തിലേക്ക് നയിച്ചത്. സ്‌ഫോടനം സംസ്ഥാന സര്‍ക്കാറിന്റെ പരാജയമാണെന്ന ആരോപണവുമായി, നിതീഷ്‌കുമാറിനെ നിശിതമായി വിമര്‍ശിക്കുന്ന പ്രസ്താവനകള്‍ ബി ജെ പി നടത്തുകയും ചെയ്യുന്നുണ്ട്. ബംഗളുരുവില്‍ കഴിഞ്ഞ ഏപ്രില്‍ 16ന് നടന്ന സ്‌ഫോടനവും ഇത്തരമൊരു സന്ദേഹമുയര്‍ത്തിയിരുന്നു. സംഭവത്തിന്റെ ഉത്തരവാദികളാരെന്ന് ഇതുവരെ കണ്ടെത്തിയില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ച ശേഷം ബംഗളൂരുവിലെ മല്ലേശ്വരത്തുള്ള ബി ജെ പി ആസ്ഥാനത്തിന് സമീപമുണ്ടായ സ്‌ഫോടനം സംഘ്പരിവാര്‍ രാഷ്ട്രീയ നേട്ടത്തിനു ഉപയോഗപ്പെടുത്തിയതായി ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍ സി എച്ച് ആര്‍ ഒ) തമിഴ്‌നാട് ഘടകം പ്രസിഡന്റ് അഡ്വ. ഭവാനി പി മോഹന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണസംഘം കണ്ടെത്തിയിരുന്നു. സംഭവസ്ഥലവും പരിസരവാസികളെയും പ്രതികളെയും അഭിഭാഷകരെയും അന്വേഷണ ഉദ്യോഗസ്ഥരെയും സന്ദര്‍ശിച്ച ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് സമിതി ഈ നിഗമനത്തിലെത്തിയത്.
ആളപായമോ ക്ഷേത്രത്തിന് കേടുപാടുകളോ സംഭവിച്ചിട്ടില്ലെങ്കിലും ആഗോള പ്രശസ്തവും അതീവ സുരക്ഷാ മേഖലയില്‍ സ്ഥിതിചെയ്യുന്നതുമായ ബീഹാറിലെ ബുദ്ധ തീര്‍ഥാടക കേന്ദ്രത്തിന് നേരെ നടന്ന ആക്രമണം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. അന്വേഷണം ഏറ്റെടുത്ത എന്‍ ഐ എ എ യഥാര്‍ഥ ഉത്തരവാദികളെ താമസിയാതെ പുറത്തു കൊണ്ടുവരുമെന്ന് പ്രത്യാശിക്കാം. അതോടൊപ്പം രാജ്യത്ത് തീവ്രവാദ, ഭീകര പ്രവര്‍ത്തനങ്ങളെ തടയാന്‍ വിവിധ പദ്ധതികളും കര്‍ക്കശ നിയമങ്ങളും ആവിഷ്‌കരിക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും ചെയ്തിട്ടും നിരന്തരം സ്‌ഫോടനങ്ങള്‍ അരങ്ങേറുന്നതില്‍ ആശങ്കപ്പെടേണ്ടതുമുണ്ട്. രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഭീകരവാദികളുടെ പ്രര്‍ത്തനങ്ങളെയും രഹസ്യ അജന്‍ഡകളെയും യഥാസമയം കണ്ടെത്താന്‍ കഴിയാത്തത് ലജ്ജാകരമാണ്. മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും വേണ്ടി ഫോണ്‍ കോളുകളും രഹസ്യങ്ങളും ചോര്‍ത്തുന്നതില്‍ അതീവ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ വിധ്വംസക ശക്തികളുടെ നീക്കങ്ങളെ നിരീക്ഷിക്കുന്നതില്‍ എന്തു കൊണ്ടാണ് അടിക്കടി പരാജയപ്പെടുതെന്ന ചോദ്യം പ്രസക്തമാണ്.

Latest